ഖത്തറിൽ
 ഖത്തർ ആദ്യം ; ലോകകപ്പ്‌ ഒരു ദിവസം നേരത്തേ ?



ദോഹ ഖത്തർ ഫുട്‌ബോൾ ലോകകപ്പ്‌ ഒരുദിവസം നേരത്തേ തുടങ്ങാൻ ആലോചന. നിർദേശം ഫിഫ കൗൺസിൽ അംഗീകരിച്ചാൽ നവംബർ 20ന്‌ തുടങ്ങി ഡിസംബർ 18ന്‌ അവസാനിക്കും. നിലവിൽ നവംബർ 21നാണ്‌ കിക്കോഫ്‌.  ആതിഥേയരായ ഖത്തറും ഇക്വഡോറും തമ്മിലുള്ള കളി 20ന്‌ രാത്രി 9.30ന്‌ നടത്താനാണ്‌ നീക്കം. നേരത്തേ നിശ്‌ചയിച്ച മത്സരക്രമം അനുസരിച്ച്‌ നവംബർ 21ന്‌ സെനഗലും നെതർലൻഡ്‌സും തമ്മിലാണ്‌ ആദ്യ കളി. ഇന്ത്യൻ സമയം പകൽ മൂന്നരയ്‌ക്കാണ്‌ (ഖത്തർ സമയം പകൽ ഒരുമണി) കിക്കോഫ്‌. രണ്ടാമത്തെ കളി ഇംഗ്ലണ്ടും ഇറാനും തമ്മിൽ വൈകിട്ട്‌ 6.30ന്‌. മൂന്നാമത്തെ മത്സരമായിരുന്നു ഖത്തർ–-ഇക്വഡോർ. 21ന്‌ രാത്രി 9.30നായിരുന്നു നിശ്‌ചയിച്ചിരുന്നത്‌. പുലർച്ചെ 12.30ന്‌ അമേരിക്ക–-വെയ്‌ൽസ്‌ മത്സരമുണ്ട്‌. ആതിഥേയരാജ്യം ഉദ്‌ഘാടനമത്സരത്തിന്‌ ഇറങ്ങുന്ന പതിവ്‌ 2006 ജർമനി ലോകകപ്പുമുതലാണ്‌ തുടങ്ങിയത്‌. അതിനുമുമ്പ്‌ നിലവിലെ ജേതാക്കളാണ്‌ ഉദ്‌ഘാടന മത്സരത്തിന്‌ ഇറങ്ങിയിരുന്നത്‌. കഴിഞ്ഞ മൂന്ന്‌ ലോകകപ്പിലും ആതിഥേയർ ആദ്യ കളിക്കിറങ്ങി. ഖത്തർ ലോകകപ്പ്‌ കൗണ്ട്‌ഡൗണിനുള്ള തയ്യാറെടുപ്പിലാണ്‌. നിലവിലെ മത്സരക്രമം അനുസരിച്ച്‌ കിക്കോഫിന്‌ 102 ദിവസമാണുള്ളത്‌. 32 ടീമുകളും തയ്യാറെടുപ്പുകൾ ആരംഭിച്ചു. അഞ്ചുതവണ ജേതാക്കളായ ബ്രസീൽ ലോകകപ്പിനുള്ള ജഴ്‌സി പുറത്തിറക്കി. ആരാധകരുടെ പ്രിയങ്കരമായ മഞ്ഞ ജഴ്‌സിയിൽ നീലയും പച്ചയും ബോർഡറുണ്ട്‌. ആകർഷകവും തീക്ഷ്‌ണവുമെന്നാണ്‌ നിർമാതാക്കളായ നൈക്കിന്റെ പ്രതികരണം. രണ്ടാമത്തെ ജഴ്‌സി നീലക്കളറിലാണ്‌. കളിക്കാരായ അലിസൺ, ഫിലിപ്‌ കുടീന്യോ, മാർക്വിന്യോസ്‌, റോഡ്രിഗോ എന്നിവർ ജഴ്‌സിയണിഞ്ഞ്‌ പ്രത്യക്ഷപ്പെട്ടു. ഒറ്റമണിക്കൂറിൽ പുതിയ ജഴ്‌സികൾ വിറ്റഴിഞ്ഞു.  മനോഹരം എന്നാണ്‌ കളിക്കാരനായ റിച്ചാലിസന്റെ പ്രതികരണം. ബ്രസീൽ ജഴ്‌സി അണിയുന്നതിനേക്കാൾ മഹത്തരമായി മറ്റൊന്നും ലോകത്തില്ല. അത്‌ അഭിമാനവും സന്തോഷവും നൽകുന്നതായി ഇരുപത്തഞ്ചുകാരൻ പറഞ്ഞു. Read on deshabhimani.com

Related News