ഗുജറാത്ത് ഉറപ്പിച്ചു; രാജസ്ഥാൻ, ലഖ്നൗ അരികെ



മുംബൈ ഏഴു മത്സരം ബാക്കിനിൽക്കെ ഐപിഎല്ലിൽ 10 ടീമുകളിൽ പ്ലേഓഫ് ഉറപ്പാക്കിയത് ഗുജറാത്ത് ടെെറ്റൻസ് മാത്രം. ശേഷിക്കുന്ന മൂന്ന് സ്ഥാനത്തിനായി ഏഴു ടീമുകളാണ് രംഗത്ത്. ഇതിൽ രാജസ്ഥാൻ റോയൽസും ലഖ്നൗ സൂപ്പർ ജയന്റ്സും അരികെയാണ്. നിലവിൽ രണ്ടും മൂന്നും സ്ഥാനങ്ങളിൽ. നാലാംസ്ഥാനത്ത് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരും. ചാമ്പ്യൻമാരായ മുംബെെ ഇന്ത്യൻസും മുൻ ചാമ്പ്യൻമാരായ ചെന്നെെ സൂപ്പർ കിങ്സുമാണ് പുറത്തായ ടീമുകൾ. രണ്ടാമതുള്ള രാജസ്ഥാന് ഒരു കളിയാണ് ശേഷിക്കുന്നത്. 20ന് ചെന്നെെ സൂപ്പർ കിങ്സുമായി കളിക്കും.13 കളിയിൽ 16 പോയിന്റാണ്. മികച്ച റൺ നിരക്കുമുണ്ട്. ചെന്നെെക്കെതിരെ ജയിച്ചാൽ പ്ലേ ഓഫിൽ കടക്കും. വൻ തോൽവിമാത്രമേ രാജസ്ഥാന്റെ വഴിയടയ്ക്കൂ. മൂന്നാമതുള്ള ലഖ്നൗ സൂപ്പർ ജയന്റ്സിന് കൊൽക്കത്ത നെെറ്റ് റൈഡേഴ്സുമായാണ് കളി. നാളെയാണ് മത്സരം. 16 പോയിന്റുള്ള ലഖ്നൗവിനും ജയംമതി. രാജസ്ഥാനെപ്പോലെ വൻതോൽവിമാത്രമേ ലഖ്നൗവിനും ഭീഷണിയുള്ളൂ. നാലാമതുള്ള ബാംഗ്ലൂരിന് മോശം റൺനിരക്കാണ് ഭീഷണി. അവസാന കളി 19ന് കരുത്തരായ ഗുജറാത്തുമായാണ്. നിലവിൽ 14 പോയിന്റാണ്. അതിനാൽ ജയിച്ചാൽമാത്രം ബാംഗ്ലൂരിന് പ്ലേ ഓഫിൽ എത്താൻ കഴിയില്ല. ഡൽഹി ക്യാപിറ്റൽസും പഞ്ചാബ് കിങ്സും ഭീഷണി ഉയർത്തുന്നുണ്ട്. 12 പോയിന്റുമായി അഞ്ചാമതുള്ള ഡൽഹിക്ക് രണ്ടു മത്സരം ശേഷിക്കുന്നതിനൊപ്പം മികച്ച റൺനിരക്കുമുണ്ട്. പഞ്ചാബ്, മുംബെെ ഇന്ത്യൻസ് എന്നിവയുമായാണ് ശേഷിക്കുന്ന മത്സരങ്ങൾ. പഞ്ചാബിന് ഡൽഹി, സൺറൈസേഴ്സ് ഹെെദരാബാദ് ടീമുകളുമായാണ് കളികൾ. ശേഷിക്കുന്ന മത്സരങ്ങൾ ജയിച്ചാൽ ഡൽഹിക്കും പഞ്ചാബിനും സാധ്യതയുണ്ട്. ഒരു കളി ശേഷിക്കെ 12 പോയിന്റുള്ള കൊൽക്കത്ത നെെറ്റ് റൈഡേഴ്സിന് അവസാനകളിയിൽ ലഖ്നൗവിനെതിരെ ജയംമാത്രം മതിയാകില്ല. മറ്റു ടീമുകളുടെ പ്രകടനംകൂടി കണക്കിലെടുക്കണം. രണ്ടു കളി ബാക്കിയുണ്ടെങ്കിലും 10 പോയിന്റുമാത്രമുള്ള ഹെെദരാബാദിന് ഇനി കടുപ്പമാണ്. റൺനിരക്കും അനുകൂലമല്ല. Read on deshabhimani.com

Related News