കടമ്പകൾ മുന്നിൽ കടക്കാൻ വഴിയേത്‌

image credit lionel messi twitter


ദോഹ സൗദി അറേബ്യയോടേറ്റ അപ്രതീക്ഷിത തോൽവിയുടെ ഞെട്ടലിലാണ്‌ അർജന്റീന. എങ്കിലും ഗ്രൂപ്പിലെ ശേഷിക്കുന്ന മത്സരങ്ങൾ ജയിച്ച്‌ മുന്നേറാനാകുമെന്ന ആത്മവിശ്വാസത്തിലാണ്‌ ലയണൽ മെസിയും സംഘവും. ഗ്രൂപ്പ്‌ സിയിൽ അവസാനസ്ഥാനത്താണ്‌ അർജന്റീന. ഗ്രൂപ്പിൽ പോളണ്ട്‌–-മെക്‌സിക്കോ മത്സരം സമനിലയിൽ അവസാനിക്കുകയായിരുന്നു. നിലവിൽ സൗദിയാണ് ഒന്നാമത്‌. ശേഷിക്കുന്ന രണ്ട്‌ കളിയും ജയിച്ചാൽ അർജന്റീനയ്‌ക്ക്‌ മുന്നേറാം. മറിച്ചായാൽ കടുക്കും. ഇരുപത്താറിന്‌ മെക്‌സിക്കോയുമായാണ്‌ അടുത്ത മത്സരം. പോളണ്ടുമായുള്ള കളി 30ന്‌. തോൽവിയിൽ നിരാശപ്പെടേണ്ട എന്നായിരുന്നു മെസിയുടെ പ്രതികരണം. 1990ൽ കാമറൂണിനോട്‌ തോറ്റായിരുന്നു അർജന്റീനയുടെ തുടക്കം. എങ്കിലും ഫൈനൽവരെ മുന്നേറാനായി. അതേസമയം, സൗദിക്കെതിരായ കളിയിൽ ടീം രണ്ടാംപകുതിയിൽ നടത്തിയ പ്രകടനം ആശങ്കയുണ്ടാക്കുന്നതായിരുന്നു. ഒത്തിണക്കമില്ലാത്തതായിരുന്നു പ്രധാനതിരിച്ചടി. പ്രതിരോധ പദ്ധതിയാണ്‌ ആകെ പാളിയത്‌. പൂർണമായും ശാരീരികക്ഷമത കൈവരിക്കാത്ത ക്രിസ്‌റ്റ്യൻ റൊമേറോയെ പ്രതിരോധ ചുമതല ഏൽപ്പിച്ചത്‌ കളിയിൽ തിരിച്ചടിയായി. അൽ ഷെഹ്‌രിയുടെ ആദ്യ ഗോളിന്‌ കാരണമായത്‌ റൊമേറോയുടെ പിഴവായിരുന്നു. അഞ്ച്‌ മിനിറ്റിനുശേഷം അൽ ദോസരിയുടെ ഗോൾകൂടി വന്നതോടെ അർജന്റീന ടീം ആശയക്കുഴപ്പത്തിലായി. മെസിയുടെ ചലനങ്ങളും നിലച്ചു. ലയണൽ സ്‌കലോണി പെട്ടെന്ന്‌ മാറ്റങ്ങൾ വരുത്തി. ജൂലിയൻ അൽവാരെസ്‌, എൺസോ ഫെർണാണ്ടാസ്‌, ലിസാൻഡ്രോ മാർട്ടിനെസ്‌ എന്നിവർ ഒരേസമയം കളത്തിലെത്തി. പക്ഷേ, കാര്യമുണ്ടായില്ല. മുൻ ലോകകപ്പുകളിലെപ്പോലെ സമ്മർദം മെസിയെ പൊതിഞ്ഞു. നിക്കോളാസ്‌ ഒട്ടമെൻഡിയും താഗ്ലിയാഫിക്കോയും മൊളീനയും റൊമേറോയും ഉൾപ്പെട്ട പ്രതിരോധത്തിന്‌ തീരെ വേഗമുണ്ടായില്ല. മധ്യനിരയ്‌ക്ക്‌ ചലനാത്മകമാകാനുമായില്ല. മധ്യനിരയിൽ പ്രതീക്ഷയർപ്പിച്ച റോഡ്രിഗോ ഡി പോളിന്‌ പന്ത്‌ പലപ്പോഴും നിയന്ത്രിച്ചുനിർത്താൻ കഴിഞ്ഞില്ല. സൗദിയുടെ കളിക്ക്‌ വേഗം കൂടിയപ്പോൾ അതിനൊപ്പം എത്താനായില്ല അർജന്റീനയ്‌ക്ക്‌. മുന്നേറ്റത്തിൽ മെസി ഒറ്റപ്പെട്ടു. അവസാനഘട്ടത്തിൽ പ്രതിരോധം പിളർത്തി സൗദി, അർജന്റീനയെ ലോങ്‌ പാസുകൾക്ക്‌ പ്രേരിപ്പിച്ചുകൊണ്ടിരുന്നു. അതൊരു കെണിയായിരുന്നു. മധ്യനിരയ്‌ക്ക്‌ അതു മനസ്സിലാക്കാനായില്ല. സ്‌കലോണിയുടെ ശൈലി അതിൽ ചിതറിപ്പോയി. മെസി സൗദി പ്രതിരോധക്കൂട്ടത്തിൽ കുടുങ്ങി. ടീമിന്റെ കളിയൊഴുക്ക്‌ അവിടെ നിലയ്‌ക്കുകയും ചെയ്‌തു. മെക്‌സിക്കോ അതിവേഗ കളിയായിരുന്നു പോളണ്ടിനെതിരെ പുറത്തെടുത്തത്‌. ആ വേഗത്തിനൊത്ത്‌ പിടിച്ചുനിൽക്കുകയാണ്‌ അർജന്റീനയുടെ ഇനിയുള്ള ഏറ്റവും വലിയ വെല്ലുവിളി. Read on deshabhimani.com

Related News