സ്‌പാനിഷ് യുവഭേരി ; കോസ്റ്ററിക്കയെ ഏഴ്‌ ഗോളിന്‌ വീഴ്‌ത്തി

image credit FIFA WORLD CUP twitter


ദോഹ ആരുപറഞ്ഞു സ്‌പെയ്‌നിന്‌ ഗോളടിക്കാനാളില്ലെന്ന്‌ ? കോസ്റ്ററിക്കയെ ഏഴ്‌ ഗോളിന്‌ വീഴ്‌ത്തി സ്‌പാനിഷ്‌ യുവനിര വരവറിയിച്ചു. ഫെറാൻ ടോറെസ്‌ ഇരട്ടഗോളുമായി പടനയിച്ചപ്പോൾ ഡാനി ഒൽമോ, മാർകോ അസെൻസിയോ, ഗാവി, കാർലോസ്‌ സൊളെർ, അൽവാരോ മൊറാട്ട എന്നിവരും വലനിറച്ചു. ലോകകപ്പിൽ ഗോളടിക്കുന്ന പ്രായംകുറഞ്ഞ മൂന്നാമത്തെ താരമായി പതിനെട്ടുകാരൻ ഗാവി. കോസ്റ്ററിക്കയുടെ പേരുകേട്ട ഗോൾകീപ്പർ കെയ്‌ലർ നവാസിന്‌ കാഴ്ചക്കാരനാകാനേ കഴിഞ്ഞുള്ളൂ. വമ്പൻ ജയത്തോടെ ഇ ഗ്രൂപ്പിൽ ഒന്നാമതെത്തി സ്‌പെയ്‌ൻ. ജർമനിയെ അട്ടിമറിച്ച ജപ്പാനാണ്‌ രണ്ടാമത്‌. ഗോളടിക്കാൻ യുവനിരയെ ചുമതലപ്പെടുത്തിയ പരിശീലകൻ ലൂയിസ്‌ എൻറിക്വെയ്‌ക്ക്‌ പിന്നെ തിരിഞ്ഞുനോക്കേണ്ടി വന്നില്ല. ചെറുപാസുകളുമായി സ്‌പാനിഷുകാർ കളംനിറഞ്ഞു. ഗോൾകീപ്പർ ഉൾപ്പെടെ 11 പേരെയും കോർത്തിണക്കി സുന്ദര ഫുട്‌ബോൾ. അവിടെ കോസ്റ്ററിക്ക ഒലിച്ചുപോയി. 1043 പാസുകളാണ്‌ സ്‌പെയ്‌ൻ കൈമാറിയത്‌. മത്സരത്തിലെ 82 ശതമാനവും പന്ത്‌ മുൻ ചാമ്പ്യൻമാരുടെ കാലുകളിലായിരുന്നു. മധ്യനിരയിൽ പെഡ്രി–-ഗാവി സഖ്യത്തിനായിരുന്നു കടിഞ്ഞാൺ. ഒൽമോയിലൂടെയായിരുന്നു ഗോളടിക്ക്‌ തുടക്കം. ആദ്യപകുതി മൂന്ന്‌ ഗോളിന്‌ മുന്നിലായിരുന്നു. 27ന്‌ ജർമനിയുമായാണ്‌ സ്‌പെയ്‌നിന്റെ അടുത്ത കളി. കോസ്‌റ്ററിക്ക അന്നുതന്നെ ജപ്പാനെ നേരിടും. Read on deshabhimani.com

Related News