ഇരട്ടസെഞ്ചുറിയിൽ വില്യംസൺ, നിക്കോൾസ്‌

www.facebook.com/blackcapsfan/photo


വെല്ലിങ്‌ടൺ> കെയ്‌ൻ വില്യംസന്റെ റണ്ണടി തുടരുന്നു. ശ്രീലങ്കയ്‌ക്കെതിരായ രണ്ടാം ക്രിക്കറ്റ്‌ ടെസ്‌റ്റിൽ ഇരട്ടസെഞ്ചുറി കുറിച്ച വില്യംസൺ ന്യൂസിലൻഡിന്‌ മികച്ച സ്‌കോറൊരുക്കി. ഹെൻറി നിക്കോൾസും ഇരട്ടസെഞ്ചുറി നേടിയപ്പോൾ കിവികൾ നാലിന്‌ 580 റണ്ണിന്‌ ഒന്നാം ഇന്നിങ്‌സ്‌ ഡിക്ലയർ ചെയ്‌തു. രണ്ടാംദിനം മറുപടിക്കെത്തിയ ലങ്കയ്‌ക്ക്‌ 26 റണ്ണിനിടെ രണ്ട്‌ വിക്കറ്റ്‌ നഷ്ടമായി. വില്യംസൺ 296 പന്തിൽ 215 റണ്ണടിച്ചു. നിക്കോൾസ്‌ 240 പന്തിൽ 200 റണ്ണുമായി പുറത്താകാതെ നിന്നു. അവസാനഘട്ടത്തിൽ ഏകദിന ശൈലിയിലാണ് ഇരുവരും ബാറ്റ്‌ വീശിയത്‌. രണ്ട്‌ സിക്‌സറും 23 ഫോറും വില്യംസന്റെ ഇന്നിങ്‌സിൽ ഉൾപ്പെട്ടു. നിക്കോൾസ്‌ നാല്‌ സിക്‌സറും 15 ഫോറും പായിച്ചു. ഇരുവരും മൂന്നാം വിക്കറ്റിൽ 363 റൺ അടിച്ചുകൂട്ടി. വില്യംസന്റെ ആറാം ഇരട്ടസെഞ്ചുറിയാണിത്‌. തുടർച്ചയായ മൂന്നാംസെഞ്ചുറിയും. ടെസ്‌റ്റിൽ എട്ടായിരം റണ്ണും തികച്ചു. Read on deshabhimani.com

Related News