രക്ഷകരായി ശർദുളും വാഷിങ്ടണും



ബ്രിസ്‌ബെയ്‌ൻ ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ്‌ ക്രിക്കറ്റ് പരമ്പരയിൽ ആദ്യ പതിനൊന്നിൽ ഉൾപ്പെടുമെന്ന ‘അതിമോഹം’ അവർക്കുണ്ടായിരുന്നില്ല. നെറ്റ്‌സിൽ സഹതാരങ്ങൾക്ക്‌ പന്തെറിഞ്ഞും ബാറ്റ്‌ ചെയ്‌തും സഹായിക്കലായിരുന്നു ശർദുൾ താക്കൂറിന്റെയും വാഷിങ്‌ടൺ സുന്ദറിന്റെയും ജോലി. എന്നാൽ, മുതിർന്ന താരങ്ങൾ പരിക്കേറ്റ്‌ പുറത്തായത്‌ അനുഗ്രഹമായി. നാലാം ടെസ്റ്റിൽ ഇരുവരും ഇന്ത്യൻ‌ ടീമിൽ ഇടംപിടിച്ചു. ഇരുപത്തിരണ്ടുകാരൻ സുന്ദറിന് അരങ്ങേറ്റം. ശർദുൾ കളിച്ചത് ഒറ്റ ടെസ്റ്റ്.  പന്തെറിഞ്ഞപ്പോൾ മൂന്നുവീതം വിക്കറ്റുകൾ നേടി മികവ്‌ കാട്ടി. ബാറ്റെടുത്തപ്പോൾ ഇന്ത്യയുടെ ജീവനായി. ആറിന്‌ 186 എന്ന നിലയിൽ തകർന്നടിഞ്ഞ ടീമിനെ ഏഴാം വിക്കറ്റിൽ 123 റൺ ചേർത്ത്‌ ഇരുവരും കാത്തു. ഓസ്‌ട്രേലിയയുടെ ഒന്നാം ഇന്നിങ്‌സ്‌ സ്‌കോറിനേക്കാൾ 33 റൺ പിറകിൽ അവസാനിച്ചെങ്കിലും നാലാം ക്രിക്കറ്റ്‌ ടെസ്റ്റിൽ ഇന്ത്യ തിരിച്ചുവന്നു. മൂന്നാംദിനം കളി നിർത്തുമ്പോൾ വിക്കറ്റ്‌ നഷ്ടമാകാതെ 21 റണ്ണെടുത്തു ഓസീസ്‌. ആകെ 54 റൺ ലീഡ്‌. സ്കോർ: ഓസ്ട്രേലിയ 369, 0–21. ഇന്ത്യ 336. മുപ്പത്താറ് ഓവറാണ്‌ ശർദുളും (115 പന്തിൽ 67) സുന്ദറും (144 പന്തിൽ 62) ബാറ്റേന്തിയത്‌. രണ്ട്‌ സിക്‌സറും ഒമ്പത്‌ ബൗണ്ടറിയുമാണ്‌ ശർദുൾ നേടിയത്‌. സുന്ദറാകട്ടെ ഒരു സിക്‌സറും ഏഴ്‌ ഫോറും പായിച്ചു. രണ്ടിന്‌ 62 എന്ന നിലയിൽ മൂന്നാംദിനം തുടങ്ങിയ ഇന്ത്യക്ക്‌ നിരാശയായിരുന്നു. അജിൻക്യ രഹാനെ (37), ചേതേശ്വർ പൂജാര (25), മായങ്ക്‌ അഗർവാൾ (38), ഋഷഭ്‌ പന്ത്‌ (23) എന്നിവർക്ക്‌ ഏറെനേരം പിടിച്ചുനിൽക്കാനായില്ല. ഓസീസിനായി ജോഷ്‌ ഹാസെൽവുഡ്‌ അഞ്ച്‌ വിക്കറ്റെടുത്തു. മാർകസ്‌ ഹാരിസും‌ (1) ഡേവിഡ്‌ വാർണറുമാണ്‌ (20) ഓസീസിനായി ക്രീസിൽ. ഇന്നും നാളെയും ബ്രിസ്‌ബെയ്‌നിൽ മഴയ്‌ക്ക്‌ സാധ്യതയുണ്ട്‌. Read on deshabhimani.com

Related News