അനായാസം ദക്ഷിണാഫ്രിക്ക ; 31 റൺ ജയം



പാൾ റാസി വാൻ ഡെർ ദുസെന്റെയും ടെംബ ബവുമയുടെയും സെഞ്ചുറികളുടെ കരുത്തിൽ ദക്ഷിണാഫ്രിക്ക ഇന്ത്യയെ കീഴടക്കി. ആദ്യ ഏകദിന ക്രിക്കറ്റ്‌ മത്സരത്തിൽ 31 റണ്ണിനാണ്‌ ജയം. ദക്ഷിണാഫ്രിക്ക നാല്‌ വിക്കറ്റ്‌ നഷ്ടത്തിൽ 296 റൺ അടിച്ചുകൂട്ടിയപ്പോൾ ഇന്ത്യ എട്ട്‌ വിക്കറ്റ്‌ നഷ്‌ടത്തിൽ 265 റണ്ണിൽ ഒതുങ്ങി. വാൻ ഡെർ ദുസെൻ 96 പന്തിൽ 129 റണ്ണുമായി പുറത്താകാതെനിന്നു. ക്യാപ്‌റ്റൻ ബവുമ 143 പന്തിൽ 110 റണ്ണെടുത്തു. മറുപടിക്കെത്തിയ ഇന്ത്യക്കായി ശിഖർ ധവാനും (84 പന്തിൽ 79) വിരാട്‌ കോഹ്‌ലിയും (63 പന്തിൽ 51) അരസെഞ്ചുറി നേടി. ശർദൂൽ ഠാക്കൂറും (50) ജസ്‌പ്രീത്‌ ബുമ്രയും (14) പുറത്തായില്ലെങ്കിലും ലക്ഷ്യം നേടാനായില്ല.  ഋഷഭ്‌ പന്ത്‌ (22 പന്തിൽ 16), ശ്രേയസ്‌ അയ്യർ (17 പന്തിൽ 17), അരങ്ങേറ്റക്കാരൻ വെങ്കിടേഷ്‌ അയ്യർ (7 പന്തിൽ 2) എന്നിവർ മങ്ങി. ക്യാപ്റ്റൻ ലോകേഷ്‌ രാഹുലിന്‌ 17 പന്തിൽ 12 റണ്ണെടുക്കാനേ കഴിഞ്ഞുള്ളൂ. 1–-138 എന്ന നിലയിൽനിന്ന്‌ 6–-188ലേക്ക്‌ ഇന്ത്യ തകരുകയായിരുന്നു. എൻഗിഡി, ഷംസി, ഫെഹുൽകായോ എന്നിവർക്ക് രണ്ട് വിക്കറ്റ് വീതമുണ്ട്. ടോസ്‌ നേടി ആദ്യം ബാറ്റ്‌ ചെയ്യാനെത്തിയ ദക്ഷിണാഫ്രിക്ക 3–-68ൽ പതറുമ്പോഴാണ്‌ ബവുമ–-വാൻ ഡെർ ദുസെൻ സഖ്യം കളംപിടിച്ചത്‌. 184 പന്തിൽ 204 റണ്ണാണ്‌ ഈ സഖ്യം നേടിയത്‌. ഇരുവരുടെയും രണ്ടാം ഏകദിന സെഞ്ചുറി. നാല്‌ സിക്‌സറും ഒമ്പത്‌ ഫോറുകളുമായിരുന്നു വാൻ ഡെർ ദുസെന്റെ ഇന്നിങ്‌സിൽ. ബവുമ എട്ട്‌ ഫോറുകൾ പായിച്ചു. രണ്ട്‌ വിക്കറ്റ്‌ നേടിയ ബുമ്രയൊഴികെ മറ്റാരും ഇന്ത്യൻ ബൗളിങ്ങിൽ തിളങ്ങിയില്ല. നാളെയാണ്‌ രണ്ടാം ഏകദിനം. Read on deshabhimani.com

Related News