സയ്യദ്‌ മുഷ്‌താഖ്‌ അലി ട്രോഫി : ഡൽഹി പിടിച്ച്‌ മുന്നോട്ട്‌



മുംബൈ മുംബൈക്ക്‌ പിന്നാലെ ഇന്ത്യൻ ക്രിക്കറ്റിലെ മറ്റൊരു രാജാവും കേരളത്തിനുമുമ്പിൽ വീണു. ഡൽഹിയെ ആറ്‌ വിക്കറ്റിന്‌‌ തകർത്തു‌. 213 എന്ന റൺമല റോബിൻ ഉത്തപ്പയുടെയും (54 പന്തിൽ 91), വിഷ്‌ണു വിനോദിന്റെയും (38 പന്തിൽ 71*) ബാറ്റിനുമുന്നിൽ വഴിമാറി. സയ്യദ്‌ മുഷ്‌താഖ്‌ അലി ട്രോഫി ട്വന്റി–20 ക്രിക്കറ്റിൽ ഒരു ടീം പിന്തുടർന്ന്‌ ജയിക്കുന്ന ഏറ്റവും വലിയ വിജയവും സഞ്ജു സാംസണും കൂട്ടരും സ്വന്തമാക്കി. കളിച്ച മൂന്നിലും ജയിച്ച്‌ അവസാന റൗണ്ട്‌ പ്രതീക്ഷകൾ സജീവമാക്കി കേരളം. എലൈറ്റ്‌ ഗ്രൂപ്പ്‌ ഇയിൽ ഹരിയാനക്കൊപ്പം ഒന്നാമതാണ്‌. സ്‌കോർ: ഡൽഹി 4–-212, കേരളം: 4–-218 (19). കഴിഞ്ഞ കളിയിലെ വിജയശിൽപ്പി മുഹമ്മദ്‌ അസ്‌ഹറുദീനെ (0) ആദ്യ ഓവറിൽ നഷ്ടമായാണ്‌ കേരളം തുടങ്ങിയത്‌. ഇശാന്ത്‌ ശർമയുടെയും പ്രദീപ്‌ സങ്‌വാന്റെയും പന്തുകൾക്കുമുമ്പിൽ ഓപ്പണർമാർ പതറി. നന്നായി തുടങ്ങിയിട്ടും സഞ്ജു (10 പന്തിൽ 16) അനാവശ്യ ഷോട്ടിന്‌ ശ്രമിച്ച്‌ മടങ്ങി. ഉത്തപ്പയ്‌ക്ക്‌ കൂട്ടായി സച്ചിൻ ബേബി എത്തിയതോടെ കളി മാറി. സച്ചിന്റെ  (11 പന്തിൽ 22) ആക്രമണശൈലി കേരളത്തിന്‌ ആത്മവിശ്വാസമേകി. ലളിത്‌ യാദവിനുമുമ്പിൽ സച്ചിൻ വീണപ്പോൾ വീണ്ടും പതറി. എന്നാൽ, വിഷ്‌ണുവും ഉത്തപ്പയും ചേർന്നതോടെ ഡൽഹി വിറച്ചു. ഇരുവരും അടിച്ചുതകർത്തു. നാലാം വിക്കറ്റിൽ 133 റൺ പിറന്നു. പവൻ നേഗിയെ റിവേഴ്‌സ്‌ ഹിറ്റിലൂടെ പായിച്ച രണ്ട്‌ സിക്‌സറടക്കം വിഷ്‌ണു നേടിയത്‌ അഞ്ച്‌ സിക്‌സറും മൂന്ന്‌ ബൗണ്ടറിയും. ഉത്തപ്പയാകട്ടെ എട്ട്‌ സിക്‌സറും മൂന്ന്‌ ഫോറും. പതിനാലാം ഓവറിൽ ഇശാന്ത്‌ വിഷ്‌ണുവിന്റെ കുറ്റി പിഴുതെങ്കിലും നോബോളായത്‌ കളിയിൽ നിർണായകമായി. നേരത്തേ ക്യാപ്‌റ്റൻ ശിഖർ ധവാനും‌ (48 പന്തിൽ 77) ലളിതുമാണ്‌ (25 പന്തിൽ 52*) ഡൽഹിയെ 200‌ കടത്തിയത്‌. നാളെ ആന്ധ്രയ്‌ക്കെതിരെയാണ്‌ കേരളത്തിന്റെ അടുത്ത കളി. Read on deshabhimani.com

Related News