ഒരു ജയം അരികെ ; ഗ്രനഡയെ തോൽപ്പിച്ച്‌ റയൽ കിരീടത്തിലേക്ക്‌



മാഡ്രിഡ്‌ ഗ്രനഡയുടെ വെല്ലുവിളി മറികടന്ന്‌ റയൽ മാഡ്രിഡ്‌ സ്‌പാനിഷ്‌ ലീഗ്‌ കിരീടം ഏറെക്കുറെ ഉറപ്പിച്ചു. 2–-1നായിരുന്നു റയലിന്റെ ജയം. ശേഷിക്കുന്ന രണ്ട്‌ കളിയിൽ ഒരു ജയം മതി റയലിന്‌. രണ്ടും സമനിലയായാലും ജേതാക്കളാകാം. രണ്ടാമതുള്ള ബാഴ്‌സലോണയെക്കാൾ നാല്‌ പോയിന്റ്‌ മുന്നിലാണ്‌. ബാഴ്‌സ അടുത്ത കളി തോറ്റാൽ കളത്തിലിറങ്ങുംമുമ്പ്‌ റയലിന്‌ ചാമ്പ്യൻമാരാകാം. ഗ്രനഡയ്‌ക്കെതിരെ കരിം ബെൻസെമയും ഫെർലാൻഡ്‌ മെൻഡിയുമാണ്‌ ഗോളടിച്ചത്‌. ഗ്രനഡയ്‌ക്കുവേണ്ടി ഡാർവിൻ മാച്ചിസ്‌ ഒരു ഗോൾ തിരിച്ചടിച്ചു.ലീഗിൽ തുടർച്ചയായ ഒമ്പതാംജയമാണ്‌ റയൽ കുറിച്ചത്‌. ഗ്രനഡയ്‌ക്കെതിരെ തകർപ്പൻ തുടക്കമായിരുന്നു സിനദിൻ സിദാന്റെ സംഘത്തിന്റേത്‌. കളി തുടങ്ങി 10 മിനിറ്റിനുള്ളിൽ മെൻഡി റയലിനായി ലക്ഷ്യം കണ്ടു. ക്ലബ്ബിനുവേണ്ടി ഈ പ്രതിരോധക്കാരന്റെ ആദ്യ ഗോളായിരുന്നു ഇത്‌. ആറ്‌ മിനിറ്റിനുള്ളിൽ ബെൻസെമയിലൂടെ റയൽ ഗോൾനേട്ടം രണ്ടാക്കി ഉയർത്തി. സീസണിൽ ബെൻസെമയുടെ 19–-ാം ഗോൾ. റയലിന്റെ ഗോളടിയിൽ തുടക്കത്തിൽ പതറിയെങ്കിലും ഗ്രനഡ തിരിച്ചടിക്കാൻ ആഞ്ഞുശ്രമിച്ചു. റയൽ ഗോൾ കീപ്പർ തിബൗ കുർടോയുടെ നീക്കങ്ങളാണ്‌ അവരെ തടഞ്ഞത്‌. ഗ്രനഡ പ്രതിരോധക്കാരൻ ഡൊമിംഗോസ് ഡുറാറ്റെയുടെ ഷോട്ട്‌ കുർടോ തട്ടിയകറ്റി. ഇടവേളയ്‌ക്കുശേഷം ഗ്രനഡ മാച്ചിസിലൂടെ ലക്ഷ്യം കണ്ടു. ആറ്‌ കളികൾക്കുശേഷം റയൽ വഴങ്ങിയ ആദ്യഗോൾ. അവസാന നിമിഷങ്ങളിൽ ഗ്രനഡ പൊരുതിക്കളിച്ചു. അന്റോണിനിന്റെ അടിയും കുർടോ തടുത്തു. റാമോസ്‌ അസീസിന്റെ തകർപ്പൻ ഷോട്ട്‌ റയൽ ക്യാപ്‌റ്റൻ സെർജിയോ റാമോസ്‌ ഗോൾവലയ്‌ക്കുമുന്നിൽവച്ച്‌ പ്രതിരോധിച്ചു. 2017ലാണ്‌ റയൽ അവസാനമായി ലീഗിൽ കിരീടം ചൂടിയത്‌. Read on deshabhimani.com

Related News