ഡ്യൂറന്റ്‌ കപ്പ്‌ : മാർകസിന്റെ ഗോളിൽ ഗോകുലം പുറത്ത്‌



കൊൽക്കത്ത ട്രിനിഡാഡ്‌ താരം മാർകസ്‌ ജോസഫിനെ ഈ സീസണിൽ മുഹമ്മദൻസിനായി വിട്ടുകൊടുത്തതിന്‌ ഗോകുലം നൽകിയ വില ഡ്യൂറന്റ്‌ കപ്പായിരുന്നു. മാർകസ്‌ നേടിയ ഗോളിൽ കൊൽക്കത്ത മുഹമ്മദൻസ്‌ സ്‌പോർട്ടിങ്‌ ക്ലബ്‌ ചാമ്പ്യൻമാരായ ഗോകുലം കേരള എഫ്‌സിയെ തോൽപ്പിച്ച്‌ ഡ്യൂറന്റ്‌ കപ്പ്‌ സെമിയിൽ കടന്നു.  കഴിഞ്ഞ ഡ്യൂറന്റ്‌ കപ്പ്‌ ഫുട്‌ബോളിൽ ഗോകുലത്തെ ജേതാക്കളാക്കിയതിൽ നിർണായക പങ്കുവഹിച്ചത്‌ മാർകസ്‌ ജോസഫായിരുന്നു. മുപ്പതുകാരൻ 11 ഗോളടിച്ചു. സെമിയിൽ ഈസ്‌റ്റ്‌ബംഗാളിനെയും ഫൈനലിൽ മോഹൻബഗാനെയും തോൽപ്പിച്ചത്‌ മാർകസിന്റെ ബൂട്ടായിരുന്നു. ഇക്കുറി പുതിയ ജഴ്‌സിയിൽ പ്രത്യക്ഷപ്പെട്ട മാർകസിനെ തളയ്‌ക്കാൻ ഗോകുലത്തിനായില്ല. ക്വാർട്ടർ ഫൈനലിൽ ഗോകുലത്തിന്റെ മുന്നേറ്റതാരങ്ങളായ ചികത്താരയെയും റഹിം ഒസ്മാനുവിനെയും പ്രതിരോധത്തിൽ പൂട്ടിയ മുഹമ്മദൻസ്‌ മാർകസിലൂടെ മികച്ച മുന്നേറ്റങ്ങൾ നടത്തി. അതിനിടെ  ചികത്താരയുടെ ക്രോസിൽ പ്രതിരോധതാരം അമിനോ ബൗബ ഗോകുലത്തിനായി പന്ത്‌ വലയിലെത്തിച്ചെങ്കിലും ഓഫ്‌സൈഡായി. തൊട്ടടുത്ത നിമിഷം മാർകസിലൂടെ മുഹമ്മദൻസ് ലീഡെടുത്തു. രണ്ടാംപകുതിയിൽ റഹിം ഒസ്മാനുവിന്റെ ഗോൾശ്രമം മുഹമ്മദൻസ് ഗോൾകീപ്പർ തട്ടിയകറ്റി. സെമിയിൽ ബംഗളൂരു യുണൈറ്റഡാണ് മുഹമ്മദൻസിന്റെ എതിരാളി. Read on deshabhimani.com

Related News