വലയ്ക്കുമുന്നിൽ വൻമതിൽ

image credit FIFA WORLD CUP twitter


പോളണ്ടിനോടല്ല, വോയ്‌ച്ചെക്‌ സ്‌റ്റെസ്‌നി എന്ന യന്ത്രമനുഷ്യനോട്‌ സൗദി അറേബ്യ തോറ്റുപോയി. ഗോൾവലയ്ക്കുകീഴിൽ സ്‌റ്റെസ്‌നി കെട്ടിയ ഉരുക്കുകോട്ടയിൽത്തട്ടി സൗദി എരിഞ്ഞടങ്ങി (0–-2). പെനൽറ്റി ഉൾപ്പെടെ ആകെ അഞ്ച് രക്ഷപ്പെടുത്തലുകളാണ്‌ ഈ പോളിഷ്‌ ഗോൾകീപ്പർ നടത്തിയത്‌. വമ്പൻമാരായ അർജന്റീനയെ അട്ടിമറിച്ചെത്തിയശേഷമാണ്‌ സൗദിയുടെ പതനം. ജയിച്ചാൽ ഗ്രൂപ്പ്‌ സിയിൽനിന്ന്‌ പ്രീക്വാർട്ടർ ഉറപ്പിക്കാമായിരുന്നു. പീറ്റർ സീലിൻസ്‌കി, ക്യാപ്‌റ്റൻ റോബർട്ട്‌ ലെവൻഡോവ്‌സ്‌കി എന്നിവരിലൂടെയാണ്‌ പോളണ്ട്‌ ജയമുറപ്പിച്ചത്‌. മെക്‌സിക്കോയ്‌ക്കെതിരെ കണ്ട പോളണ്ടായിരുന്നില്ല സൗദിക്കെതിരെ കളത്തിൽ. വ്യക്തമായ പദ്ധതിയുണ്ടായിരുന്നു. പ്രതിരോധവും മധ്യനിരയും തമ്മിൽ ഇണക്കമുണ്ടായിരുന്നു. ഇരുവശങ്ങളിൽനിന്നും മൂർച്ചയുള്ള ആക്രമണവുമുണ്ടായി. വലതുവശം മാറ്റി കാഷും ഇടത്‌ ബാർതോസ്‌ ബെർസിൻസ്‌കിയും ചാട്ടുളിപോലെ കുതിച്ചു. ലെവൻഡോവ്‌സ്‌കിയെയും അർകാദിയുസ്‌ മിലിക്കിനെയും ലക്ഷ്യമാക്കി ക്രോസുകൾ പറന്നു. സൗദിയാകട്ടെ അർജന്റീനയ്‌ക്കെതിരായ തന്ത്രംതന്നെ പയറ്റി. എന്നാൽ, പ്രത്യാക്രമണങ്ങൾക്ക്‌ കഴിഞ്ഞ കളിയിലെ വേഗവും ഒരുമയും ഉണ്ടായില്ല. പ്രതിരോധത്തിലും പിടിവിട്ടു. ആദ്യപകുതി അവസാനിക്കുംമുമ്പേയായിരുന്നു പോളണ്ടിന്റെ ആദ്യ ഗോൾ പിറന്നത്‌. ലെവൻഡോവ്‌സ്‌കിയുടെ മുന്നേറ്റം പൂർണമായില്ല. സൗദി ഗോളി മുഹമ്മദ് അൽ ഒവെെസ് തടഞ്ഞു. പന്ത്‌ പിടിച്ചെടുത്ത ബാഴ്‌സലോണക്കാരൻ, സീലിൻസ്‌കിക്ക്‌ നൽകി. അനായാസം സൗദി വല കുലുങ്ങി. പോളിഷ്‌ നിരയിലെ 10 കളിക്കാരെയും മറികടന്ന്‌ പലവട്ടം സൗദി മുന്നേറ്റം ഗോൾമുഖത്ത്‌ എത്തിയെങ്കിലും ആ വാതിലുകൾ തുറന്നില്ല. സ്‌റ്റെസ്‌നി പാറപോലെനിന്നു. പന്തിന്റെ വരവ്‌ കൃത്യമായി മനസ്സിലാക്കുന്നതിലായിരുന്നു മിടുക്ക്‌. അതിനനുസരിച്ച്‌ തെറ്റാത്ത ചാട്ടവും. ഇരുകൈകളും ചിറകിനെപ്പോലെയായിരുന്നു. ഏതുവശത്തും അനായാസം അത്‌ ചലിച്ചു. അർജന്റീനയ്‌ക്കെതിരെ വിജയഗോൾ കുറിച്ച സൗദി ക്യാപ്‌റ്റൻ സലേം അൽ ദോസരിയുടെ പെനൽറ്റി തടുത്താണ്‌ തുടങ്ങിയത്‌. ഇടവേളക്ക്‌ പിരിയുന്നതിനുമുമ്പുള്ള പരിക്കുസമയം. ക്രിസ്റ്റ്യൻ ബെലിക്ക്‌ ബോക്‌സിൽ സലേഹ്‌ അൽ ഷെഹ്‌രിയെ വീഴ്‌ത്തി. കിക്കെടുക്കാൻ വിശ്വസ്തനായ നായകൻ സലേം അൽ ദോസരി. ഇടതുവശത്തേക്ക്‌ താഴ്‌ന്നുവന്ന പന്തിനെ സ്‌റ്റെസ്‌നി ചാടിതടുത്തു. പന്ത്‌ മുഹമ്മദ്‌ അൽബുരായ്‌ക്കിന്റെ അടുത്തേക്ക്‌. മുന്നിൽ ഗോളിയും പോസ്റ്റുംമാത്രം. അൽബുരായ്‌ക്ക്‌ ആഞ്ഞടിച്ചു. വീണുകിടന്നിരുന്ന സ്‌റ്റെസ്‌നി നിമിഷനേരത്തിനുള്ളിൽ എഴുന്നേറ്റ്‌ ഇടതുവശത്തേക്ക്‌ ചാടി പന്ത്‌ തട്ടിയകറ്റി. എഡ്യുക്കേഷൻ സിറ്റി സ്‌റ്റേഡിയമാകെ നിശബ്ദരായി. ഇടവേള കഴിഞ്ഞ്‌ സൗദി ആക്രമണം ശക്തിപ്പെടുത്തി. എന്നാൽ വിട്ടുകൊടുക്കാൻ സ്‌റ്റെസ്‌നി തയ്യാറായിരുന്നില്ല. പേളണ്ട്‌ പ്രതിരോധം മുറുക്കി. സൗദിയുടെ ശ്രമങ്ങളെല്ലാം വിഫലമായി. കളിയവസാനം സൗദി താരം അബ്‌ദുള്ള അൽമാകിയുടെ പിഴവിൽനിന്നാണ്‌ ലെവൻഡോവ്‌സ്‌കി ലക്ഷ്യംകണ്ടത്‌. ഇതോടെ സൗദി തളർന്നു. തോൽവി ഉറപ്പാക്കി അവർ. Read on deshabhimani.com

Related News