ട്വന്റി20 ക്രിക്കറ്റ്‌ ; റണ്ണൊഴുക്കിൽ ദക്ഷിണാഫ്രിക്ക

image credit icc twitter


സെഞ്ചൂറിയൻ റണ്ണിന്‌ റണ്ണ്‌, സിക്‌സറിന്‌ സിക്‌സർ, സെഞ്ചുറിക്ക്‌ സെഞ്ചുറി. 517 റണ്ണൊഴുകിയ ട്വന്റി20 ക്രിക്കറ്റ്‌ പോരിൽ വെസ്‌റ്റിൻഡീസിനെതിരെ ദക്ഷിണാഫ്രിക്കയ്ക്ക്‌ ആറ്‌ വിക്കറ്റ്‌ ജയം. സ്‌കോർ പിന്തുടർന്ന്‌ നേടുന്ന ഏറ്റവും വലിയ വിജയമാണിത്‌. പരമ്പര 1–-1 സമനിലയിലായി. അവസാന മത്സരം നാളെ നടക്കും. സ്‌കോർ: വിൻഡീസ്‌ 5–-258, ദക്ഷിണാഫ്രിക്ക 4–-259 (18.5). വിൻഡീസ്‌ പറത്തിയത്‌ 22 സിക്‌സറും 17 ഫോറും. ഏഴ്‌ പന്ത്‌ ബാക്കിയിരിക്കെ കളി ജയിക്കാൻ ദക്ഷിണാഫ്രിക്ക തൊടുത്തത്‌ 13 സിക്‌സറും 29 ഫോറും. ആദ്യം ബാറ്റ്‌ ചെയ്‌ത്‌ വിൻഡീസ്‌ നേടിയത്‌ ട്വന്റി20യിലെ ഉയർന്ന ഏഴാമത്തെ സ്‌കോർ. ജോൺസൺ ചാൾസ്‌ 46 പന്തിൽ 118 റണ്ണടിച്ചു, 10 ഫോറും 11 സിക്‌സറും. 39 പന്തിലായിരുന്നു സെഞ്ചുറി. വേഗമേറിയ നാലാമത്തെ 100. കെയ്‌ൽ മയേഴ്‌സ്‌ 27 പന്തിൽ 51 റണ്ണുമായി പിന്തുണച്ചു. 18 പന്തിൽ 41 റണ്ണുമായി റൊമാരിയോ ഷെഫേഴ്‌സ്‌ സ്‌കോർ ഉയർത്തി. ദക്ഷിണാഫ്രിക്കൻ മറുപടി സ്‌ഫോടനാത്മകമായിരുന്നു. കന്നി സെഞ്ചുറിയുമായി കളിയിലെ താരമായ ഓപ്പണർ ക്വിന്റൺ ഡി കോക്ക്‌ 44 പന്തിൽ 100 റണ്ണടിച്ചു. ഒമ്പത്‌ ഫോറും എട്ട്‌ സിക്‌സറും ബാറ്റിലുണ്ടായി. റീസ ഹെൻഡ്രിക്‌സുമൊത്ത്‌ (28 പന്തിൽ 68) 10.5 ഓവറിൽ അടിച്ചുകൂട്ടിയത്‌ 152 റൺ. ദക്ഷിണാഫ്രിക്കൻ വിജയത്തിന്‌ ഈ ഓപ്പണിങ് കൂട്ടുകെട്ട്‌ അടിത്തറയായി. ക്യാപ്‌റ്റൻ എയ്‌ദൻ മർക്രവും (38) ഹെൻറിച്ച്‌ ക്ലാസെനും (16) പുറത്താകാതെ റെക്കോർഡ്‌ വിജയത്തിലേക്ക്‌ നയിച്ചു. ദക്ഷിണാഫ്രിക്കയുടെ 259 റൺ ട്വന്റി20യിലെ ആറാമത്തെ ഉയർന്ന സ്‌കോറാണ്‌. Read on deshabhimani.com

Related News