സ്വർണ തൂവൽ ; ബാഡ്മിന്റണിൽ ഇന്ത്യക്ക് പൊൻനേട്ടം

image credit p v sindhu twitter


ബർമിങ്‌ഹാം കോമൺവെൽത്ത് ഗെയിംസ് ബാഡ്മിന്റണിൽ ഇന്ത്യക്ക് പൊൻനേട്ടം.  സിംഗിൾസിൽ പി വി സിന്ധുവും ലക്ഷ്യ സെന്നും ഡബിൾസിൽ ചിരാഗ് ഷെട്ടി–സാത്വിക് സായ്-രാജ്  രങ്കിറെഡ്ഡി സഖ്യവും പൊന്നണിഞ്ഞു. വനിതാ ഡബിൾസിൽ മലയാളി താരം ട്രീസ ജോളി–ഗായത്രി ഗോപീചന്ദ് സഖ്യവും പുരുഷ സിംഗിൾസിൽ കിഡംബി ശ്രീകാന്തും വെങ്കലം സ്വന്തമാക്കി. ഗെയിംസിൽ മൂന്ന് സ്വർണം നേടുന്നത് ആദ്യമായാണ്. കോമൺവെൽത്ത് ഗെയിംസിൽ കഴിഞ്ഞ രണ്ടുതവണയും പൊന്നിലേക്ക് എത്താൻ കഴിയാത്ത സിന്ധു, ബർമിങ്ഹാമിൽ ആ സ്വപ്നം പൂർത്തിയാക്കി. വനിതാ സിംഗിൾസ്‌ ഫൈനലിൽ ക്യാനഡക്കാരി മിച്ചെല്ലെ ലീയെ നേരിട്ടുള്ള ഗെയിമുകളിൽ തകർത്തായിരുന്നു കിരീടം (21–15, 21–13). നീണ്ട റാലികളിലൂടെ കളിപിടിക്കാൻ ലീ ശ്രമിച്ചെങ്കിലും സിന്ധു വിട്ടുകൊടുത്തില്ല. തകർപ്പനൊരു ക്രോസ് കോർട്ട് ഷോട്ടിലൂടെ ജയം പൂർത്തിയാക്കി. കഴിഞ്ഞ ഗെയിംസിൽ വെള്ളിയായിരുന്നു. 2014ൽ വെങ്കലവും. കോമൺവെൽത്ത് ഗെയിംസ് ചരിത്രത്തിലെ ഇന്ത്യയുടെ 200–ാംസ്വർണമാണ് സിന്ധുവിലൂടെ കിട്ടിയത്. രണ്ടുതവണ ഒളിമ്പിക് മെഡൽ ജേത്രിയായ ഹെെദരാബാദുകാരി ഒരുതവണ ലോകചാമ്പ്യനുമായി. രണ്ടുതവണവീതം വെള്ളിയും വെങ്കലവും. പുരുഷ സിംഗിൾസിൽ ലക്ഷ്യയുടെ നേട്ടം അനുപമമായിരുന്നു. മലേഷ്യയുടെ സെ യോങ്ങിനെ മൂന്ന് ഗെയിം പോരാട്ടത്തിൽ കീഴടക്കിയാണ് ഇരുപതുകാരൻ ചാമ്പ്യനായത്. ആദ്യ ഗെയിം നഷ്ടമായശേഷം ശക്തമായി തിരിച്ചുവന്നു (19–21, 21–9, 21–16). കോമൺവെൽത്ത് ഗെയിംസ് ചരിത്രത്തിൽ പുരുഷ സിംഗിൾസിൽ ഇന്ത്യയുടെ നാലാംസ്വർണമാണിത്. പ്രകാശ് പദുക്കോൺ (1978), സയ്യദ് മോഡി (1982), പി കശ്യപ് (2014) എന്നിവരാണ് ഇതിനുമുമ്പ് സ്വർണം നേടിയത്. ഡബിൾസിൽ ചരിത്രനേട്ടമായിരുന്നു. സാത്വികും ചിരാഗും നിലവിലെ ചാമ്പ്യന്മാരായ ഇംഗ്ലണ്ടിനെ തകർത്തു. ബെൻ ലെയ്ൻ–സീൻ വെൻഡി സഖ്യത്തെ നേരിട്ടുള്ള ഗെയിമുകളിലാണ് ഇരുവരും കീഴടക്കിയത് (21–15, 21–13).   Read on deshabhimani.com

Related News