സ്‌പാനിഷ്‌ ഫുട്‌ബോൾ : മുന്നിൽക്കയറി റയൽ



മാഡ്രിഡ്‌ സ്‌പാനിഷ്‌ ഫുട്‌ബോൾ ലീഗിൽ നിർണായക ജയവുമായി റയൽ മാഡ്രിഡ്. എസ്‌പാന്യോളിനെ ഒരു ഗോളിന്‌ കീഴടക്കി. ജയത്തോടെ ഒന്നാമതെത്തി റയൽ. ‌ബാഴ്‌സലോണയുമായി രണ്ട്‌ പോയിന്റ്‌ ലീഡും പിടിച്ചു സിനദിൻ സിദാന്റെ സംഘം. 32 കളികളിൽ റയലിന്‌ 71ഉം ബാഴ്‌സയ്‌ക്ക്‌ 69ഉം പോയിന്റാണ്‌. ആറ്‌ കളികളാണ്‌ ഇനി ബാക്കിയുള്ളത്‌. കഴിഞ്ഞ കളിയിൽ സമനില വഴങ്ങിയ ബാഴ്‌സ  ഇന്ന്‌ ശക്തരായ അത്‌ലറ്റികോ മാഡ്രിഡിനെ നേരിടും. ജയം ഉറപ്പിച്ചില്ലെങ്കിൽ കിരീടപ്രതീക്ഷകൾക്ക്‌ തിരിച്ചടിയാകും. ലീഗിലെ അവസാനക്കാരായ എസ്‌പാന്യോളിനെതിരെ റയലിന്‌ മിന്നാനായില്ല. മുന്നേറ്റനിര വിയർത്തു. ഏദെൻ ഹസാർഡ്‌–-കരീം ബെൻസെമ–-ഇസ്‌കോ ത്രയത്തിനെ എസ്‌പാന്യോൾ പ്രതിരോധം തളച്ചു. പന്തിൽ നിയന്ത്രണമുണ്ടായിട്ടും ഗോളകന്നു. ഇടവേളയ്‌ക്ക്‌ പിരിയുംമുമ്പേ കാസെമിറോയാണ്‌ റയലിന്‌ കൊതിച്ച മുഹുർത്തം സമ്മാനിച്ചത്‌. ബെൻസെമയുടെ ഗംഭീരമായ പാസിൽനിന്നായിരുന്നു ഗോൾ പിറന്നത്‌. ബോക്‌സിൽ എസ്‌പാന്യോൾ പ്രതിരോധക്കാരന്റെ കാലിനിടയിലൂടെ പിന്നോട്ട്‌ പന്ത്‌ നീട്ടി. കാസെമിറോയിലേക്ക്‌. ബ്രസീലുകാരൻ തൊടുത്തു. റയൽ ആഘോഷിച്ചു. രണ്ടാംപകുതി വീണ്ടും വലകുലുക്കാനുള്ള റയൽ നീക്കങ്ങൾ വിജയകരമായില്ല. സീസണിലെ മൂന്നാം പരിശീലകനുമായാണ്‌ എസ്‌പാന്യോൾ കളിക്കിറങ്ങിയത്‌. സ്‌പോർടിങ്‌ ഡയറക്ടർ ഫ്രാൻനിസ്‌കോ റുഫെറ്റെയാണ്‌ പരിശീലകസ്ഥാനം ഏറ്റെടുത്തത്‌. നൗകാമ്പിലാണ്‌ ബാഴ്‌സ അത്‌ലറ്റികോയുമായി ഏറ്റുമുട്ടുന്നത്‌. സെൽറ്റ വിഗോയോട്‌ അവസാന നിമിഷം സമനില വഴങ്ങിയാണ്‌ ബാഴ്‌സ എത്തുന്നത്‌. അത്‌ലറ്റികോയാകട്ടെ മികച്ച പ്രകടനത്തിലാണ്‌. തുടർച്ചയായി നാല്‌ കളികൾ ജയിച്ചു. രാത്രി 1.30ന്‌ ഫെയ്‌സ്‌ബുക്കിൽ തത്സമയം കാണാം. Read on deshabhimani.com

Related News