എഎഫ്സി വനിതാ ഏഷ്യൻ കപ്പ്‌ ഫുട്ബോൾ : കോവിഡിനോട്‌ തോറ്റ്‌ ഇന്ത്യ പുറത്ത്‌



മുംബൈ ഇന്ത്യൻ വനിതകൾ കോവിഡിനുമുന്നിൽ കീഴടങ്ങി. ടീമിൽ കോവിഡ്‌ പടർന്നതോടെ എഎഫ്‌സി വനിതാ ഏഷ്യൻ കപ്പ്‌ ഫുട്‌ബോളിൽ ചൈനീസ്‌ തായ്‌പേയ്‌ക്കെതിരായ മത്സരത്തിൽനിന്ന്‌ ഇന്ത്യ പിന്മാറി. അനിവാര്യമായ 13 കളിക്കാരെ അണിനിരത്താൻ ഇന്ത്യക്കായില്ല. ഇതോടെ ചൈനീസ്‌ തായ്‌പേയ്‌ക്ക്‌ മൂന്ന്‌ പോയിന്റ്‌ ലഭിച്ചു. ഇതോടെ ഇന്ത്യ ടൂർണമെന്റിൽനിന്ന്‌ പുറത്തായി. കിക്കോഫിന്‌ ഒരുമണിക്കൂർ മുമ്പായിരുന്നു പിന്മാറ്റം. ആദ്യകളിയിൽ ഇറാനോട്‌ സമനില വഴങ്ങിയ നീലപ്പടയ്‌ക്ക്‌ ചൈനീസ്‌ തായ്‌പേയ്‌ക്കെതിരെ ജയം അനിവാര്യമായിരുന്നു. 26ന്‌ ചൈനയുമായാണ്‌ ഗ്രൂപ്പിലെ അവസാന മത്സരം. ഇത്‌ കളിക്കാനിടയില്ല. ഭൂരിപക്ഷം കളിക്കാർക്കും ഒഫീഷ്യലുകൾക്കും രോഗമുണ്ടെന്നാണ്‌ സൂചന. വലിയ പ്രതീക്ഷയോടെയാണ്‌ സ്വീഡിഷ്‌ പരിശീലകൻ തോമസ്‌ ഡെന്നർബിക്കുകീഴിൽ ഇന്ത്യ ടൂർണമെന്റിനിറങ്ങിയത്‌. ക്വാർട്ടറിൽ എത്തിയാൽ ലോകകപ്പ്‌ യോഗ്യതയ്‌ക്കരികെ എത്താമായിരുന്നു. കടുത്ത നിരാശയിലായ കളിക്കാർക്ക്‌ പിന്തുണയുമായി അഖിലേന്ത്യാ ഫുട്‌ബോൾ ഫെഡറേഷൻ രംഗത്തെത്തി. ഈ വിഷമഘട്ടത്തിൽ കളിക്കാർക്കാർക്ക്‌  എല്ലാ പിന്തുണയും നൽകണമെന്ന്‌ ഫെഡറേഷൻ പ്രസിഡന്റ്‌ പ്രഫുൽ പട്ടേൽ അഭ്യർത്ഥിച്ചു. Read on deshabhimani.com

Related News