കന്നിക്കപ്പിൽ മുംബൈ ; പ്രഥമ വനിതാ പ്രീമിയർ ലീഗ് ക്രിക്കറ്റിൽ മുംബെെ ഇന്ത്യൻസിന് കിരീടം

image credit wpl twitter


മുംബൈ വനിതകൾക്കായുള്ള ആദ്യത്തെ ക്രിക്കറ്റ്‌ പ്രീമിയർ ലീഗ്‌ കിരീടം മുംബൈ ഇന്ത്യൻസിന്‌. ഫൈനലിൽ ഡൽഹി ക്യാപിറ്റൽസിനെ ഏഴ്‌ വിക്കറ്റിന്‌ തോൽപ്പിച്ചു. സ്‌കോർ: ഡൽഹി 9–-131, മുംബൈ 3–-134 (19.3) അർധ സെഞ്ചുറി നേടിയ ഇംഗ്ലീഷ്‌ ബാറ്റർ നാറ്റ്‌ സ്‌കീവർ ബ്രുന്റ്‌ മുംബൈയുടെ വിജയമൊരുക്കി. ഏഴ്‌ ഫോറടിച്ച സ്‌കീവർ 55 പന്തിൽ 60 റണ്ണുമായി പുറത്താകാതെ നിന്നു. മെലി കെറായിരുന്നു (14) ഒപ്പം. അവസാന ഓവറിൽ ജയിക്കാൻ അഞ്ച്‌ റൺ മതിയായിരുന്നു. ജയിക്കാൻ ആവശ്യമായ ചെറിയ ലക്ഷ്യത്തിലേക്കുള്ള മുംബൈയുടെ തുടക്കം നന്നായില്ല. ഓപ്പണർമാരായ ഹെയ്‌ലി മാത്യൂസും (13) യസ്‌തിക ഭാട്യയും (4) വേഗം പുറത്തായി. നാറ്റ്‌ സ്‌കീവർ ബ്രുന്റും ക്യാപ്‌റ്റൻ ഹർമൻപ്രീത്‌ കൗറും ചേർന്നാണ്‌ വിജയത്തിന്‌ അടിത്തറയിട്ടത്. മൂന്നാംവിക്കറ്റിൽ ഇവർ 109 റണ്ണടിച്ചു. 39 പന്തിൽ 37 റണ്ണെടുത്ത ഹർമൻപ്രീത്‌ റണ്ണൗട്ടായി. മുംബൈക്ക്‌ ജയിക്കാൻ അപ്പോൾ നാല്‌ ഓവറിൽ വേണ്ടിയിരുന്നത്‌ 37 റൺ. അവസാന വിക്കറ്റിൽ രാധ യാദവും ശിഖ പാണ്ഡേയും നടത്തിയ ചെറുത്തുനിൽപ്പാണ്‌ ഡൽഹിക്ക്‌ പൊരുതാനുള്ള സ്‌കോർ സമ്മാനിച്ചത്‌. 16 ഓവറിൽ ഒമ്പത്‌ വിക്കറ്റിന്‌ 79 റണ്ണെന്ന നിലയിലായിരുന്നു തകർച്ച. അവസാന നാല്‌ ഓറിൽ ഇരുവരും ചേർന്ന്‌ 52 റൺ നേടി. അവസാന ബാറ്ററായ രാധ യാദവ്‌ 12 പന്തിൽ 27 റണ്ണെടുത്ത്‌ പുറത്താകാതെനിന്നു. രണ്ടുവീതം ഫോറും സിക്‌സറും കണ്ടെത്തി. ശിഖ 17 പന്തിൽ 27 റൺ നേടി കൂട്ടായി. ഓപ്പണറായ ക്യാപ്‌റ്റൻ മെഗ്‌ ലാന്നിങ് 29 പന്തിൽ 35 റണ്ണുമായി ഉയർന്ന സ്‌കോറുകാരിയായി. ഷഫാലി വർമയും (11), ജെമീമ റോഡ്രിഗസും (9) തിളങ്ങിയില്ല. മരിസന്നെ കാപ്പ്‌ 18 റൺ നേടി. മലയാളിതാരം മിന്നു മണി ഒമ്പത്‌ പന്തിൽ നേടിയത്‌ ഒരു റൺ. മുംബൈക്കായി ഇസി വോങ്, ഹെയിലി മാത്യൂസ്‌ എന്നിവർ മൂന്ന്‌ വിക്കറ്റ്‌വീതം നേടി. മെലി കെറിന്‌ രണ്ട്‌ വിക്കറ്റുണ്ട്‌.   Read on deshabhimani.com

Related News