അലാവെസിനെയും മടക്കി റയൽ മുന്നോട്ട്‌ ; കിരീടം അരികെ



മാഡ്രിഡ്‌ റയൽ മാഡ്രിഡ് സ്‌പാനിഷ്‌ ഫുട്‌ബോൾ കിരീടത്തിലേക്ക്‌ അടുത്തു. ഡിപൊർടീവോ അലാവെസിനെ രണ്ട്‌ ഗോളിന്‌ തോൽപ്പിച്ച റയലിന്‌ ഒന്നാംസ്ഥാനത്ത്‌ നാല്‌ പോയിന്റ്‌ ലീഡായി. 35 കളിയിൽ 80 പോയിന്റാണ്‌. രണ്ടാമതുള്ള ബാഴ്‌സലോണയ്‌ക്ക്‌ 76 പോയിന്റ്‌. ശേഷിക്കുന്ന മൂന്ന്‌ കളിയിൽ രണ്ട്‌ ജയം മതി റയലിന്‌. അല്ലെങ്കിൽ ഒരു ജയവും രണ്ട്‌ സമനിലയും മതിയാകും. കരിം ബെൻസെമയും മാർകോ അസെൻസിയോയുമാണ്‌ റയലിനായി ഗോളടിച്ചത്‌. കളിയുടെ ആദ്യഘട്ടത്തിൽ അലാവെസാണ്‌ മികച്ച കളി പുറത്തെടുത്തത്‌. മുന്നേറ്റക്കാരൻ ജോസെലുവിന്റെ ഹെഡർ ക്രോസ്‌ ബാറിൽ തട്ടിത്തെറിക്കുകയായിരുന്നു. തിരിച്ചെത്തിയ പന്തിൽ ലൂകാസ്‌ പെരെസ്‌ കനത്ത അടി തൊടുത്തെങ്കിലും റയൽ പ്രതിരോധക്കാരൻ റാഫേൽ വരാനെ ഗോൾവരയ്‌ക്ക്‌ മുന്നിൽവച്ച്‌ തടഞ്ഞു. അലാവെസ്‌ പിടിമുറുക്കുന്നതിനിടെയായിരുന്നു ബെൻസെമയുടെ ഗോൾ റയലിന്‌ ഉണർവ്‌ നൽകിയത്‌. പെനൽറ്റിയിലൂടെയായിരുന്നു ഗോൾ. ഈ സീസണിൽ ബെൻസെമയുടെ പതിനെട്ടാം ഗോളാണിത്‌. അലാവെസിന്‌ പിന്നെയും അവസരങ്ങൾ കിട്ടി. റയൽ ഗോൾ കീപ്പർ തിബൗ കുർടോ അലാവെസ്‌ നീക്കങ്ങളെ ചെറുത്തു. രണ്ടാംപകുതിയിൽ അസെൻസിയോ ഗോളടിച്ചതോടെ റയൽ ജയം ഉറപ്പിച്ചു. ബെൻസെമ അവസരമൊരുക്കി. വാറിലാണ്‌ ഗോൾ തീർപ്പാക്കിയത്‌. ആദ്യം ഓഫ്‌ സൈഡ്‌ വിളിച്ചിരുന്നു. പരിശോധനയിൽ അത് തെറ്റാണെന്ന്‌ തെളിഞ്ഞു. Read on deshabhimani.com

Related News