പരിക്കേൽക്കുമോ ചാമ്പ്യന്‌

image credit French Team twitter


ദോഹ>ചാമ്പ്യൻമാർ നെഞ്ചിടിപ്പിലാണ്‌. ആളും അരങ്ങുമായി പുറപ്പെട്ട്‌ ഒടുവിൽ പടയാളികളെ ഓരോരുത്തരെയായി നഷ്ടപ്പെട്ട ഞെട്ടലിലാണ്‌ ഫ്രാൻസ്‌. ഗ്രൂപ്പ്‌ ഡിയിലെ ആദ്യകളിയിൽ അത്രയൊന്നും പെരുമയില്ലാത്ത ഓസ്‌ട്രേലിയയാണ്‌ ഫ്രാൻസിന്റെ എതിരാളികൾ. പരിക്കിന്റെ പിടിയിലും പ്രതിഭകൾ ചോരാത്ത ഫ്രഞ്ചുപടയ്‌ക്ക്‌ ആദ്യ കടമ്പ എളുപ്പം കടക്കാമെന്ന പ്രതീക്ഷയുണ്ട്‌. കിലിയൻ എംബാപ്പെയെന്ന കൊടുങ്കാറ്റിനുമുന്നിൽ ഓസ്‌ട്രേലിയ പിടിച്ചുനിൽക്കില്ലെന്നും അവർ കണക്കുകൂട്ടുന്നു. രാത്രി 12.30ന്‌ ഖത്തറിലെ അൽ ജനൗബ്‌ സ്‌റ്റേഡിയത്തിലാണ്‌ മത്സരം. ബാലൻ ഡി ഓർ പുരസ്‌കാരജേതാവ്‌ കരിം ബെൻസെമ, മധ്യനിരയിലെ കരുത്തരായ പോൾ പോഗ്‌ബെ, എൻഗോളോ കാന്റെ, സ്‌ട്രൈക്കർ ക്രിസ്റ്റഫർ എങ്കുങ്കു, പ്രതിരോധതാരം പ്രസ്‌നെൽ കിംപെമ്പെ എന്നിവർ ഫ്രഞ്ച്‌ ടീമിൽനിന്ന്‌ പുറത്തായിക്കഴിഞ്ഞു. പ്രതിരോധത്തിലെ കരുത്തൻ റാഫേൽ വരാനെ പൂർണ കായികക്ഷമത വീണ്ടെടുത്തിട്ടുമില്ല. ഇത്‌ സുവർണാവസരമാണെന്നും ചരിത്രത്തിന്റെ പിൻബലമില്ലെങ്കിലും ഓസ്‌ട്രേലിയ അത്ഭുതം കാട്ടുമെന്നും പരിശീലകൻ ഗ്രഹാം അർനോൾഡ്‌ ഉറപ്പിച്ച്‌ പറയുന്നു. ഫ്രാൻസിന്‌ നേഷൻസ്‌ ലീഗിൽ തിരിച്ചടിയായിരുന്നു. ക്രൊയേഷ്യയോട്‌ എതിരില്ലാത്ത ഒരു ഗോളിനും ഡെൻമാർക്കിനോട്‌ എതിരില്ലാത്ത രണ്ട്‌ ഗോളുകൾക്കുമാണ്‌ വീണത്‌. ലീഗിലെ ആറ്‌ കളിയിൽ ഒന്നിൽമാത്രം ജയം. ലോകകപ്പുപോലുള്ള വമ്പൻ ടൂർണമെന്റുകളിൽ ഉയിർത്തെഴുന്നേൽക്കുന്ന പതിവിന്‌ മാറ്റമുണ്ടാകില്ലെന്ന്‌ പരിശീലകൻ ദിദിയർ ദെഷാം ഉറപ്പിച്ച്‌ പറയുന്നു. പ്രമുഖ താരങ്ങളിൽ പലരുമില്ലെങ്കിലും എണ്ണംപറഞ്ഞ കളിക്കാർതന്നെയാണ്‌ ഫ്രാൻസിനായി കളത്തിലിറങ്ങുക. എംബാപ്പെയ്‌ക്കൊപ്പം ഒൺടോയ്‌ൻ ഗ്രീസ്‌മാൻ, ഒളിവർ ജിറു എന്നിവരടങ്ങുന്ന മുന്നേറ്റനിര ഏത്‌ ടീമിന്റെയും ഉറക്കംകെടുത്തുന്നതാണ്‌. പോഗ്‌ബെ–-കാന്റെ സഖ്യത്തിനുപകരം യുവതാരങ്ങളായ ഒർലെയ്‌ൻ ചൗമെനിയും എഡ്വേർഡ്‌ കമവിംഗയും മധ്യനിര ഭരിക്കും. എഫ്‌സി കോപ്പൻ ഹാഗന്റെ വല കാക്കുന്ന മാത്യു റ്യാനാണ്‌ ഓസീസ്‌ നായകൻ. റ്യാന്റെ മിന്നും പ്രകടനമാണ്‌ ഓസ്‌ട്രേലിയക്ക്‌ ഖത്തർ ടിക്കറ്റ്‌ ഉറപ്പിച്ചത്‌.   Read on deshabhimani.com

Related News