തലകുലുക്കി രക്ഷകൻ



ലണ്ടൻ മാഞ്ചസ്റ്റർ യുണൈറ്റഡിനായി വീണ്ടും ക്രിസ്റ്റ്യാനോ റൊണാൾഡോ. ചാമ്പ്യൻസ്‌ ലീഗ്‌ ഫുട്‌ബോളിൽ അറ്റ്‌ലാന്റയ്‌ക്കെതിരെ 81–-ാംമിനിറ്റിൽ ഗോളടിച്ച്‌ റൊണാൾഡോ ജയമൊരുക്കി (3–2). മൂന്നാഴ്‌ചമുമ്പ്‌ വിയ്യാറയലിനെതിരെയും അവസാനനിമിഷം മുപ്പത്താറുകാരൻ രക്ഷകനായിരുന്നു. അറ്റ്--ലാന്റയ്ക്കെക്കെതിരെ ആദ്യപകുതിയിൽ രണ്ടുഗോളിന് പിന്നിട്ടുനിന്നശേഷമാണ് സ്വന്തം തട്ടകമായ ഓൾഡ്ട്രാഫോർഡിൽ ഒലേ ഗുണ്ണാർ സോൾചെയറും കൂട്ടരും ജയംപിടിച്ചത്. മരിയോ പാസാലിച്ചും മെറിഹ് ദെമിറാലും അറ്റ്--ലാന്റയുടെ ഗോളുകൾ നേടി. ഇടവേള കഴിഞ്ഞ് മാർകസ് റാഷ്ഫഡ്, ക്യാപ്റ്റൻ ഹാരി മഗ്വയർ എന്നിവർ യുണെെറ്റഡിനായി തിരിച്ചടിച്ചു. കളി തീരാൻ ഒമ്പതു മിനിറ്റ് ബാക്കിനിൽക്കെ റൊണാൾഡോയുടെ ഗോളെത്തി. ലൂക്കാ ഷായുടെ ക്രോസിൽ ഉശിരൻ ഹെഡ്ഡറിലൂടെ പോർച്ചുഗീസുകാരൻ വലകുലുക്കി. ചാമ്പ്യൻസ് ലീഗിലെ റൊണാൾഡോയുടെ 137–ാംഗോൾ. 38 ടീമുകൾക്കെതിരെ ലക്ഷ്യംകണ്ടു. ഈ നേട്ടത്തിൽ മെസിക്കൊപ്പമായിരുന്നു (37). പ്രീമിയർ ലീഗിൽ അവസാനമത്സരങ്ങളിൽ പതറിയ യുണെെറ്റഡ് പരിശീലകൻ സോൾചെയറിന് ജയം അനിവാര്യമായിരുന്നു. മികച്ച നിരയുണ്ടായിട്ടും കളത്തിൽ മിന്നാത്തത് പരിശീലകന്റെ തന്ത്രങ്ങളിലെ പിഴവെന്നായിരുന്നു വിമർശം. അറ്റ്--ലാന്റയ്ക്കെക്കെതിരെ ഇത് ശരിവയ്ക്കുന്ന പ്രകടനമായിരുന്നു യുണെെറ്റഡിന്റേത്. തീർത്തും മങ്ങി. എന്നാൽ, രണ്ടാംപകുതിയിൽ തിരിച്ചുവന്നു. ഒടുവിൽ റൊണാൾഡോ കാത്തു. ഞായറാഴ്ച ലീഗിൽ ലിവർപൂളിനെ നേരിടാനൊരുങ്ങുന്ന യുണെെറ്റഡിന് ഈ മികവ് മതിയാകില്ല സന്തോഷിക്കാൻ. ഗ്രൂപ്പ് എഫിൽ ആറ് പോയിന്റുമായി യുണെെറ്റഡ് ഒന്നാമതാണ്. അറ്റ്--ലാന്റ (4) രണ്ടാമതുണ്ട്. യങ് ബോയ്സിനെ 4–1ന് തകർത്ത വിയ്യാറയലിനും നാല് പോയിന്റുണ്ട്. Read on deshabhimani.com

Related News