അണ്ടർ 19 ഏകദിന ലോകകപ്പ്‌ : ഇന്ത്യക്ക്‌ ബംഗ്ലാദേശ്‌



ട്രിനിഡാഡ്‌ അണ്ടർ 19 ഏകദിന ക്രിക്കറ്റ്‌ ലോകകപ്പ്‌ ക്വാർട്ടറിൽ ഇന്ത്യ നിലവിലെ ചാമ്പ്യൻമാരായ ബംഗ്ലാദേശിനെ നേരിടും. ഗ്രൂപ്പ്‌ ബിയിൽ മൂന്നു കളിയും ജയിച്ച്‌ ചാമ്പ്യൻമാരായാണ്‌ ഇന്ത്യയുടെ മുന്നേറ്റം. അവസാന മത്സരത്തിൽ ഉഗാണ്ടയെ 326 റണ്ണിന്‌ തരിപ്പണമാക്കി. കഴിഞ്ഞ ഫൈനലിന്റെ ആവർത്തനമാകും ഇന്ത്യ–-ബംഗ്ലാദേശ്‌ പോരാട്ടം. ശനി ആറരയ്‌ക്ക്‌ ആന്റിഗ്വയിലാണ്‌ കളി. ഇംഗ്ലണ്ട്–-ദക്ഷിണാഫ്രിക്ക, ശ്രീലങ്ക–-അഫ്‌ഗാനിസ്ഥാൻ, പാകിസ്ഥാൻ–-ഓസ്‌ട്രേലിയ എന്നിങ്ങനെയാണ്‌ മറ്റു മത്സരങ്ങൾ. ജൂനിയർതലത്തിൽ എക്കാലത്തെയും മികച്ച രണ്ടാമത്തെ ജയമാണ്‌ ഉഗാണ്ടയ്‌ക്കെതിരെ ഇന്ത്യ കുറിച്ചത്‌. ഓൾറൗണ്ടർ രാജ്‌ ബാവയുടെയും (108 പന്തിൽ 162) ഓപ്പണർ അൻഗൃഷ്‌ രഘുവൻഷിയുടെയും (120 പന്തിൽ 144) മികവിലാണ്‌ ഇന്ത്യ കുതിച്ചത്‌. മൂന്നാംവിക്കറ്റിൽ ഇരുവരും 206 റണ്ണിന്റെ റെക്കോഡ്‌ കൂട്ടുകെട്ട്‌ പടുത്തുയർത്തി. 5–-405നാണ്‌ ഇന്ത്യ അവസാനിപ്പിച്ചത്‌. മറുപടിയിൽ 79 റണ്ണിന്‌ ഉഗാണ്ട കൂടാരം കയറി. ഇന്ത്യൻ ക്യാപ്‌റ്റൻ നിഷാന്ത്‌ സിന്ധു നാല്‌ വിക്കറ്റ്‌ വീഴ്‌ത്തി. കോവിഡ്‌ കാരണം ക്യാപ്‌റ്റൻ യാഷ്‌ ദൂലും വൈസ്‌ ക്യാപ്‌റ്റൻ ഷെയ്‌ഖ്‌ റഷീദും ഇല്ലാതെയാണ്‌ തുടർച്ചയായ രണ്ടാം കളിയിലും ഇന്ത്യ ഇറങ്ങിയത്‌. ബംഗ്ലാദേശിനെതിരെ ഇരുവരും മടങ്ങിയെത്തിയേക്കും. 26 മുതലാണ് ക്വാർട്ടർ മത്സരങ്ങൾക്ക് തുടക്കമാകുന്നത്. Read on deshabhimani.com

Related News