ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ അഴ്സണൽ മിന്നി



ലണ്ടൻ ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ അഴ്സണലിന് മിന്നുന്ന ജയം. ബോണിമൗത്തിനെതിരെ അവസാന നിമിഷം അഴ്സണൽ 3–2ന് ജയം സ്വന്തമാക്കി. രണ്ട് ഗോളിന് പിന്നിട്ടുനിന്നശേഷമായിരുന്നു മെെക്കേൽ അർടേറ്റയുടെ സംഘത്തിന്റെ അവിശ്വസനീയ തിരിച്ചുവരവ്. തോമസ് പാർട്ടിയും ബെൻ വെെറ്റും അഴ്സണലിനായി ഗോളടിച്ചു. പരിക്കുസമയത്തിന്റെ അവസാന നിമിഷം നെൽസനാണ് വിജയഗോൾ നേടിയത്. മറ്റൊരു മത്സരത്തിൽ ഫിൽ ഫോദെൻ മാഞ്ചസ്‌റ്റർ സിറ്റിയെ കാത്തു. ന്യൂകാസിൽ യുണൈറ്റഡിനെ രണ്ട് ഗോളിന്‌ തോൽപ്പിച്ച്‌ മാഞ്ചസ്‌റ്റർ സിറ്റി അഴ്‌സണലിന്‌ സമ്മർദം നൽകി. ഫോദെനും പകരക്കാരനായെത്തിയ ബെർണാഡോ സിൽവയുമായാണ്‌ സിറ്റിക്കായി ഗോളടിച്ചത്‌. ഒരുഘട്ടത്തിൽ പോയിന്റ്‌ പട്ടികയിൽ ആദ്യ നാലിൽ ഉൾപ്പെട്ട ന്യൂകാസിലിന്‌ ആ മികവ്‌ നിലനിർത്താനായില്ല. അഞ്ചാമതാണ്‌ അവർ. നാലാമതുള്ള ടോട്ടനം ഹോട്‌സ്‌പറിനേക്കാൾ നാല്‌ പോയിന്റ്‌ പിന്നിൽ. ന്യൂകാസിലിനെതിരെ തുടക്കത്തിൽ എർലിങ്‌ ഹാലണ്ടും കെവിൻ ഡി ബ്രയ്‌നും താളംകിട്ടാതെ വലഞ്ഞപ്പോൾ ഫോദെനായിരുന്നു സിറ്റി ആക്രമണനിരയെ നയിച്ചത്‌. റോഡ്രിയുടെ ലോങ്‌ പാസ്‌ സ്വീകരിച്ച്‌ ബോക്‌സിലേക്ക്‌ കുതിച്ച ഫോദനെ തടയാൻ ന്യൂകാസിൽ പ്രതിരോധത്തിന്‌ കഴിഞ്ഞില്ല. ഗോൾകീപ്പറും നിസ്സഹായനായി. രണ്ടാംപകുതിയിൽ ഹാലണ്ട്‌ ഒരുക്കിയ അവസരത്തിൽ സിൽവ ലക്ഷ്യം കണ്ടതോടെ സിറ്റി ജയം ഉറപ്പാക്കി. ഇരുപത്താറ് മത്സരം പൂർത്തിയായപ്പോൾ 63 പോയിന്റുമായി അഴ്സണൽ ഒന്നാമത് തുടരുകയാണ്. സിറ്റിക്ക് 58 പോയിന്റ്. ടോട്ടനത്തെ വൂൾവ്സ് 1–0ന് തോൽപ്പിച്ചു. ചെൽസി ഒരു ഗോളിന് ലീഡ്സിനെയും തോൽപ്പിച്ചു. ഇന്ന്‌ മാഞ്ചസ്‌റ്റർ യുണൈറ്റഡും ലിവർപൂളും ഏറ്റുമുട്ടും. Read on deshabhimani.com

Related News