സിറ്റിയെ വിടാതെ 
ലിവർപൂൾ ; ഇംഗ്ലീഷ് പ്രീമിയർ ലീഗ് ആവേശകരമായ അന്ത്യത്തിലേക്ക്



ലണ്ടൻ ഇംഗ്ലീഷ് പ്രീമിയർ ലീഗ് ആവേശകരമായ അന്ത്യത്തിലേക്ക്. ഒരുമത്സരം ശേഷിക്കെ ഒന്നാമതുള്ള മാഞ്ചസ്റ്റർ സിറ്റിയും രണ്ടാമതുള്ള ലിവർപൂളും തമ്മിലുള്ള അന്തരം ഒരു പോയിന്റ് മാത്രമാണ്. സതാംപ്ടണെ 2–1ന് തോൽപ്പിച്ചാണ് ലിവർപൂൾ വീണ്ടും കിരീടപ്പോരിൽ സജീവമായത്. അവസാന മത്സരത്തിൽ സിറ്റിക്ക് ആസ്റ്റൺ വില്ലയും ലിവർപൂളിന് വൂൾവ്സുമാണ് എതിരാളികൾ. 37 കളിയിൽ സിറ്റിക്ക് 90 പോയിന്റാണ്. ലിവർപൂളിന് 89ഉം. സതാംപ്ടണിനെതിരെ ഇറങ്ങുമ്പോൾ ജയത്തിൽ കുറഞ്ഞതൊന്നും യുർഗൻ ക്ലോപ്പിന്റെ സംഘത്തിന് തികയുമായിരുന്നില്ല. എന്നാൽ, പ്രധാന താരങ്ങളെ ക്ലോപ്പ് കളത്തിലിറക്കിയില്ല. 28ന് ചാമ്പ്യൻസ് ലീഗ് ഫെെനലിൽ റയൽ മാഡ്രിഡിനെ നേരിടാനൊരുങ്ങുകയാണ് ലിവർപൂൾ. ഈ സാഹചര്യത്തിലായിരുന്നു പ്രധാന താരങ്ങളെ പുറത്തിരുത്തിയത്. മുഹമ്മദ് സലായ്ക്കും വിർജിൽ വാൻ ഡിക്കിനും പരിക്ക് വിനയായി. സാദിയോ മാനെ, ആൻഡ്രൂ റോബെർട്സൺ, ട്രെന്റ് അലക്സാണ്ടർ ആർണോൾഡ്, തിയാഗോ എന്നിവരൊന്നും കളത്തിലുണ്ടായില്ല. ലിവർപൂളിന് ആശങ്ക നൽകിയായിരുന്നു കളിയുടെ തുടക്കം. 10 മിനിറ്റ് കഴിയുമ്പോഴേക്കും നതാൻ റെഡ്മണ്ട് സതാംപ്ടണെ മുന്നിലെത്തിച്ചു. ലിവർപൂൾ വിട്ടുകൊടുത്തില്ല. ദ്യേഗോ ജോട്ടയുടെ നീക്കത്തിൽ താകുമി മിനാമിനോ ഒരെണ്ണം തിരിച്ചടിച്ചു. രണ്ടാംപകുതിയിൽ പകരക്കാരൻ ജോയെൽ മാറ്റിപ് ജയവുംകുറിച്ചു. സീസണിൽ നാലുകിരീടമാണ് ലിവർപൂൾ ലക്ഷ്യമിടുന്നത്. എഫ്എ കപ്പും ലീഗ് കപ്പും സ്വന്തമാക്കി. ചാമ്പ്യൻസ് ലീഗിൽ ഫെെനലിൽ കടന്നു. പ്രീമിയർ ലീഗിലെ അവസാനദിനം സിറ്റി ജയിക്കാതിരുന്നാൽ വൂൾവ്സിനെ തോൽപ്പിച്ച് ലിവർപൂളിന് കിരീടവും സ്വന്തമാക്കാം. Read on deshabhimani.com

Related News