ജർമൻ ലീഗിന്‌ തിരിച്ചടി; രണ്ടു കളിക്കാർക്ക്‌ കോവിഡ്‌, ഡ്രെസ്‌ഡെൻ ടീം നിരീക്ഷണത്തിൽ



മ്യൂണിക്‌ സീസൺ പുനരാരംഭിക്കുന്നതിന്‌ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ ജർമൻ ഫുട്‌ബോൾ ലീഗിൽ പ്രതിസന്ധി. രണ്ടാം ഡിവിഷൻ ക്ലബ് ഡൈനാമോ ഡ്രെസ്‌ഡെന്റെ രണ്ട്‌ കളിക്കാർക്ക്‌ വൈറസ്‌ ബാധ സ്ഥിരീകരിച്ചു. ഇതോടെ ടീം മുഴുവൻ രണ്ടാഴ്‌ച നിരീക്ഷണത്തിൽ ഇരിക്കണം. ഈ മാസം 16ന്‌ മത്സരങ്ങൾ തുടങ്ങാൻ ജർമൻ സർക്കാർ അനുമതി നൽകിയിരുന്നു. കളിക്കാർ പരിശീലനവും നടത്തി. ഇതിനിടെ കോവിഡ്‌ പരിശോധനയ്‌ക്കും വിധേയരായി. കഴിഞ്ഞ ദിവസം കിട്ടിയ പരിശോധനാ ഫലത്തിലാണ്‌ രണ്ട്‌ ഡ്രെസ്‌ഡെൻ കളിക്കാർക്ക്‌ കോവിഡ്‌ ഉള്ളതായി തെളിഞ്ഞത്‌. 26നാണ്‌ ഡ്രെസ്‌ഡെൻ ടീമിന്റെ ആദ്യ കളി. ഈ കളി മാറ്റിവയ്‌ക്കേണ്ടിവരും. രണ്ടാം ഡിവിഷനിൽ 81 മത്സരങ്ങളാണ്‌ പൂർത്തിയാക്കാനുള്ളത്‌. ഡ്രെസ്‌ഡെൻ ടീമിന്റെ രണ്ട്‌ മത്സരങ്ങൾ മാറ്റിവയ്‌ക്കും. ഈ സീസൺ മത്സരങ്ങൾ പൂർത്തിയാക്കുമെന്ന്‌ ജർമൻ ലീഗ്‌ ചീഫ്‌ എക്‌സിക്യൂട്ടീവ്‌ ക്രിസ്‌റ്റ്യൻ സീഫെർട്ട്‌ പറഞ്ഞു. മാർച്ചിലാണ്‌ ജർമനിയിൽ മത്സരങ്ങൾ നിർത്തിവച്ചത്‌. കോവിഡ്‌ വ്യാപന ഭീഷണി കുറഞ്ഞതോടെ കഴിഞ്ഞ മാസമാദ്യം ബയേൺ മ്യൂണിക്‌ ഉൾപ്പെടെയുള്ള പ്രധാന ക്ലബ്ബുകളുടെ കളിക്കാർ പരിശീലനത്തിനിറങ്ങി. മറ്റ്‌ ലീഗുകളെല്ലാം ജർമൻ ലീഗ്‌ തുടങ്ങുന്നതിനായി കാത്തിരിക്കുകയാണ്‌. ജർമൻ ലീഗിലെ പുരോഗതി അനുസരിച്ചാകും മറ്റ്‌ ലീഗുകളുടെ നീക്കങ്ങൾ. ഫ്രഞ്ച്‌ ലീഗ്‌ ഉപേക്ഷിച്ചിരുന്നു. Read on deshabhimani.com

Related News