വിജയപരമ്പരയ്‌‌ക്ക്‌ വിൻഡീസ്‌



മാഞ്ചസ്‌റ്റർ > ഇംഗ്ലണ്ടിൽ 32 വർഷത്തിനുശേഷം ടെസ്‌റ്റ്‌ ക്രിക്കറ്റ്‌ പരമ്പര നേട്ടത്തിനായി വെസ്‌റ്റിൻഡീസ്‌ ഇന്നിറങ്ങും. ഓൾഡ്‌ട്രാഫോഡിലാണ്‌ രണ്ടാംടെസ്‌റ്റ്‌. മൂന്നു മത്സരപരമ്പയിലെ ആദ്യടെസ്‌റ്റ്‌ വിൻഡീസ്‌ നാല്‌ വിക്കറ്റിന്‌ ജയിച്ചിരുന്നു. 1988ലാണ്‌ ഇതിനുമുമ്പ്‌ വിൻഡീസ്‌ ഇംഗ്ലണ്ടിൽ ടെസ്‌റ്റ്‌ പരമ്പര ജയിച്ചത്‌. അന്ന്‌ വിവിയൻ റിച്ചാർഡ്‌സ്‌ നയിച്ച ടീം അഞ്ചു മത്സരപരമ്പര 4–-0ന്‌ നേടി. ഗോൾഡൻ ഗ്രീനിഡ്‌ജ്‌, ഡെസ്‌മണ്ട്‌ ഹെയ്‌ൻസ്‌, മാൽക്കം മാർഷൽ, കട്‌ലി അംബ്രോസ്‌, കോട്‌നി വാൽഷ്‌ എന്നിവർ ഉൾപ്പെട്ട നിരയാണ്‌ ഇംഗ്ലണ്ടിനെ തകർത്തത്‌. കഴിഞ്ഞവർഷം നാട്ടിലെത്തിയ ഇംഗ്ലണ്ട്‌ ടീമിനെ 2–-1ന്‌ തോൽപ്പിക്കാൻ വിൻഡീസിനായി. ആദ്യടെസ്‌റ്റിൽ നേടിയ നാല്‌ വിക്കറ്റ്‌ വിജയമാണ്‌ വിൻഡീസിന്റെ  ഊർജം. ബൗളർമാരുടെ മികവിലായിരുന്നു നേട്ടം. പകരക്കാരുടെ പട്ടികയിലുണ്ടായിരുന്ന പേസർ ഷാനൻ ഗബ്രിയേലാണ്‌ ഒമ്പത്‌ വിക്കറ്റെടുത്ത്‌ കളിയിലെ താരമായത്‌. ബാറ്റിങ് നിരയിൽ ജെർമെയ്‌ൻ ബ്ലാക്ക്‌വുഡും റോസ്‌റ്റൺ ചേസും തിളങ്ങി. ഇംഗ്ലീഷ്‌ നിരയിൽ ക്യാപ്‌റ്റൻ ജോ റൂട്ട്‌ തിരിച്ചുവരുന്നതാണ്‌ സവിശേഷത. ഭാര്യയുടെ പ്രസവത്തിനായി ആദ്യടെസ്‌റ്റ്‌ വിട്ടുനിന്ന റൂട്ടിന്റെ വരവ്‌ ഇംഗ്ലണ്ടിന്‌ ആത്മവിശ്വാസം പകരും. ജോ ഡെൻലി പുറത്താകും. ബൗളിങ്‌ നിരയിൽ പേസർ സ്‌റ്റുവർട്ട്‌ ബ്രോഡ്‌ തിരിച്ചെത്തും. ആദ്യടെസ്‌റ്റിൽ പരിഗണിക്കാത്തതിൽ ബ്രോഡ്‌ പരസ്യമായി അതൃപ്‌തി രേഖപ്പെടുത്തിയിരുന്നു. Read on deshabhimani.com

Related News