ഐപിഎൽ : ദേവ്ദത്ത്, അശ്വിൻ പൊരുതി



മുംബൈ ഐപിഎല്ലിൽ പ്ലേ ഓഫ്‌ ഉറപ്പിക്കാൻ ഇറങ്ങിയ രാജസ്ഥാൻ റോയൽസ് ബാറ്റിങ് നിരയെ ഡൽഹി ക്യാപിറ്റൽസ്‌ മെരുക്കി. ടോസ്‌ നഷ്ടപ്പെട്ട്‌ ആദ്യം ബാറ്റ്‌ ചെയ്‌ത രാജസ്ഥാന്‌ ആറ്‌ വിക്കറ്റ്‌ നഷ്ടത്തിൽ 160 റണ്ണെടുക്കാനെ കഴിഞ്ഞുള്ളൂ. മൂന്നാമനായെത്തിയ ആർ അശ്വിനും (38 പന്തിൽ 50) ദേവ്‌ദത്ത്‌ പടിക്കലുമാണ്‌ (30 പന്തിൽ 48) രാജസ്ഥാനായി തിളങ്ങിയത്‌. ഡൽഹിക്കായി ചേതൻ സകറിയ, ആൻറിച്‌ നോർത്യെ, മിച്ചെൽ മാർഷ്‌ എന്നിവർ രണ്ടുവീതം വിക്കറ്റെടുത്തു. രാജസ്ഥാന്റെ തുടക്കം തകർച്ചയോടെയായിരുന്നു. സൂപ്പർതാരം ജോസ്‌ ബട്‌ലറിനെ (11 പന്തിൽ 7) മൂന്നാം ഓവറിൽ ശാർദുൾ ഠാക്കൂറിന്റെ കൈകളിലെത്തിച്ച്‌ ചേതൻ ഡൽഹിക്ക്‌ ആധിപത്യം നൽകി. സ്ഥാനക്കയറ്റം കിട്ടിയെത്തിയ അശ്വിൻ ക്ഷമയോടെ ബാറ്റ്‌ വീശി. യശ്വസി ജയ്‌സ്വാളിനെ (19 പന്തിൽ 19) കൂട്ടുപിടിച്ച്‌ സ്‌കോർ ഉയർത്തി. 42 റൺ ചേർത്തു. ജയ്‌സ്വാൾ മടങ്ങിയശേഷം ദേവ്‌ദത്ത്‌ എത്തിയതോടെ റൺനിരക്കുയർന്നു. മൂന്നാം വിക്കറ്റിൽ 36 പന്തിൽ 53 റൺ പിറന്നു. അശ്വിൻ രണ്ട്‌ സിക്‌സറും നാല്‌ ഫോറും പായിച്ചു. 15–-ാം ഓവറിൽ മാർഷാണ്‌ വലംകൈയനെ പുറത്താക്കിയത്‌.  ആക്രമിച്ചുകളിച്ച ദേവ്‌ദത്ത്‌ രണ്ട്‌ സിക്‌സറും ആറ്‌ ബൗണ്ടറിയും നേടി. ക്യാപ്‌റ്റൻ സഞ്ജു സാംണിന്‌ (4 പന്തിൽ 6) തിളങ്ങാനായില്ല. റിയാൻ പരാഗ്‌ ഒമ്പത്‌ റണ്ണുമായി മടങ്ങി. ഭാര്യയുടെ പ്രസവവുമായി ബന്ധപ്പെട്ട്‌ നാട്ടിലേക്ക്‌ മടങ്ങിയ വെസ്റ്റിൻഡീസുകാരൻ ഷിംറോൺ ഹെറ്റ്‌മെയറുടെ അഭാവം രാജസ്ഥാനെ ബാധിച്ചു. പകരമെത്തിയ റാസി വാൻഡെർ ദുസെന്‌ (10 പന്തിൽ 12) കളംപിടിക്കാനായില്ല. Read on deshabhimani.com

Related News