തുർക്കി ബോക്‌സർമാർക്ക്‌ കോവിഡ്‌ : ഐഒസിക്ക്‌ വിമർശം



ലണ്ടൻ തുർക്കിയിലെ രണ്ട്‌ ബോക്‌സർമാർക്കും മുഖ്യ പരിശീലകനും കോവിഡ്‌–-19. ലണ്ടനിൽ കഴിഞ്ഞയാഴ്‌ച നടന്ന ഒളിമ്പിക്‌സ്‌ യോഗ്യതാ ടൂർണമെന്റിനുശേഷം തിരിച്ചെത്തിയവർക്കാണ്‌ രോഗം. സംഭവത്തിൽ രാജ്യാന്തര ഒളിമ്പിക്‌ സമിതി (ഐഒസി)ക്കെതിരെ വിമർശമുയർന്നു. രണ്ട്‌ ദിവസത്തിനുശേഷം ടൂർണമെന്റ്‌ റദ്ദാക്കുകയായിരുന്നു. 40 രാജ്യങ്ങളിൽനിന്നായി 450 ബോക്‌സർമാരാണ്‌ പങ്കെടുത്തത്‌. ടൂർണമെന്റ്‌ നടത്തുന്നത്‌ ബോക്‌സർമാരുടെ ആരോഗ്യത്തിന്‌ അപകടമുണ്ടാക്കുമെന്ന്‌ മുന്നറിയിപ്പുണ്ടായിരുന്നു. ഐഒസിയുടേത്‌ നിരുത്തരവാദിത്തപരമായ നീക്കമെന്നായിരുന്നു തുർക്കി ബോക്‌സിങ്‌ ടീം പരിശീലകൻ ഇയുപ്‌ ഗോസ്‌ഗെകിന്റെ പ്രതികരണം. ‘ലോകം മുഴുവൻ വൈറസിനെതിരെ അതീവ ജാഗ്രത പുലർത്തുന്ന ഘട്ടത്തിലായിരുന്നു ഈ ടൂർണമെന്റ്‌ സംഘടിപ്പിച്ചത്‌. ഐഒസിയോടും ബ്രിട്ടീഷ്‌ ഗവൺമെന്റിനോടും ആശങ്ക അറിയിച്ചതാണ്‌. പക്ഷേ, നിരുത്തരവാദത്തപരമായാണ്‌ കൈകാര്യം ചെയ്‌തത്‌. ഞങ്ങളിൽ മൂന്നുപേർ വൈറസ്‌ ബാധിതരാകുകയും ചെയ്‌തു‘–- ഗോസ്‌ഗെക്‌ പറഞ്ഞു. യൂറോപ്യൻ ബോക്‌സിങ്‌ ഫെഡറേഷനും മുന്നറിയിപ്പ്‌ നൽകിയിരുന്നു. Read on deshabhimani.com

Related News