മൂന്നിൽ തീർന്നു ; ബാഴ്‌സയെ വീണ്ടും തകർത്ത്‌ ബയേൺ



നൗകാമ്പ് ബാഴ്സലോണ വീണ്ടും തകർന്നു. ലയണൽ മെസി യുഗത്തിനുശേഷമുള്ള ആദ്യ ചാമ്പ്യൻസ് ലീഗ് പോരാട്ടത്തിൽ അവർ നിലതെറ്റിവീണു. ഗ്രൂപ്പ് ഇയിലെ ആദ്യ മത്സരത്തിൽ ബയേൺ മ്യൂണിക്കിനോട് മൂന്ന് ഗോളിനാണ് തോൽവി. സ്വന്തം തട്ടകമായ നൗകാമ്പിൽ ഒരുതവണപോലും ലക്ഷ്യത്തിലേക്ക് ഷോട്ട് പായിക്കാൻ കഴിയാതെയാണ് റൊണാൾഡ് കൂമാന്റെ സംഘം കളംവിട്ടത്. ബയേണിനെതിരെ കളിയുടെ ഒരുഘട്ടത്തിലും ബാഴ്സയ്ക്ക് പിടിച്ചുനിൽക്കാനായില്ല. നൗകാമ്പിൽ തുടർച്ചയായ മൂന്നാം തോൽവി. സ്വന്തം തട്ടകത്തിൽ ആദ്യമായാണ്  ബാഴ്സ ചാമ്പ്യൻസ് ലീഗിൽ തുടർച്ചയായി മൂന്ന് തോൽവി വഴങ്ങുന്നത്. ബാഴ്സയ്ക്കെതിരെ ഇരട്ടഗോളുമായി റോബർട്ട് ലെവൻഡോവ്സ്-കി കളംനിറഞ്ഞപ്പോൾ ഒരെണ്ണം തോമസ് മുള്ളറും തൊടുത്തു. ബാഴ്സയ്ക്കെതിരെ ഏഴാം ഗോളായിരുന്നു മുള്ളറുടേത്. ഇരു ടീമുകളും അവസാനമായി ഏറ്റുമുട്ടിയപ്പോൾ 8–2നാണ് ബയേൺ ബാഴ്സയെ തകർത്തെറിഞ്ഞത്. അന്ന് മെസിയും ലൂയിസ് സുവാരസും ബാഴ്സയ്ക്കൊപ്പമുണ്ടായിരുന്നു. നാൽപ്പതിനായിരം കാണികളാണ് നൗകാമ്പിൽ കളികാണാനെത്തിയത്. ഡച്ച് താരങ്ങളായ മെംഫിസ് ഡിപെയും ലൂക്ക് ഡിയോങ്ങും ആയിരുന്നു ബാഴ്സ മുന്നേറ്റത്തിൽ. ഇരുവരും നിരാശപ്പെടുത്തി. അവസാനഘട്ടത്തിൽ ഗാവി, യൂസുഫ് ഡെമിർ, അലസാൻഡ്രെ ബാൽദെ തുടങ്ങിയ കൗമാര താരങ്ങൾ കളത്തിലെത്തി. മറുവശത്ത്, പുതിയ പരിശീലകൻ ജൂലിയൻ നാഗെൽസ്-മാനുകീഴിൽ ബയേൺ മിന്നി. അരമണിക്കൂർ കഴിയുമ്പോഴേക്കും ബാഴ്സ വലയിൽ പന്തെത്തിച്ചു. മുള്ളറുടെ ഷോട്ട് ബാഴ്സ പ്രതിരോധക്കാരൻ എറിക് ഗാർഷ്യയുടെ ദേഹത്ത് തട്ടി വലയിൽ. രണ്ടാംപകുതിയിൽ ലെവൻഡോവ്സ്കി കളംവാണു. ബയേണിനെതിരെ പരിശീലകൻ റൊണാൾഡ് കൂമാന്റെ തന്ത്രങ്ങളും ബാഴ്സയ്-ക്ക് തിരിച്ചടിയായി. Read on deshabhimani.com

Related News