ചാമ്പ്യൻമാരുടെ തേരോട്ടം, ഫ്രാൻസ്‌ പ്രീക്വാർട്ടറിലേക്ക്‌

ഡെൻമാർക്കിനെതിരെ ഗോൾ നേടിയ കിലിയൻ എംബാപ്പയെ എടുത്തുയർത്തുന്ന തിയോ ഹെർണാണ്ടസ്


  ദോഹ കിലിയൻ എംബാപ്പെ ഒരിക്കൽക്കൂടി ജ്വലിച്ചു. രണ്ട്‌ തകർപ്പൻ ഗോളുകൾകൊണ്ട്‌ എംബാപ്പെ ഫ്രാൻസിനെ ഖത്തർ ലോകകപ്പിന്റെ പ്രീക്വാർട്ടറിലേക്ക്‌ നയിച്ചു. ഡെൻമാർക്കിനെ 2–-1ന്‌ കീഴടക്കിയാണ്‌ ചാമ്പ്യൻമാരുടെ തേരോട്ടം. ഈ ലോകകപ്പിൽ രണ്ട്‌ കളിയിൽ മൂന്ന്‌ ഗോളായി എംബാപ്പെക്ക്‌. രണ്ട്‌ ലോകകപ്പിൽനിന്നായി ഏഴാംഗോളാണ്‌ ഇരുപത്തിമൂന്നുകാരൻ സ്വന്തമാക്കിയത്‌. ലോകകപ്പിൽ 25 വയസ്സിനുമുമ്പ്‌ ഏഴോ അതിലധികമോ ഗോൾ നേടുന്ന രണ്ടാമത്തെ കളിക്കാരനാണ്‌ എംബാപ്പെ. ബ്രസീൽ ഇതിഹാസം പെലെമാത്രമാണ്‌ ഇതിനുമുമ്പ്‌ ഈ നേട്ടംകുറിച്ചത്‌. ഒരു കലണ്ടർ വർഷത്തിൽ രാജ്യത്തിനും ക്ലബ്ബിനുമായി 50 ഗോളും തികച്ചു. രാജ്യാന്തര ഫുട്‌ബോളിൽ ആകെ 31 ഗോളുമായി. ആദ്യകളിയിൽ ഓസ്‌ട്രേലിയയെ 4–-1ന്‌ തകർത്ത ഫ്രാൻസ്‌ ഡെൻമാർക്കിനുമുന്നിൽ ആദ്യഘട്ടത്തിൽ പൂർണമായും മിന്നിയില്ല. എംബാപ്പെയുടെ അതിവേഗത്തെ ഡെൻമാർക്ക്‌ പ്രതിരോധം സാഹസപ്പെട്ട്‌ തടഞ്ഞു. ഇതിനിടെ ഗ്രീസ്‌മാൻ ഒരു സുവർണാവസരം പാഴാക്കി. ഏറെസമയം പിടിച്ചുനിൽക്കാനായില്ല ഡെൻമാർക്കിന്‌. ഇടവേളയ്‌ക്കുള്ള ആദ്യ നിമിഷങ്ങളിൽതന്നെ ഫ്രാൻസ്‌ നയം വ്യക്തമാക്കി. എംബാപ്പെയും അഡ്രിയാൻ റാബിയറ്റുമായിരുന്നു അപകടകാരികൾ. ഉസ്‌മാൻ ഡെംബലെയും അപകടം വിതച്ചു. എന്നാൽ ഇടതുബാക്കായി കളിച്ച തിയോ ഹെർണാണ്ടസായിരുന്നു കളിയെ ഫ്രാൻസിന്റെ കാലുകളിൽ ഉറപ്പിച്ചത്‌. ഹെർണാണ്ടാസ്‌–-എംബാപ്പെ സഖ്യം പന്ത്‌ തൊട്ടപ്പോഴെല്ലാം ഡെൻമാർക്ക്‌ പ്രതിരോധം വിറച്ചു. ആദ്യഗോൾ മനോഹരമായിരുന്നു. ഹെർണാണ്ടസിന്റെ നീട്ടയടിച്ച പന്തുമായി ഇടതുവശത്തിലൂടെ എംബാപ്പെ കുതിച്ചു. ഹെർണാണ്ടസ്‌ ഓടിയെത്തി. പന്ത്‌ കൈമാറ്റത്തിനൊടുവിൽ ബോക്‌സിൽവച്ച്‌ എംബാപ്പെയുടെ മിന്നുന്ന ഷോട്ട്‌ ഡെൻമാർക്ക്‌ ഗോൾ കീപ്പർ കാസ്‌പെർ ഷ്‌മൈക്കേലിനെ മറികടന്നു. ആൻഡ്രിയാസ്‌ ക്രിസ്‌റ്റെൻസണിലൂടെ ഡെൻമാർക്ക്‌ പെട്ടെന്ന്‌ ഗോൾ മടക്കി. എന്നാൽ കളി തീരാൻ നിമിഷങ്ങൾ ശേഷിക്കെ കിങ്‌സ്‌ലി കൊമാൻ തൊടുത്ത ക്രോസിൽ ഫ്രാൻസിന്റെ ജയം ഉറപ്പാക്കി. പ്രീ ക്വാർട്ടറും. അവസാന കളിയിൽ ടുണീഷ്യയാണ്‌ എതിരാളികൾ. Read on deshabhimani.com

Related News