ചെന്നൈ വിജയവഴിയിൽ ; സൺറൈസേഴ്‌സ്‌ ഹൈദരാബാദിനെ 20 റണ്ണിന്‌ പരാജയപ്പെടുത്തി



ദുബായ്‌ ഐപിഎൽ ക്രിക്കറ്റിൽ ചെന്നൈ സൂപ്പർ കിങ്സ്‌ വിജയവഴിയിൽ തിരിച്ചെത്തി. സൺറൈസേഴ്‌സ്‌ ഹൈദരാബാദിനെ 20 റണ്ണിന്‌ പരാജയപ്പെടുത്തി. എട്ട്‌ കളിയിൽ ചെന്നൈയുടെ മൂന്നാം ജയമാണിത്‌. സ്‌കോർ: ചെന്നൈ 6–-167, ഹൈദരാബാദ്‌ 8–-147. മുപ്പത്തൊമ്പതു പന്തിൽ 57 റണ്ണെടുത്ത ന്യൂസിലൻഡ്‌ ക്യാപ്‌റ്റൻ കെയ്‌ൻ വില്യംസനാണ്‌ ഹൈദരാബാദിനായി പൊരുതിയത്‌. ജയിക്കാൻ മൂന്ന്‌ ഓവറിൽ 46 റൺ മതിയായിരിക്കെ വില്യംസൺ പുറത്തായി. ജോണി ബെയർസ്‌റ്റോ (23) മാത്രമാണ്‌ പിന്തുണ നൽകിയത്‌. ഡേവിഡ്‌ വാർണർ (9), മനീഷ്‌ പാണ്ഡെ (4), പ്രിയം ഗാർഗ്‌ (16), വിജയ്‌ ശങ്കർ (12) എന്നിവർ വേഗം മടങ്ങി. റഷീദ്‌ഖാൻ എട്ട്‌ പന്തിൽ 14 റണ്ണടിച്ചു നോക്കിയെങ്കിലും ലക്ഷ്യം അകലെയായിരുന്നു. ചെന്നൈക്കായി കരൺ ശർമയും ഡ്വൈൻ ബ്രാവോയും രണ്ട്‌ വിക്കറ്റ്‌ വീതം നേടി.  ഷെയ്‌ൻ വാട്‌സണും (38 പന്തിൽ 42) അമ്പാട്ടി റായ്‌ഡുവും (34 പന്തിൽ 41) ചേർന്നാണ്‌ ചെന്നൈക്ക്‌ മാന്യമായ സ്‌കോർ സമ്മാനിച്ചത്‌.  രവീന്ദ്ര ജഡേജ 10 പന്തിൽ 25 റണ്ണടിച്ചു. ക്യാപ്‌റ്റൻ മഹേന്ദ്രസിങ് ധോണി 13 പന്തിൽ 21 റണ്ണെടുത്തു. ഓപ്പണറായ സാം കറൻ  21 പന്തിൽ 31 റണ്ണടിച്ചു. ഹൈദരാബാദിനായി പേസർമാരായ സന്ദീപ്‌ ശർമ, ഖലീൽ അഹമ്മദ്‌, ടി നടരാജൻ എന്നിവർ ആറ്‌ വിക്കറ്റുകൾ തുല്യമായി പങ്കിട്ടു. Read on deshabhimani.com

Related News