ക്രിക്കറ്റിൽ 
‘പകരക്കാരൻ തന്ത്രം’ ; മുഷ്താഖ് അലി ട്രോഫിയിൽ പരീക്ഷണം



മുംബൈ ട്വന്റി–20 ക്രിക്കറ്റിൽ ഇനി പകരക്കാരൻ കളിക്കാരനും. വരാനിരിക്കുന്ന സയ്യിദ് മുഷ്താഖ് അലി ട്രോഫിയിലാണ് മാറ്റങ്ങൾ വരുത്തുക. കളിയുടെ ഫലംതന്നെ സ്വാധീനിക്കാൻ ശേഷിയുള്ള ‘ഇംപാക്ട് പ്ലെയർ’ എന്ന ആശയമാണ് ബിസിസിഐ നടപ്പാക്കുന്നത്. മുഷ്താഖ് അലി ട്രോഫിയിൽ വിജയിച്ചാൽ അടുത്ത സീസൺ ഐപിഎല്ലിലും ഇത് നടപ്പാക്കും. ടോസ് സമയത്ത്, ടീമുകൾ ആദ്യ പതിനൊന്നിനുപുറമേ നാലു പകരക്കാരെയും പ്രഖ്യാപിക്കും. ഇതിലൊരാളെ കളിക്കിടെ പകരക്കാരനായി ഉപയോഗിക്കാനാകും. ഏതെങ്കിലുമൊരു ഇന്നിങ്സിന്റെ 14 ഓവർ പൂർത്തിയാകുംമുമ്പ് ഒരു കളിക്കാരനെ മാറ്റി പകരക്കാരനെ ഇറക്കാം. ബാറ്റും ചെയ്യാം പന്തും എറിയാം. ഈ കളിക്കാരന് നിയന്ത്രണങ്ങളില്ല. ഉദാഹരണത്തിന്, ഒരു ബാറ്റർ പുറത്തായാൽ അയാൾക്ക് പകരമായി ബാറ്റ് ചെയ്യാനാകും. എങ്കിലും ടീമിന് 11 പേരെ ബാറ്റിങ്ങിന് ഇറക്കാൻമാത്രമേ കഴിയുകയുള്ളൂ. ബൗളർക്ക് പകരമായി ഇറങ്ങുന്നതെങ്കിൽ നാലോവർ ഓവർ ക്വോട്ട പൂർത്തിയാക്കാനാകും. ഒഴിവാക്കപ്പെട്ട ബൗളർ എത്ര ഓവർ എറിഞ്ഞാലും ഇതിനെ ബാധിക്കില്ല. എന്നാൽ, ഈ കളിക്കാരന് മറ്റൊരു നിലയിലും കളത്തിൽ ഇറങ്ങാനാകില്ല. ഇതിനുമുമ്പ് ഏകദിനത്തിൽ സൂപ്പർ സബ് സംവിധാനം നടപ്പാക്കിയിരുന്നെങ്കിലും ടീമുകൾക്ക് ഇത്രത്തോളം സ്വാധീനമുണ്ടാക്കാൻ കഴിയുന്ന നിയമമായിരുന്നില്ല അത്. 2005ലും 2006ലും സൂപ്പർ സബ് സംവിധാനമുണ്ടായിരുന്നു. ഇതിൽ പക്ഷേ, പകരക്കാരൻ താരത്തിന് നിയന്ത്രണങ്ങളുണ്ടായി. പുറത്തായ ബാറ്റർക്ക് പകരമാണ് ഇറങ്ങുന്നതെങ്കിൽ പകരക്കാരൻ കളിക്കാരന് ബാറ്റ് ചെയ്യാനാകില്ല. ബൗളിങ്ങിൽ, ഒഴിവാക്കപ്പെടുന്ന ബൗളർ എറിഞ്ഞ ഓവറുകളുടെ ബാക്കിമാത്രമാണ് എറിയാനാകുക. Read on deshabhimani.com

Related News