എംജി അത്‌ലറ്റിക്‌ മീറ്റ്‌ : പാലാ അൽഫോൻസയും 
കോതമംഗലം എംഎ കോളേജും മുന്നിൽ

പുരുഷ വിഭാഗം ഹൈജന്പില്‍ കെ എം ശ്രീകാന്ത് സ്വര്‍ണത്തിലേക്ക് (എംഎ കോളേജ്, കോതമംഗലം)


പാലാ എംജി സർവകലാശാല അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ ട്രാക്കും ഫീൽഡും ഉണർന്ന രണ്ടാംദിനം 19 ഇനങ്ങൾകൂടി പൂർത്തിയായപ്പോൾ വനിതാവിഭാഗത്തിൽ പാലാ അൽഫോൻസയും പുരുഷവിഭാഗത്തിൽ കോതമംഗലം എംഎ കോളേജും മുന്നിലെത്തി. റെക്കോഡുകൾ ഒഴിഞ്ഞ രണ്ടാംദിനം നിലവിലെ ചാമ്പ്യന്മാരായ എംഎ കോളേജ് എട്ട്‌ സ്വർണമടക്കം 100 പോയിന്റ്‌ നേടി. വനിതാ വിഭാഗത്തിൽ കഴിഞ്ഞ തവണത്തെ രണ്ടാം സ്ഥാനക്കാരായ പാലാ അൽഫോൻസാ നാല്‌ സ്വർണമടക്കം 72 പോയിന്റ്‌ നേടിയാണ്‌ മുന്നിലെത്തിയത്‌. ഈ വിഭാഗത്തിൽ നിലവിലുള്ള ചാമ്പ്യൻമാരായ എംഎ കോളേജ് നാല്‌ സ്വർണമുൾപ്പെടെ 69 പോയിന്റുമായി തൊട്ടുപിന്നിലുണ്ട്‌. പുരുഷവിഭാഗത്തിൽ  കാഞ്ഞിരപ്പള്ളി സെന്റ്‌ ഡൊമിനിക്സ്‌ 45 പോയിന്റുമായി രണ്ടാമതാണ്‌. ചങ്ങനാശേരി എസ്ബി കോളേജ് 43 പോയിന്റുമായി മൂന്നാം സ്ഥാനത്തും പാലാ സെന്റ്‌ തോമസ്‌ കോളേജ്‌ 17 പോയിന്റുമായി നാലാമതുമാണ്‌. വനിതാവിഭാഗത്തിൽ ചങ്ങനാശേരി അസംപ്ഷൻ കോളേജാണ്‌ മൂന്നാമത്‌. 34 പോയിന്റ്‌. എറണാകുളം മഹാരാജാസ്‌ കോളേജ്‌ 13 പോയിന്റുമായി  നാലാം സ്ഥാനത്തുണ്ട്‌. സോഫിയയും ആൽബർട്ടും വേഗതാരങ്ങൾ എംജി സർവകലാശാല അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ സോഫിയയും ആൽബർട്ടും വേഗതാരങ്ങളായി. പുരുഷന്മാരുടെ നൂറ്‌ മീറ്ററിൽ ഒന്നാമതെത്തിയ ആൽബർട്ട് ജെയിംസ് പൗലോസ് കോതമംഗലം എംഎ കോളേജിലെ മൂന്നാം വർഷ ബിഎ ഇംഗ്ലീഷ് വിദ്യാർഥിയാണ്. അടിമാലി മില്ലുംപടി കുറ്റിയാനിക്കൽ കെ പി ജയിംസിന്റെയും ലയയുടെയും മകനാണ്. ഇതുവരെ 400 മീറ്ററിൽ മത്സരിച്ച ആൽബർട്ട് ആദ്യമായാണ് 100 മീറ്ററിൽ ഇറങ്ങിയത്. തിങ്കളാഴ്ച 200 മീറ്ററിലും മത്സരിക്കും. സംസ്ഥാന സ്കൂൾ മീറ്റിൽ 100 മീറ്ററിൽ ജേതാവായ സോഫിയ സണ്ണി അഞ്ചുവർഷത്തെ ഇടവേളയ്‌ക്ക് ശേഷമാണ് ട്രാക്കിൽ മടങ്ങിയെത്തിയത്. തിരിച്ചുവരവ് ആവിസ്മരണീയമാക്കി 100 മീറ്ററിൽ സ്വർണം നേടി. തിങ്കളാഴ്ച 200 മീറ്ററിലും മത്സരിക്കും. പാലാ അൽഫോൻസ കോളേജിലെ എംഎ പൊളിറ്റിക്കൽ സയൻസ്‌ ഒന്നാംവർഷ വിദ്യാർഥിയാണ്. രാജകുമാരി കണ്ടത്തിൻകരയിൽ സണ്ണിയുടെയും സിസിലിയുടെയും മകളാണ്. സമാപനം ഇന്ന്‌ നാൽപതാമത്‌ എംജി സർവകലാശാല അത്‌ലറ്റിക്‌ മീറ്റ്‌ തിങ്കളാഴ്‌ച സമാപിക്കും. പാലാ മുനിസിപ്പൽ സ്റ്റേഡിയത്തിൽ സർവകലാശാല സിൻഡിക്കറ്റംഗം ഡോ. എ ജോസ് ഞായറാഴ്‌ച രാവിലെ മേള ഉദ്‌ഘാടനം ചെയ്‌തു. ഡോ. ബിനു ജോർജ് വർഗീസ് അധ്യക്ഷനായി. ഒളിമ്പ്യൻ മേഴ്‌സിക്കുട്ടൻ പങ്കെടുത്തു. സിൻഡിക്കറ്റംഗം ഡോ. ബിജു തോമസ് മുഖ്യപ്രഭാഷണം നടത്തി. അൽഫോൻസാ കോളേജ് ബർസാർ ഫാ. ജോസ് ജോസഫ്, പാലാ അൽഫോൻസാ കോളേജ് പ്രിൻസിപ്പൽ ഡോ. സിസ്റ്റർ. റെജിനാമ്മ ജോസഫ്, അൽഫോൻസാ കോളേജ് കായികവിഭാഗം മേധാവി ഡോ. തങ്കച്ചൻ മാത്യു എന്നിവർ സംസാരിച്ചു. Read on deshabhimani.com

Related News