‘അസ്‌ഹർ ഷോ’ ; കേരളം മുംബൈയെ തകർത്തു



മുംബൈ മുഹമ്മദ്‌ അസ്‌ഹറുദീൻ വീണ്ടും അവതരിച്ചു, ‘കേരളത്തിനായി’. മുംബൈ വാംഖഡെ സ്‌റ്റേഡിയത്തിൽ പുറത്താകാതെ 54 പന്തിൽ 137 റണ്ണടിച്ച്‌ ഈ കേരള ഓപ്പണർ പുതുചരിത്രമെഴുതി. ടൂർണമെന്റിന്റെ എക്കാലത്തെയും വേഗതയേറിയ രണ്ടാമത്തെ സെഞ്ചുറി. കേരളക്കാരന്റെ ആദ്യത്തേയും. ഒരു ഇന്ത്യൻ താരത്തിന്റെ വേഗതയേറിയ നാലാമത്തെ സെഞ്ചുറിയുമാണിത്‌. അസ്‌ഹറുദീന്റെ കരുത്തിൽ സയ്യദ്‌ മുഷ്‌താഖ്‌ അലി ട്രോഫി ക്രിക്കറ്റിൽ കേരളം വമ്പൻമാരായ മുംബൈയെ തുരത്തി. എട്ട്‌ വിക്കറ്റ്‌ ജയം. ടൂർണമെന്റിലെ തുടർച്ചയായ രണ്ടാമത്തേത്‌. മുംബൈ 7–-196, കേരളം 2–-201 (15.5). വമ്പൻ വിജയലക്ഷ്യം പിന്തുടർന്ന കേരളത്തിന്‌ പതർച്ചയുണ്ടായില്ല. അസ്‌ഹറുദീൻ മുന്നിൽനിന്ന്‌ നയിച്ചു. തുടക്കത്തിലേ വെടിക്കെട്ടായിരുന്നു. പ്രസിദ്ധമായ വാംഖഡെ സ്‌റ്റേഡിയം നിറയെ കാസർകോടുകാരൻ പന്ത്‌ പായിച്ചു. അപ്പുറം റോബിൻ ഉത്തപ്പയായിരുന്നു  (23 പന്തിൽ 33) കൂട്ട്‌. പതിനൊന്ന്‌ സിക്‌സറും ഒമ്പത്‌ ബൗണ്ടറിയും ഉൾപ്പെട്ട ഇന്നിങ്‌സ്‌. 20 പന്തിൽ അരസെഞ്ചുറി തികച്ച അസ്‌ഹറിന്‌ പിന്നീടുള്ള അമ്പത്‌ റണ്ണിന്‌ വേണ്ടിവന്നത്‌ വെറും 17 പന്തുകൾ. 37 പന്തുകളിൽ സെഞ്ചുറി കണ്ടു. സഞ്ജു സാംസൺ 12 പന്തിൽ 22 റണ്ണെടുത്ത്‌ പുറത്തായി. നാളെ ഡൽഹിക്കെതിരെയാണ്‌ കേരളത്തിന്റെ അടുത്ത മത്സരം. നേരത്തേ ആദിത്യ താരെയുടെയും (31 പന്തിൽ 42) യശസ്വി ജെയസ്വാളിന്റെയും  (32 പന്തിൽ 40) ഓപ്പണിങ്‌ കൂട്ടുകെട്ടാണ്‌ മുംബൈക്ക്‌ തുണയായത്‌. 19 പന്തിൽ 38 റണ്ണടിച്ച ക്യാപ്‌റ്റൻ  സൂര്യകുമാർ യാദവും മോശമാക്കിയില്ല. അവസാന ഓവറുകളിൽ ഇന്ത്യൻ ഓൾറൗണ്ടർ ശിവം ദുബെയുടെ (13 പന്തിൽ 26) വെടിക്കെട്ടും മുംബൈയെ ഇരുനൂറിന്‌ അടുത്തെത്തിച്ചു. കേരളത്തിനായി ജലജ്‌ സക്‌സേനയും കെ എം ആസിഫും മൂന്നുവീതം വിക്കറ്റുകൾ നേടി. 47 റൺ വഴങ്ങിയ എസ്‌ ശ്രീശാന്ത്‌ നിരാശപ്പെടുത്തി Read on deshabhimani.com

Related News