ഒരു ടീമിൽ 
26 കളിക്കാർ ; ലോകകപ്പിൽ കൂടുതൽ കളിക്കാർക്ക്‌ അവസരം

ഖത്തർ തലസ്ഥാനമായ ദോഹയിൽ ലോകകപ്പ് ടീമുകളുടെ പതാക ഉയർന്നപ്പോൾ


ദോഹ ഖത്തർ ലോകകപ്പിൽ കൂടുതൽ കളിക്കാർക്ക്‌ അവസരമൊരുങ്ങും. കോവിഡ്‌ സാഹചര്യം പരിഗണിച്ച്‌ ടീമിൽ 26 കളിക്കാരെ ഉൾപ്പെടുത്താൻ ലോക ഫുട്‌ബോൾ സംഘടനയായ ഫിഫ തീരുമാനിച്ചു. ഒക്‌ടോബർ 20നുള്ളിൽ അന്തിമ ടീം പ്രഖ്യാപിക്കണം. നവംബർ 21 മുതൽ ഡിസംബർ 18 വരെ എട്ട്‌ സ്‌റ്റേഡിയങ്ങളിലായാണ്‌ ലോകകപ്പ്‌. ലോകകപ്പ്‌ ടീമിൽ 23 കളിക്കാർക്കായിരുന്നു അവസരം. പുതിയ തീരുമാനപ്രകാരം 32 ടീമുകളിലായി 96 കളിക്കാർക്ക്‌ അവസരം ലഭിക്കും. കഴിഞ്ഞവർഷം നടന്ന കോപ്പ അമേരിക്കയിലും ആഫ്രിക്കൻ നേഷൻസ്‌ കപ്പിലും ഒരു ടീമിൽ 28 കളിക്കാരെ ഉൾപ്പെടുത്താൻ അനുവദിച്ചിരുന്നു. കളത്തിൽ അഞ്ചു കളിക്കാരെ പകരക്കാരായി ഇറക്കാം. നേരത്തേ അത്‌ മൂന്നായിരുന്നു. പകരക്കാരുടെ പട്ടികയിൽ 15 കളിക്കാരെ ഉൾപ്പെടുത്താൻ അനുമതിയുണ്ട്‌. ടീം ബെഞ്ചിൽ 15 പകരക്കാരെ ഇരുത്താം. ഒരു ഡോക്‌ടർ ഉൾപ്പെടെ 11 ഒഫീഷ്യലുകൾക്കും ടീമിനൊപ്പമുണ്ടാകാം. ലോകകപ്പ്‌ നിയന്ത്രിക്കാൻ മൂന്ന്‌ വനിതകളുണ്ട്‌. ജപ്പാന്റെ യോഷിമി യമാഷിത, ഫ്രാൻസുകാരി സ്‌റ്റെഫാനി ഫ്രപ്പാർട്ട്‌, റുവാണ്ടയിൽനിന്നുള്ള സലീമ മുകൻസാംഗ എന്നിവർ ആദ്യമായി കളി നിയന്ത്രിക്കും. മൂന്ന്‌ അസി. വനിതാ റഫറിമാരുമുണ്ട്‌. ലോകകപ്പിനാകെ 36 റഫറിമാരും 69 അസി. റഫറിമാരുമാണുള്ളത്‌. 24 അംഗ വീഡിയോ പരിശോധകസംഘമുണ്ട്‌. Read on deshabhimani.com

Related News