എന്തൊരിമ്പം സ്‌പാനിഷ്‌ താളം



പൊള്ളുന്ന മരൂഭൂമിയിൽ ഒരു കുളിർകാറ്റ്‌. അതായിരുന്നു സ്‌പെയിൻ. കളിക്കളത്തിലെ ചലനത്തിൽ, പന്ത്‌ കൈമാറ്റത്തിൽ, ഗോളിലേക്കുള്ള കുതിപ്പിൽ, എല്ലാത്തിനുമൊരു ചന്തമുണ്ടായിരുന്നു. ഒരു പുതുമ. യുവത്വത്തിന്റെ ഊർജം. കണ്ണിമചിമ്മാതെ നോക്കിയിരുന്നുപോകുന്ന സുന്ദരകളി. 2010 ലോകകപ്പ്‌ ചാമ്പ്യന്മാരുടെ കളിയുടെ അതേപകർപ്പ്‌. പുതിയ രൂപത്തിൽ, ഭാവത്തിൽ. ഇത്‌ പുതിയകാലത്തിന്റെ ‘ടികി ടാക’. എതിരാളിക്ക്‌ അവസരം നൽകാതെ സ്വന്തം ബൂട്ടിൽ പന്തിനെ താലോലിച്ച്‌ കൂട്ടുകാരന്‌ കൈമാറ്റം ചെയ്യുന്ന കളിരീതിയാണ്‌ ടികി ടാക. കോസ്‌റ്ററിക്കയ്‌ക്കെതിരായ മത്സരത്തിൽ കോച്ച്‌ ലൂയിസ്‌ എൻറിക്വെ സ്‌പെയ്‌നിന്റെ വിജയമന്ത്രമായ ടികി ടാകയുടെ പരിഷ്‌കരിച്ച പതിപ്പാണ്‌ അവതരിപ്പിച്ചത്‌. പുതിയ തലമുറയെ അതിനായി അദ്ദേഹം ഒരുക്കുകയും ചെയ്‌തു. ഏഴ്‌ ഗോൾ വിജയം താരതമ്യേന ദുർബലരായ കോസ്‌റ്ററിക്കയ്‌ക്കെതിരെയായിരുന്നു. പക്ഷേ, വിജയത്തിനപ്പുറം കളത്തിൽ സ്‌പെയ്‌ൻ കൈക്കൊണ്ട സമീപനം വരാനിരിക്കുന്ന ആധിപത്യത്തിന്റെ മുന്നറിയിപ്പാണ്‌. ഇക്കുറി സുന്ദരമായ കളി കാഴ്‌ചവയ്ക്കുന്നതിനൊപ്പം ഗോളടിക്കാനും ശ്രദ്ധിച്ചുവെന്നതാണ്‌ ഗുണപരമായ മാറ്റം. ലോകകപ്പിൽ സ്‌പെയ്‌ൻ നേടുന്ന ഏറ്റവും വലിയ വിജയമാണ്‌. പ്രതിരോധത്തിന്റെ താക്കോൽ പരിചയസമ്പന്നരെ ഏൽപ്പിച്ചു. കളിമെനയാനും ഗോളടിക്കാനുമുള്ള ചുമതല യുവനിരയ്ക്ക്‌ കൈമാറി. 26 അംഗ ടീമിൽ 12 കളിക്കാർ ഇരുപത്തഞ്ചോ അതിൽ താഴെയോ പ്രായമുള്ളവരാണ്‌. ലോകകപ്പിനിറങ്ങിയ ഏറ്റവും പ്രായംകുറഞ്ഞ മൂന്നാമത്തെ ടീമാണ്‌. കോസ്‌റ്ററിക്കയ്‌ക്കെതിരെ ഇറങ്ങിയ ടീമിന്റെ ശരാശരി പ്രായം 26. മധ്യനിരയുടെ ചുമതല പതിനെട്ടുകാരനായ ഗാവിക്കും 19 വയസ്സുള്ള പെഡ്രിക്കുമായിരുന്നു. പരിചയസമ്പന്നനായ ക്യാപ്‌റ്റൻ സെർജിയോ ബുസ്‌ക്വറ്റ്‌സും മേൽനോട്ടത്തിനുണ്ടായിരുന്നു.   ഇരട്ട ഗോളടിച്ച ഫെറാൻ ടോറസിന്റെ പ്രായം 22. കളിയിലെ താരമായ ഗാവി ലോകകപ്പിൽ ഗോളടിക്കുന്ന പ്രായംകുറഞ്ഞ മൂന്നാമത്തെ കളിക്കാരനായി. പ്രായം 18 വർഷവും 110 ദിവസവും. മുന്നിലുള്ളത്‌ പെലെയും മാനുവൽ റൊസാസുമാണ്‌. പെലെ ഗോൾ നേടുമ്പോൾ 17 വർഷവും 239 ദിവസവുമാണ്‌ പ്രായം. 1930ലെ ആദ്യ ലോകകപ്പിൽ ഗോളടിച്ച മെക്‌സിക്കൻ താരം റൊസാസിന്‌ പ്രായം 18 വർഷവും 93 ദിവസവുമായിരുന്നു. ഇരുപത്തിനാലുകാരനായ ഡാനി ഒൽമോയുടെ ഗോൾ മറ്റൊരു ബഹുമതി നേടി. ലോകകപ്പിൽ സ്‌പെയ്‌ൻ നേടുന്ന നൂറാമത്തെ ഗോൾ. ഈ നേട്ടം കൈവരിക്കുന്ന ആറാമത്തെ രാജ്യമാണ്‌. ഗോളടിച്ച കാർലോസ്‌ സൊളെർക്ക്‌ 25. മാർകോ അസെൻസിയോ ഇരുപത്താറുകാരനാണ്‌. ഗോൾ നേടിയവരിൽ പ്രായംകൂടുതൽ അൽവാരോ മൊറാട്ടയ്ക്കാണ്‌, 30 വയസ്സ്‌. കളിയിൽ 1043 പാസുകളാണ്‌ സ്‌പെയ്‌ൻ നടത്തിയത്‌. ഇതിൽ 15 ശതമാനവും ഗാവിയും പെഡ്രിയും തമ്മിലാണ്‌. കളിയിൽ പന്ത്‌ കൈവശംവച്ചത്‌ 81.8 ശതമാനമാണ്‌. ഇത്‌ ലോകകപ്പ്‌ റെക്കോഡാണ്‌. പാസിൽ സ്വന്തം റെക്കോഡിന്‌ അടുത്തെത്തി സ്‌പെയ്‌ൻ. കഴിഞ്ഞ ലോകകപ്പിൽ റഷ്യക്കെതിരെ 1115 പാസുകളായിരുന്നു. Read on deshabhimani.com

Related News