അമേരിക്ക വിറച്ചു ; വനിതാ ഫുട്ബോളിൽ സ്വീഡനോട് തോറ്റു



ടോക്യോ ലോകചാമ്പ്യൻമാരായ അമേരിക്കയുടെ ഞെട്ടലോടെ ടോക്യോ ഒളിമ്പിക്‌സ്‌ വനിതാ ഫുട്‌ബോളിന്‌ കിക്കോഫ്‌. അവസാന 44 കളിയിൽ തോൽവിയറിയാതെ എത്തിയ സംഘത്തെ സ്വീഡൻ മൂന്ന്‌ ഗോളിന്‌ തകർത്തു. സ്റ്റിന ബ്ലാക്‌സ്‌റ്റെനിയസ്‌ രണ്ടടിച്ചു. 2016 റിയോയിൽ ക്വാർട്ടറിൽ അമേരിക്കയെ സ്വീഡിഷ്‌ പട വീഴ്‌ത്തിയിരുന്നു. നാലുവീതം ലോകകപ്പും ഒളിമ്പിക്‌ സ്വർണവും ചൂടിയ അമേരിക്കയ്‌ക്ക്‌ തോൽവി ക്ഷീണമായി. മറ്റൊരു മത്സരത്തിൽ ബ്രസീൽ ചൈനയെ വീഴ്‌ത്തി (5–-0). സൂപ്പർതാരം മാർത്ത ഇരട്ടഗോൾ നേടി. ബ്രിട്ടൻ ചിലിയെ തോൽപ്പിച്ചപ്പോൾ (2–-0) ജപ്പാൻ–-ക്യാനഡ പോരാട്ടം 1–-1ന്‌ പിരിഞ്ഞു. നെതർലന്റ്‌സ്‌ 10–-3ന്‌ സാംബിയയെ തകർത്തു. സ്വീഡനെതിരെ അനായാസജയമാണ്‌ അമേരിക്ക ലക്ഷ്യമിട്ടത്‌. മേഗൻ റാപിനൊ ബെഞ്ചിലിരുന്നപ്പോൾ റോസ്‌ ലവെല്ലെ, സാം മെവിസ്‌, അലെക്‌സ്‌ മോർഗൻ തുടങ്ങിയ പ്രമുഖരെല്ലാം ആദ്യ പതിനൊന്നിൽ ഉൾപ്പെട്ടു. പ്രതിരോധത്തിലെ വിശ്വസ്‌ത മഗ്‌ദലേന എറിക്‌സൺ ഇല്ലാതെയാണ്‌ സ്വീഡൻ കളിച്ചത്‌. തുടക്കത്തിലേ അമേരിക്കയ്‌ക്ക്‌ പിടിവിട്ടു. 25–-ാംമിനിറ്റിൽ സ്റ്റിന ആദ്യ വെടിപൊട്ടിച്ചു. ഇടവേള കഴിഞ്ഞെത്തിയ ഉടൻ ലീഡുയർത്തി. റാപിനൊ പകരക്കാരിയായി എത്തിയിട്ടും അമേരിക്കയ്‌ക്ക്‌ രക്ഷയുണ്ടായില്ല. 20 മിനിറ്റ്‌ ബാക്കിനിൽക്കേ ലിന ഹർടിങ്‌ സ്വീഡന്റെ ജയമുറപ്പിച്ചു. ഗ്രൂപ്പ്‌ സിയിൽ ഓസ്‌ട്രേലിയയും ന്യൂസിലൻഡുമാണ്‌ മറ്റ്‌ ടീമുകൾ. ഇവർക്കെതിരെ ജയിച്ചാൽ അമേരിക്കയ്‌ക്ക്‌ മുന്നേറാം. Read on deshabhimani.com

Related News