വീണ്ടും പാലക്കാട് ; ട്രാക്കും ഫീൽഡും അടക്കിഭരിച്ചു

സ്കൂൾ കായികമേളയിൽ ഓവറോൾ ചാമ്പ്യന്മാരായ പാലക്കാട് ജില്ലാ ടീം ട്രോഫിയുമായി ഫോട്ടോ: സുമേഷ് കോടിയത്ത്


തിരുവനന്തപുരം എതിരാളികളില്ലാത്ത കുതിപ്പ്‌. ട്രാക്കും ഫീൽഡും അടക്കിഭരിച്ചു. സംസ്ഥാന സ്‌കൂൾ കായികോത്സവത്തിന്റെ 64–-ാം പതിപ്പിൽ പാലക്കാടിന്‌ കിരീടം. കൗമാരത്തിന്റെ  കുതിപ്പും കരുത്തും വിളിച്ചോതിയ മേളയിൽ 32 സ്വർണവും 21 വെള്ളിയും 18 വെങ്കലവുമടക്കം 269 പോയിന്റ്‌ പാലക്കാട്‌ സ്വന്തമാക്കി. നേട്ടം തുടർച്ചയായ രണ്ടാംതവണ. തൊട്ടടുത്ത എതിരാളികളേക്കാൾ 120 പോയിന്റ്‌ കൂടുതൽ നേടി ആധികാരികമായാണ്‌ കിരീടത്തിൽ മുത്തമിട്ടത്‌. 13 സ്വർണവും 17വെള്ളിയും 14 വെങ്കലവുമായി മലപ്പുറം രണ്ടാമതെത്തി (149 പോയിന്റ്‌). എട്ട്‌ സ്വർണവും 16 വീതം വെള്ളിയും വെങ്കലവും നേടി കോഴിക്കോട്‌ മൂന്നാമതും (122), ഏഴ്‌ സ്വർണവും 14 വെള്ളിയും ആറ്‌ വെങ്കലവുമായി കോട്ടയം (89) നാലാമതുമാണ്‌. ദീർഘകാലം കിരീടം കൈവശംവച്ച എറണാകുളം അഞ്ചാമതാണ്‌ (81). 74 പോയിന്റുമായി തൃശൂർ ആറാമതെത്തി. പതിവ്‌ പ്രതീക്ഷകളുമായി എത്തിയവരെയെല്ലാം അട്ടിമറിച്ച്‌ മലപ്പുറം കടകശേരി ഐഡിയൽ ഇഎച്ച്‌എസ്‌എസ്‌ (66) മികച്ച സ്‌കൂളായി. കല്ലടി എച്ച്‌എസ്‌ കുമരംപൂത്തൂർ (54) രണ്ടും പൂല്ലൂരാംപാറ സെന്റ്‌ ജോസഫ്‌സ്‌ എച്ച്‌എസ്‌എസ്‌ (42) മൂന്നും പറളി എച്ച്‌എസ്‌എസ്‌ (41) നാലാം സ്ഥാനവും നേടി. കഴിഞ്ഞതവണ ചാമ്പ്യന്മാരായ കോതമംഗലം മാർബേസിൽ സ്‌കൂൾ അഞ്ചാമതായി. മികച്ച സ്‌പോർട്‌സ്‌ ഹോസ്‌റ്റൽ തിരുവനന്തപുരം ജിവി രാജ സ്‌കൂൾ (24). നാട്ടിക ഗവ. ഫിഷറീസ്‌ സ്‌കൂളിലെ ഇ എസ്‌ ശിവപ്രിയ (സീനിയർ), ചിറ്റൂർ ഗവ. എച്ച്‌എസ്‌എസിലെ ജെ ബിജോയ്‌ (ജൂനിയർ), പാലക്കാട്‌ കൊടുവായൂർ ജിഎച്ച്‌എസ്‌എസിലെ നിവേദ്യ കലാധർ (സബ്‌ ജൂനിയർ) എന്നിവർ ട്രിപ്പിൾ സ്വർണം നേടി. മേളയിൽ ആറ്‌ റെക്കോഡ്‌ മാത്രമാണ്‌ പിറന്നത്‌. കായികോത്സവത്തിന്റെ സമാപനം മന്ത്രി വി ശിവൻകുട്ടി ഉദ്‌ഘാടനംചെയ്‌തു. Read on deshabhimani.com

Related News