മെസി കളത്തിൽ



നൗകാമ്പ്‌ ടീം വിടാനുള്ള തീരുമാനം ഉപേക്ഷിച്ചതിനുപിന്നാലെ ബാഴ്‌സലോണക്കുപ്പായം അണിഞ്ഞ്‌ ലയണൽ മെസി. ജിംനാസ്റ്റിക്കിനെതിരായ പരിശീലനമത്സരത്തിൽ മെസി കളിച്ചു. പരിശീലകനായുള്ള റൊണാൾഡ്‌ കൂമാന്റെ അരങ്ങേറ്റവുമായിരുന്നു. കളിയിൽ ബാഴ്‌സ 3–-1ന്‌ ജയിച്ചു. ഉസ്‌മാൻ ഡെംബെലെ, ഒൺടോയ്‌ൻ ഗ്രീസ്‌മാൻ, ഫിലിപ്‌ കുടീന്യോ എന്നിവർ ലക്ഷ്യംകണ്ടു. ഇരുപകുതികളിലും വ്യത്യസ്ത ടീമിനെയാണ്‌ കൂമാൻ കളത്തിലിറക്കിയത്‌. ആദ്യപകുതിയാണ്‌ മെസി ഇറങ്ങിയത്‌. ഈ സീസണിൽ ടീം വിടാനുള്ള ആഗ്രഹം കഴിഞ്ഞമാസമാണ് മെസി ബാഴ്‌സയെ‌ അറിയിച്ചത്‌. പിന്നീടുള്ള ദിവസങ്ങളിൽ പ്രതിസന്ധിയായിരുന്നു നൗകാമ്പിൽ. ഒടുവിൽ ടീമിനെ കോടതി കയറ്റാനില്ലെന്ന്‌ അറിയിച്ച്‌ ഒരുവർഷംകൂടി തുടരാമെന്ന്‌ മെസി പ്രഖ്യാപിച്ചു. അതുവരെ ടീമിന്റെ പരിശീലനത്തിൽനിന്ന്‌ വിട്ടുനിൽക്കുകയായിരുന്നു മുപ്പത്തിമൂന്നുകാരൻ.‌ ബാഴ്‌സയുടെ പരിശീലനമൈതാനമായ യോഹാൻ ക്രൈഫ്‌ സ്‌റ്റേഡിയത്തിലായിരുന്നു കളി. പുതുമുഖങ്ങൾ ഉൾപ്പെടെ ടീമിലെ ഭൂരിഭാഗം കളിക്കാർക്കും പരിശീലകൻ അവസരം നൽകി. പരിക്കുമാറി 290 ദിവസങ്ങൾക്കുശേഷമാണ്‌ മുന്നേറ്റക്കാരൻ ഡെംബെലെ എത്തിയത്‌. കുടീന്യോയാകട്ടെ കഴിഞ്ഞ സീസണിൽ ബയേൺ മ്യൂണിക്കിൽ വായ്‌പാടിസ്ഥാനത്തിൽ കളിക്കുകയായിരുന്നു. 16ന്‌ ജിറോണയ്‌ക്കെതിരെയാണ്‌ ബാഴ്‌സയുടെ അടുത്ത പരിശീലനമത്സരം. 19ന്‌ യോഹാൻ ഗാംപെർ ട്രോഫിയിൽ എൽച്ചെയെയും നേരിടും. രണ്ടു കളികളും രാത്രി 10.30നാണ്‌. ബാഴ്‌സയുടെ യുട്യൂബ്‌ ചാനലിൽ തത്സമയം സംപ്രേഷണവുമുണ്ട്‌. 27ന്‌ വിയ്യാറായലിനെതിരെയാണ്‌ സ്‌പാനിഷ്‌ ലീഗിലെ ബാഴ്‌സയുടെ അരങ്ങേറ്റം. സ്‌പാനിഷ്‌ ലീഗിലെ ആദ്യകളിയിൽ ഗ്രനഡ അത്‌ലറ്റിക്‌ ക്ലബ്ബിനെ രണ്ട്‌ ഗോളിന്‌ വീഴ്‌ത്തി. ഒസാസുന കാഡിസിനെയും മറികടന്നു (2–-0). Read on deshabhimani.com

Related News