69ൽ പിഴച്ചു ; ആൻഫീൽഡിൽ 68 കളിക്കുശേഷം ലിവർപൂളിന്‌ തോൽവി



ലണ്ടൻ ആൻഫീൽഡിൽ ലിവർപൂളിന്റെ ചിരി മാഞ്ഞു. 68 മത്സരങ്ങൾക്കുശേഷം ലിവർപൂൾ സ്വന്തം തട്ടകത്തിൽ തോറ്റു. ബേൺലിയാണ്‌ ഇംഗ്ലീഷ്‌ പ്രീമിയർ ലീഗ്‌ ചാമ്പ്യൻമാരെ ആൻഫീൽഡിൽ മുട്ടുകുത്തിച്ചത്‌ (0–-1). ആഷ്‌ലി ബേൺസിന്റെ പെനൽറ്റിയിൽ ബേൺലി അവിസ്‌മരണീയ ജയം കുറിച്ചു. 1974നുശേഷം ആദ്യമായാണ്‌ ബേൺലി ലിവർപൂൾ തട്ടകത്തിൽ ജയം നേടുന്നത്‌. നാല്‌ വർഷങ്ങൾക്കുമുമ്പായിരുന്നു ലിവർപൂൾ ആൻഫീൽഡിൽ അവസാനമായി തോറ്റത്‌. ക്രിസ്‌റ്റൽ പാലസിനോട്‌. തോൽവിയോടെ പട്ടികയിൽ മുന്നേറാനുള്ള ലിവർപൂളിന്റെ നീക്കത്തിന്‌ തിരിച്ചടി കിട്ടി. ഒന്നാമതുള്ള മാഞ്ചസ്‌റ്റർ യുണൈറ്റഡിനെക്കാൾ ആറ്‌ പോയിന്റ്‌ പിന്നിലാണ്‌ ഇപ്പോൾ ലിവർപൂൾ. തരംതാഴ്‌ത്തൽ മേഖലയ്‌ക്കരികെ ഉണ്ടായിരുന്ന ബേൺലി ലിവർപൂളിനെതിരെ കടുത്ത പോരാട്ടം പുറത്തെടുത്തു. തുടക്കത്തിൽ ഗോൾ കീപ്പർ നിക്ക്‌ പോപ്പിന്റെ പ്രകടനമായിരുന്നു ശ്രദ്ധേയമായത്‌. മുഹമ്മദ്‌ സലായുടെ ഗോളിലേക്കുള്ള ഷോട്ട്‌ പോപ് തടഞ്ഞു. റോബർട്ട്‌ ഫിർമിനോയുടെ നീക്കവും നിർവീര്യമാക്കി. കളി തീരാൻ ഏഴ്‌ മിനിറ്റ്‌ ശേഷിക്കെ ബേൺസ്‌ ലിവർപൂളിനെ തകർത്തു. ലിവർപൂൾ ഗോൾ കീപ്പർ അലിസൺ ബെക്കറിന്റെ ഫൗളിനായിരുന്നു പെനൽറ്റി. Read on deshabhimani.com

Related News