പരിക്കിൽ പിടഞ്ഞ്‌ ഇന്ത്യ



ബ്രിസ്‌ബെയ്‌ൻ പരിക്കിന്റെ നീറ്റലുമായി ഇന്ത്യ നാളെ ഇറങ്ങും. ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ്‌ പരമ്പരയിലെ അവസാനത്തെ മത്സരം ഗാബയിലാണ്‌. നാല്‌ മത്സര പരമ്പര 1–-1 എന്ന നിലയിലാണ്‌. ജയം പിടിക്കുന്നവർക്ക്‌ പരമ്പരയുമായി മടങ്ങാം. പരിക്കേറ്റ്‌ പ്രധാന കളിക്കാർ പുറത്തായത്‌ ഇന്ത്യക്ക്‌ തിരിച്ചടിയാണ്‌. ആദ്യ പതിനൊന്നിൽ ഉൾപ്പെടുന്ന ഭൂരിഭാഗം പേരും മടങ്ങി. ഇശാന്ത്‌ ശർമ ഉൾപ്പെടെ ഏഴ്‌ താരങ്ങളാണ്‌ പുറത്തായത്‌. ആർ അശ്വിനും മായങ്ക്‌ അഗർവാളും സംശയത്തിലാണ്‌. ടീം തെരഞ്ഞെടുപ്പാണ്‌ ഇന്ത്യയുടെ വെല്ലുവിളി. പുലർച്ചെ അഞ്ചിന്‌ കളി തുടങ്ങും. പരിക്കിന്റെ പരമ്പരയായിരുന്നു ഇന്ത്യക്ക്‌ ഇത്തവണ. പരമ്പരയ്‌ക്ക്‌ മുമ്പേ പേസർ ഇശാന്ത്‌ ശർമ പുറത്തായി. മുഹമ്മദ്‌ ഷമി, ഉമേഷ്‌ യാദവ്‌, കെ എൽ രാഹുൽ എന്നിവരെയും ഇടയിൽ നഷ്ടമായി. സിഡ്‌നിയിലെ മൂന്നാം ടെസ്റ്റിൽ അഞ്ചുപേർക്ക്‌ പരിക്കേറ്റു. ഇതിൽ രവീന്ദ്ര ജഡേജ, ഹനുമ വിഹാരി, ജസ്‌പ്രത്‌ ബുമ്ര എന്നിവർ പുറത്തായി. സ്‌പിന്നർ ആർ അശ്വിന്റെ കാര്യത്തിൽ തീരുമാനമായിട്ടില്ല. ഋഷഭ്‌ പന്ത്‌ കളിക്കും. ബൗളിങ്‌ വിഭാഗത്തിലാണ്‌ പ്രധാന ആശങ്ക. രണ്ട്‌ ടെസ്റ്റുമാത്രം കളിച്ച മുഹമ്മദ്‌ സിറാജാണ്‌ പരിചയസമ്പന്നൻ. കഴിഞ്ഞ കളിയിൽ അരങ്ങേറിയ നവ്‌ദീപ്‌ സെയ്‌നിയുമുണ്ട്‌. ശർദുൾ താക്കൂറും ടെസ്റ്റ്‌ കളിക്കാത്ത ടി നടരാജനുമാണ്‌ ബാക്കിയുള്ളവർ. പേസർമാരുടെ പറുദീസയാണ്‌ ഗാബ. ഇതിനാൽത്തന്നെ നാലുപേരേയും ഇന്ത്യ ഉൾപ്പെടുത്തിയേക്കും. അശ്വിൻ ഇല്ലെങ്കിൽ കുൽദീപ്‌ യാദവ്‌ എത്തും. വൃദ്ധിമാൻ സാഹ വിക്കറ്റ്‌ കീപ്പറാകും. പന്ത്‌ ബാറ്റ്‌സ്‌മാനായും ഉൾപ്പെടും. Read on deshabhimani.com

Related News