ഇംഗ്ലീഷ് പ്രീമിയർ ലീഗ് : സിറ്റിക്ക് 
കുരുക്ക്



ലണ്ടൻ ഇംഗ്ലീഷ് പ്രീമിയർ ലീഗ് കിരീടം ഉയർത്താൻ മാഞ്ചസ്റ്റർ സിറ്റി കാത്തിരിക്കണം. വെസ്റ്റ്ഹാം യുണെെറ്റഡിനോട് സമനില വഴങ്ങിയത് സിറ്റിക്ക് തിരിച്ചടിയായി (2–2). 37 കളിയിൽ 89 പോയിന്റുള്ള സിറ്റിക്ക് അവസാനകളിയിൽ ആസ്റ്റൺ വില്ലയെ തോൽപ്പിച്ചാൽ കിരീടം നേടാം. രണ്ടാമതുള്ള ലിവർപൂളുമായി നാല് പോയിന്റ് അന്തരമുണ്ട്. എന്നാൽ, ലിവർപൂളിന് രണ്ടു കളി ബാക്കിയുണ്ട്. ഇന്ന് സതാംപ്ടണിനെ ലിവർപൂൾ നേരിടും. വെസ്റ്റ്ഹാമിനെതിരെ ഞെട്ടിക്കുന്ന തുടക്കമായിരുന്നു സിറ്റിക്ക്. ആദ്യഘട്ടത്തിൽ ജെറോഡ് ബോവെൻ ഇരട്ടഗോൾ തൊടുത്തപ്പോൾ വെസ്റ്റ്ഹാം രണ്ട് ഗോളിനു മുന്നിൽ. രണ്ടാംപകുതിയിൽ സിറ്റി തിരിച്ചെത്തി. ജാക് ഗ്രീലിഷിന്റെ ഗോളിൽ ഒരെണ്ണം മടക്കി. പിന്നാലെ റിയാദ് മഹ്റെസിന്റെ ഫ്രീകിക്ക് തടയാനുള്ള ശ്രമത്തിനിടെ വ്ലാദിമിർ കുഫലിന്റെ ശ്രമം സ്വന്തം പോസ്റ്റിലേക്കുതന്നെയായി. അതിൽ സിറ്റി ഒപ്പമെത്തി. എന്നാൽ, കളി തീരാൻ അഞ്ചു മിനിറ്റ് ശേഷിക്കെ ജയംകുറിക്കാനുള്ള സുവർണാവസരം മഹ്റെസ് പാഴാക്കി. പെനൽറ്റി വെസ്റ്റ്ഹാം ഗോൾ കീപ്പർ ലൂകാസ് ഫാബിയാൻസ്കി തടയുകയായിരുന്നു. മറ്റൊരു മത്സരത്തിൽ ബ്രൈറ്റണെ 1–1ന് തളച്ച് ലീഡ്സ് യുണെെറ്റഡ് തരംതാഴ്ത്തൽ മേഖലയിൽനിന്ന് താൽക്കാലികമായി കരകയറി. Read on deshabhimani.com

Related News