തന്ത്രം ഒന്ന്‌: പകരക്കാര്‍, കരുത്ത്

അര്‍ജന്റീനക്കെതിരായ ഗോള്‍ നേട്ടം ആഘോഷിക്കുന്ന സൗദി താരങ്ങള്‍ image credit Saudi National Team twitter


ദോഹ കടലാസിൽ പുലികളായ വമ്പൻ ടീമുകളെല്ലാം തോറ്റോടിയ കാഴ്ചയാണ്‌ ഖത്തറിൽ. അഞ്ചുവട്ടം ചാമ്പ്യൻമാരായ ബ്രസീൽമുതൽ ജർമനി, അർജന്റീന, സ്‌പെയ്‌ൻ, ബൽജിയം, ഫ്രാൻസ്‌, പോർച്ചുഗൽ എന്നിവരെല്ലാം തോൽവി രുചിച്ചു. ഇതിൽ ജർമനിയും ബൽജിയവും ആദ്യ റൗണ്ടിൽത്തന്നെ മടങ്ങി. മികച്ച താരങ്ങൾ, വ്യക്തമായ കളിശൈലിയും പദ്ധതിയും. എന്നിട്ടും എന്തുകൊണ്ട്‌ ഈ വൻമരങ്ങൾ കടപുഴകിയെന്ന ചോദ്യത്തിന്‌ ഉത്തരം രണ്ടാണ്‌. ശാരീരികക്ഷമതയും പകരക്കാരും. രണ്ടാംപകുതിയാണ്‌ തന്ത്രങ്ങളുടെ വേദി. അർജന്റീനയെ അട്ടിമറിച്ച്‌ സൗദി അറേബ്യയാണ്‌ മാതൃകയ്‌ക്ക്‌ തുടക്കമിട്ടത്‌. ആദ്യപകുതിയിൽ ഒരുഗോളിന്‌ പിന്നിട്ടുനിന്നു സൗദി. അതുവരെ പ്രതിരോധിച്ചുകളിച്ച ഏഷ്യൻ ടീം ഇടവേളയ്ക്കുശേഷം ശൈലി മാറ്റി. ശാരീരികക്ഷമതയും കരുത്തും ഉപയോഗപ്പെടുത്തി ആക്രമണക്കളി പുറത്തെടുത്തു. ഇതിൽ പിടിച്ചുനിൽക്കാൻ അർജന്റീനയ്‌ക്കായില്ല. ഒരുസമയംപോലും എതിരാളിക്ക്‌ നിലയുറപ്പിക്കാനുള്ള അവസരം നൽകാതെയുള്ള വേഗതയേറിയ കളിയായിരുന്നു സൗദി ആവിഷ്‌കരിച്ചത്‌. രണ്ടാമത്തെ 45 മിനിറ്റിൽ ലയണൽ മെസിയും സംഘവും കീഴടങ്ങി. അവസാനം 20 മിനിറ്റിൽ ഓടിത്തളർന്ന അർജന്റീനയെയായിരുന്നു കളത്തിൽ കണ്ടത്‌. ജർമനിക്കെതിരെ ജപ്പാൻ ശാരീരികക്ഷമതയ്‌ക്കൊപ്പം മറ്റൊരു ആയുധംകൂടി പുറത്തെടുത്തു. പകരക്കാരെ കൃത്യമായി ഉപയോഗപ്പെടുത്തി. കോവിഡിനുശേഷം അഞ്ച്‌ പകരക്കാരെയാണ്‌ ഫിഫ അനുവദിക്കുന്നത്‌. ആദ്യം മൂന്നായിരുന്നു. ജർമനിയോട്‌ ആദ്യപകുതി പതുങ്ങിയ ജപ്പാൻ രണ്ടാംപകുതി തനിനിറം കാട്ടി. പകരക്കാരായ റിറ്റ്‌സു ദൊയാനും താകുമോ അസാനോയും ലക്ഷ്യംകണ്ടു. ജർമനിയുടെ കാലുകളിൽ പന്ത്‌ എത്തുമ്പോഴെല്ലാം അതിവേഗം തിരിച്ചുപിടിച്ചു. ആദ്യ 11ൽ പ്രധാനികളായ ഒന്നോ രണ്ടോ കളിക്കാരെ ഉൾപ്പെടുത്താതെയാണ്‌ കോച്ച്‌ ഹജിമെ മൊറിയാസു ജപ്പാനെ അണിനിരത്തിയത്‌. ഇടവേളകഴിഞ്ഞ്‌ പുത്തൻ ഊർജവുമായി ഇവർ പുതിയ തന്ത്രത്തിന്റെ ഭാഗമാകും. സ്‌പെയ്‌നിനെതിരെയും ഇതേ പദ്ധതി കൃത്യമായി നടപ്പാക്കി. റിറ്റ്‌സു പകരക്കാരനായെത്തി വീണ്ടും ഗോളടിച്ചു. ഫ്രാൻസിനെതിരെ ടുണീഷ്യയും ബ്രസീലിനെതിരെ കാമറൂണും ശാരീരിക കരുത്തിലാണ്‌ മുന്നേറിയത്‌. തളരാതെ മുഴുവൻ സമയവും ആഫ്രിക്കൻ പോരാളികൾ കളംവാണു. Read on deshabhimani.com

Related News