ബാറ്റിൽ കത്തും പന്തിൽ അണയും ; മൊഹാലിയിൽ അവസാന 3.2 ഓവറിൽ 
വിട്ടുനൽകിയത് 55 റൺ

image credit bcci twitter


മൊഹാലി രാഹുൽ ദ്രാവിഡും രോഹിത് ശർമയും ഇന്ത്യയുടെ ട്വന്റി–20 ക്രിക്കറ്റ് ടീമിനെ ഏറ്റെടുക്കുന്ന സമയം ബാറ്റിങ്ങിലായിരുന്നു ന്യൂനത. പരമ്പരാഗത ബാറ്റിങ് രീതിയായിരുന്നു ടീം ഇന്ത്യക്ക്. ഏകദിന ക്രിക്കറ്റുപോലെ പതുക്കെത്തുടങ്ങി അടിച്ചുതകർക്കൽ. ഓരോ പന്തും അടിച്ചുതകർക്കാനുള്ളതാണെന്ന്‌ ബാറ്റർമാരെ ബോധ്യപ്പെടുത്താൻ സമയമെടുത്തു. മുമ്പെങ്ങുമില്ലാത്തവിധം ആക്രമണോത്സുകമായി ഇപ്പോൾ ബാറ്റ് വീശുന്നുണ്ട്‌. എന്നാൽ, ലോകകപ്പ് അടുക്കുംതോറും മറ്റൊരു ഭീഷണിയിലാണ് ടീം. അത് ബൗളർമാരുടെ പ്രകടനമാണ്. അവസാന ഓവറുകളിൽ ലക്കും ലഗാനുമില്ലാതെ പന്തെറിയുന്ന ബൗളർമാർ കെെയിലിരിക്കുന്ന കളിപോലും എതിരാളികളുടെ പേരിലാക്കുന്നു. മൊഹാലിയിലെ തോൽവി അതിനുള്ള ഉദാഹരണങ്ങളിൽ ഒന്നുമാത്രം. ഓസ്ട്രേലിയക്കെതിരെ നടന്ന ആദ്യ ട്വന്റി–20യിൽ ബൗളർമാരാണ് ജയം തുലച്ചതെന്ന് ക്യാപ്റ്റൻ രോഹിത് ശർമ തുറന്നടിച്ചു. നാലോവറിൽ 55 റൺ വേണ്ടിയിരിക്കെ, നാല് പന്ത് ശേഷിക്കെ ഓസീസ് ജയംനേടുകയായിരുന്നു. അന്ത്യ ഓവറുകളിൽ തുടർച്ചയായി നിറംമങ്ങുന്ന ഭുവനേശ്വർ കുമാറും ഹർഷൽ പട്ടേലും ചേർന്നാണ് റൺ വഴങ്ങിയത്. 17, 18, 19 ഓവറുകളിലായി 53 റൺ വിട്ടുനൽകി. 17–ാംഓവറിൽ 15, 19–ാംഓവറിൽ 16 റണ്ണുമാണ് ഭുവനേശ്വർ വഴങ്ങിയത്. 18–ാംഓവറിൽ ഹർഷൽ 22 റണ്ണും വിട്ടുകൊടുത്തു. നാലോവറിൽ 52 റണ്ണാണ് ഭുവനേശ്വറിന്റെ ബൗളിങ് വിശേഷണം. ട്വന്റി–20യിൽ ഈ പേസറുടെ ഏറ്റവും മോശം ബൗളിങ‍് പ്രകടനം. ഹർഷൽ നാലോവറിൽ 49 റൺ വഴങ്ങി. ആദ്യം ബാറ്റ് ചെയ്തശേഷം, കഴിഞ്ഞ മൂന്നുമത്സരങ്ങളിൽ 54, 42, 41 റൺവീതം ഇന്ത്യ അവസാന നാലോവറുകളിൽ വിട്ടുകൊടുത്തു.ജസ്-പ്രീത് ബുമ്രയില്ലെങ്കിൽ ബൗളിങ് നിരയുടെ താളംതെറ്റും. അന്ത്യ ഓവറുകളിൽ ബുമ്രമാത്രമാണ് ആശ്രയം. 2020 മുതൽ ബുമ്രയും അർഷ്ദീപ് സിങ്ങും കഴിഞ്ഞാൽ ട്വന്റി–20യിൽ ഇന്ത്യയുടെ ഏറ്റവും മികച്ച അന്ത്യ ഓവറുകാരനാണ് ഭുവനേശ്വർ. എന്നാൽ, അവസാന മൂന്നുമത്സരങ്ങളിൽ പ്രകടനം തീർത്തും നിരാശപ്പെടുത്തി. അവസാന മൂന്ന് കളിയിലെ 19–ാംഓവറിൽ 16, 14, 19 എന്നിങ്ങനെയാണ് വഴങ്ങിയ റൺ. ബുമ്രയുടെ അഭാവത്തിൽ ഭുവനേശ്വർമാത്രമാണ് ഇന്ത്യ പരീക്ഷിക്കുന്ന അന്ത്യ ഓവർ ബൗളർ. വേഗതയില്ലാത്തതാണ് ഈ മുപ്പത്തിണ്ടുകാരന്റെ ഏറ്റവും വലിയ പോരായ്മ. തന്ത്രങ്ങളുമില്ല. ബാറ്റർമാർ കൃത്യമായി പിടിക്കുന്ന ബൗളിങ് രീതിയും. ട്വന്റി–20യിൽ ആദ്യമായാണ് ഭുവനേശ്വർ 50ന് മുകളിൽ റൺ വഴങ്ങുന്നത്. ലോകകപ്പിന് ഇനി ദിവസങ്ങൾമാത്രമാണ് ശേഷിക്കുന്നത്. അതിനുമുമ്പ് ഇന്ത്യക്ക് അഞ്ച് മത്സരങ്ങൾകൂടിയുണ്ട്. ദ്രാവിഡിനും രോഹിതിനും ബൗളിങ്ങിലെ പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്താനുള്ള അവസാന അവസരം. Read on deshabhimani.com

Related News