അമ്പൊഴിയാതെ ഗ്വാർഡിയോള



ലണ്ടൻ ഒരിക്കൽക്കൂടി മാഞ്ചസ്റ്റർ സിറ്റി. ഇംഗ്ലീഷ‌്  പ്രീമിയർ ലീഗിൽ സിറ്റി കിരീടനേട്ടം ആവർത്തിക്കുമ്പോൾ പറയാനുള്ള പ്രധാന പേരാണ‌് പരിശീലകൻ പെപ്‌ ഗ്വാർഡിയോളയുടേത‌്. കഴിഞ്ഞ വർഷം നൂറ്‌ പോയിന്റുകൾ നേടി എതിരാളികളെ ഏറെദൂരം പിന്നിലാക്കിയാണ‌് ഗ്വാർഡിയോളയുടെ സംഘം കിരീടം ചൂടിയതെങ്കിൽ ഇത്തവണ കാര്യങ്ങൾ എളുപ്പമല്ലായിരുന്നു. ജർമൻകാരനായ പരിശീലകൻ യുർഗൻ ക്ലോപ്പിന്റെ ലിവർപൂളെന്ന ടീം സിറ്റിക്കൊപ്പം കൂടി. സീസൺ അവസാനിച്ചപ്പോൾ ഒരു പോയിന്റിന്റെ അകലത്തിലാണ്‌ മാഞ്ചസ്റ്ററുകാർ ചാമ്പ്യൻപട്ടം ഉറപ്പിച്ചത്‌. സിറ്റിക്ക്‌ 98ഉം ലിവർപൂളിന്‌ 97ഉം പോയിന്റുകൾ. 32 തവണയാണ്‌ ഇരുടീമുകളും ഒന്നാം സ്ഥാനത്ത്‌ മാറിമാറി വന്നത്‌. മൈതാനത്ത്‌ തിരിച്ചടികൾ നേരിട്ടപ്പോഴും ടീം പിന്നിലായപ്പോഴും കുമ്മായ വരയ്‌ക്കിപ്പുറത്ത്‌ പതറാതെ സിറ്റിക്ക്‌ വിജയതന്ത്രം ഓതിക്കൊടുത്തു സ്‌പാനിഷുകാരൻ ഗ്വാർഡിയോള. തുടർച്ചയായി പതിനാല‌് കളികൾ ജയിച്ചാണ‌് ടീം പ്രീമിയർ ലീഗ‌്‌ സ്വന്തമാക്കിയത‌്. ചാമ്പ്യൻസ്‌ ലീഗും സ്‌പാനിഷ്‌ ലീഗും പ്രീമിയർ ലീഗുമെല്ലാം സ്വന്തമാക്കിയ  ഗ്വാർഡിയോള പരിശീലകനായി 26 കിരീടങ്ങൾ സ്വന്തം ഷെൽഫിൽ എത്തിച്ചുകഴിഞ്ഞു. രണ്ട്‌ വർഷംമുമ്പ്‌ ബയേൺ മ്യൂണിക്കിൽനിന്ന്‌ ഗ്വാർഡിയോള ഇംഗ്ലണ്ടിലേക്ക്‌ ചേക്കേറിയപ്പോൾ സംശയിച്ചവർ ഒരുപാടാണ്‌. ബാഴ്‌സലോണയിലും ബയേണിലും മെനഞ്ഞ കളിതന്ത്രം പ്രീമിയർ ലീഗിൽ ചെലവാകുമോ എന്ന്‌. ആദ്യസീസണിൽ സിറ്റിയും പെപും കിരീടങ്ങളില്ലാതെ തലതാഴ്‌ത്തി. വിമർശകർ അട്ടഹസിച്ചു. തന്റെ രണ്ടാം സീസണിൽ അതായത്‌ കഴിഞ്ഞ സീസണിൽ രണ്ടാമതെത്തിയ മാഞ്ചസ്റ്റർ യുണൈറ്റഡിനേക്കാൾ 19 പോയിന്റിന്‌ മുന്നിലെത്തിയാണ്‌ പെപ്‌ ഇതിനു മറുപടി നൽകിയത്‌. എതിരാളികളുടെ വലയിൽ നൂറിൽ കൂടുതൽ ഗോളടിച്ചും 100 പോയിന്റ്‌ എന്ന മാന്ത്രിക അക്കം പിടിച്ചും അവർ പുതുചരിത്രം കുറിച്ചു. ഇത്തവണ വലിയ വെല്ലുവിളികളായിരുന്നു. പരിക്കുകൾ ടീമിനെ ഉലച്ചു. ലിവർപൂളിന്റെ മുന്നേറ്റവും സമ്മർദം കൂട്ടി. പ്രധാന പ്രശ്നം മധ്യനിരയിലായിരുന്നു. സിറ്റിയുടെ കുതിപ്പിന്‌ ഊർജം പകർന്ന ബൽജിയംകാരൻ കെവിൻ ഡി ബ്രയ്‌നെ ഇക്കുറി പരിക്ക്‌ വലച്ചു. ബെഞ്ചമിൻ മെൻഡിക്കും ഫെർണാഡീനോയ്‌ക്കും പരിക്കുമൂലം തിളങ്ങാനായില്ല. ഗ്വാർഡിയോള വിഷമിച്ചു. പക്ഷേ, തളർന്നില്ല. പ്രതിവിധിയും തന്ത്രങ്ങളും  ആവനാഴിയിൽ നിറച്ച‌് പോർച്ചുഗീസുകാരൻ ബെർണാഡോ സിൽവയെ മധ്യനിര ഏൽപ്പിച്ചു പരിശീലകൻ. സീസണിൽ സിൽവയുടെ കാലുകളിലെത്താതെ ഒറ്റ പന്തും എതിർവല കുലുക്കിയിട്ടില്ല. മധ്യനിരയിലും ഇരുഭാഗങ്ങളിലുമായി ഒരുപോലെ തിളങ്ങി ഈ ഇരുപത്തിനാലുകാരൻ. റഹീം സ്‌റ്റെർലിങ്ങായിരുന്നു മറ്റൊരു പരിഹാരം. കഴിഞ്ഞ സീസണുകളിൽ ബെഞ്ചിലിരുത്തിയ ഇംഗ്ലണ്ടുകാരനെ സെർജിയോ അഗ്വോറേയ്‌ക്കൊപ്പം മുന്നേറ്റത്തിലിറക്കി. വേഗവും കൃത്യതയും കൊണ്ട്‌ അതിശയിപ്പിച്ചു ഇംഗ്ലണ്ടുകാരൻ. ലീഗിൽ 34 കളികളിൽനിന്ന്‌ 17 ഗോളുകളാണ്‌ സ്‌റ്റെർലിങ് കുറിച്ചത്‌. 12 ഗോളവസരങ്ങളും ടീമിനായി ഒരുക്കി. 21 ഗോളുകളടിച്ച്‌ ടീമിന്റെ ടോപ്‌ സ്‌കോററായ അഗ്വേറോ മികവ്‌ ആവർത്തിച്ചു. അഴ്‌സണലിന്റെ സഹപരിശീലകനായ മൈക്കൽ അർതേറ്റയെ രണ്ടാം പരിശീലകനായി എത്തിച്ച നീക്കവും ടീമിന്റെ മുന്നേറ്റത്തിൽ നിർണായകമായി. ഗ്വാർഡിയോളയുടെ മനസ്സറിഞ്ഞ്‌ ടീമിനെ അണിയിച്ചു അഴ്‌സൻ വെംഗറുടെ പ്രിയശിഷ്യൻ. Read on deshabhimani.com

Related News