മൂല്യത്തിൽ മുന്നിൽ റയൽ മാഡ്രിഡ്‌



മാഡ്രിഡ്‌ കോവിഡ്‌ ഉണ്ടാക്കിയ സാമ്പത്തിക പ്രതിസന്ധിക്കിടയിലും ലോകത്തെ ഏറ്റവും മൂല്യമുള്ള ഫുട്‌ബോൾ ക്ലബ്‌ എന്ന നേട്ടം റയൽ മാഡ്രിഡ്‌ നിലനിർത്തി. എങ്കിലും വരുമാനത്തിൽ ഗണ്യമായ കുറവുണ്ടായി. മറ്റൊരു സ്‌പാനിഷ്‌ ക്ലബ്‌ ബാഴ്‌സലോണ രണ്ടാംസ്ഥാനത്ത്‌ തുടർന്നു. ഇംഗ്ലീഷ്‌ പ്രീമിയർ ലീഗ്‌ ക്ലബ്ബുകളായ മാഞ്ചസ്‌റ്റർ യുണൈറ്റഡ്‌, ലിവർപൂൾ, മാഞ്ചസ്‌റ്റർ സിറ്റി ക്ലബ്ബുകളാണ്‌ തൊട്ടുപിന്നിൽ. റയലിന്‌  12483 കോടി രൂപയുടെ മൂല്യമുണ്ട്‌. 13.8 ശതമാനം കുറഞ്ഞു. ഏകദേശം 2000 കോടി രൂപയുടെ കുറവ്‌. ബാഴ്‌സയുടെ മൂല്യം 12422 കോടി രൂപയാണ്‌. 1353 കോടി രൂപയുടെ വർധനവുണ്ടായി ബാഴ്‌സയ്‌ക്ക്‌. മൂന്നാമതുള്ള മാഞ്ചസ്‌റ്റർ യുണൈറ്റഡിന്‌ നഷ്ടമാണ്‌. 11549 കോടി രൂപയാണ്‌ മൂല്യം. 1388 കോടി രൂപ കുറഞ്ഞു.10.7 ശതമാനമാണ്‌ മൂല്യം കുറഞ്ഞത്‌. നാലാം സ്ഥാനത്തേക്ക്‌ കയറിയ ലിവർപൂൾ നേട്ടമുണ്ടാക്കി. 11092 കോടി രൂപയാണ്‌ ഇംഗ്ലീഷ്‌ പ്രീമിയർ ലീഗ്‌ ചാമ്പ്യൻമാരുടെ മൂല്യം. ആറ്‌ ശതമാനം വർധന. അഞ്ചാമതുള്ള സിറ്റിക്ക്‌ 9880 കോടി രൂപയാണ്‌ മൂല്യം. 10.4 ശതമാനം കുറഞ്ഞു. ജർമൻ ലീഗ്‌ ചാമ്പ്യൻമാരായ ബയേൺ മ്യൂണിക്കിന്‌ കനത്ത നഷ്ടമാണ്‌. 19.6 ശതമാനം മൂല്യം ഇടിഞ്ഞു. ഏകദേശം 2261 കോടി രൂപയുടെ കുറവ്‌. ഫ്രഞ്ച്‌ ലീഗ്‌ വമ്പൻമാരായ പിഎസ്‌ജി, ഇംഗ്ലീഷ്‌ ക്ലബ്ബുകളായ ചെൽസി, ടോട്ടനം ഹോട്‌സ്‌പർ, അഴ്‌സണൽ ക്ലബ്ബുകളും ആദ്യ പത്തിലുണ്ട്‌. ലോകത്തെ പല ക്ലബ്ബുകളുടെയും മൂല്യത്തിൽ കനത്ത ഇടിവുണ്ടായി. കോവിഡ്‌ ഉണ്ടാക്കിയ പ്രതിസന്ധിയാണ്‌ കാരണം. ആറ്‌ വർഷത്തിനിടെ ആദ്യമായാണ്‌ ഇത്രയും നഷ്ടം സംഭവിക്കുന്നത്‌. Read on deshabhimani.com

Related News