‘ഞങ്ങൾ തയ്യാർ, 
നിങ്ങളോ’



മനാമ സമാനതകളില്ലാത്ത ഒരുക്കത്തിലാണ്‌ ഖത്തർ. ആവേശവും ആരവവും എങ്ങും പ്രകടം. കളിക്കമ്പവുമായി എത്തുന്ന 12 ലക്ഷം ആരാധകർക്ക് ഏറ്റവുംമികച്ച അനുഭവം സമ്മാനിക്കാനാണ് രാജ്യം തയ്യാറെടുക്കുന്നത്. രാജ്യത്തെത്തുന്ന എല്ലാവർക്കും യാത്രയ്ക്കുമുമ്പ്‌ കോവിഡ് പരിശോധന നിർബന്ധം. ആറ് വയസ്സിനുമുകളിലുള്ള എല്ലാ സന്ദർശകരും ഖത്തറിലേക്ക് പുറപ്പെടുന്നതിന് 48 മണിക്കൂറിനുള്ളിൽ നടത്തിയ പിസിആർ പരിശോധനയുടെയോ 24 മണിക്കൂറിനിടെ നടത്തിയ റാപ്പിഡ് ആന്റിജൻ ടെസ്റ്റിന്റെയോ നെഗറ്റീവ് ഫലം ഹാജരാക്കണം. കോവിഡ് ഉള്ളവർമാത്രം സമ്പർക്കവിലക്കിൽ കഴിഞ്ഞാൽ മതി. എല്ലാ സന്ദർശകരും ആരോഗ്യ ഇൻഷുറൻസ് എടുക്കണം. പതിനെട്ട്‌ വയസ്സിനുമുകളിലുള്ള എല്ലാ സന്ദർകശകരും മൊബൈലിൽ ഇഹ്തിറാസ് ആപ് ഇൻസ്‌റ്റാൾ ചെയ്യണം. ഇൻഡോർ സ്‌റ്റേഡിയങ്ങൾ ഉൾപ്പെടെയുള്ള അടച്ചിട്ട സ്ഥലങ്ങളിൽ പ്രവേശിക്കാൻ ഈ ആപ്പിലെ പച്ച സ്റ്റാറ്റസ് നിർബന്ധം. പൊതുഗതാഗതം, ആരോഗ്യകേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ മാസ്‌ക് ധരിക്കണം. നവംബർ ഒന്നുമുതൽ ഡിസംബർ 22 വരെ സന്ദർശകവിസയ്ക്ക്‌ ഖത്തർ താൽക്കാലിക വിലക്ക് ഏർപ്പെടുത്തി. ലോകകപ്പിനെത്തുന്ന കാണികൾക്ക് ഫാൻ ഐഡിയായ ഹയാ കാർഡ് വഴിയായിരിക്കും പ്രവേശനം. ഹയാ സേവനകേന്ദ്രം ഒക്‌ടോബർ ഒന്നിന് തുറക്കും. ഹയാ കാർഡ് ഉടമകൾക്ക് റാപിഡ് ആന്റിജൻ ടെസ്റ്റ് ഉൾപ്പെടെ പൊതുജന ആരോഗ്യസേവനം പൂർണമായി ലഭ്യമാകും. 28 സർക്കാർ ആശുപത്രികളിലും 100 സ്വകാര്യ ആശുപത്രികളിലും ഇത് ലഭ്യമാകും. കൂടാതെ, എല്ലാ ഫാൻ സോണുകളിലും പരിശോധനാ ബൂത്ത് ഒരുക്കും. ഹയാ കാർഡിൽ മാച്ച് ടിക്കറ്റില്ലാതെ 500 റിയാൽവീതം ഫീസ് അടച്ചാൽ മൂന്നുപേരെ കൊണ്ടുവരാം. 12 വയസ്സിനുതാഴെയുള്ളവർക്ക് ടിക്കറ്റില്ല. കെട്ടിടങ്ങൾ, ബസ്, മെട്രോ ട്രെയിൻ സ്റ്റേഷൻ എന്നിവിടങ്ങളിലെല്ലാം  പ്രധാനതാരങ്ങളുടെ കൂറ്റൻ ചിത്രങ്ങൾ നിറഞ്ഞു. ടീമുകളുടെ കൊടിതോരണങ്ങളാലും അലങ്കരിച്ചു. ലോകകപ്പ് ടിക്കറ്റെടുക്കുന്ന ആരാധകരിലെ ഭാഗ്യവാന് 64 മത്സരങ്ങളും കാണാനും വിഐപി പരിവേഷത്തോടെ യാത്രചെയ്യാനും അവസരമൊരുക്കുന്ന സൂപ്പർ ബമ്പർ അധികൃതർ പ്രഖ്യാപിച്ചിട്ടുണ്ട്. ലോകകപ്പ് ഫുട്‌ബോളിൽനിന്നുള്ള ലാഭം 1700 കോടി ഡോളറിൽ എത്തുമെന്ന്‌ പ്രതീക്ഷിക്കുന്നതായി ഖത്തർ ലോകകപ്പ് സിഇഒ നാസർ അൽ ഖാതർ പറഞ്ഞു. Read on deshabhimani.com

Related News