റയലിന്‌ അടിതെറ്റി ; ബെൻസെമ പെനൽറ്റി പാഴാക്കി



മാഡ്രിഡ്‌ റയൽ മാഡ്രിഡിന്റെ വിജയക്കുതിപ്പിന്‌ ഓസാസുന തടയിട്ടു. സ്‌പാനിഷ്‌ ഫുട്‌ബോൾ ലീഗിൽ ഓസാസുനയാണ്‌ റയലിനെ തളച്ചത്‌ (1–-1). സ്വന്തംതട്ടകമായ സാന്റിയാഗോ ബെർണബ്യൂവിൽ വിജയം ചൂടാനുള്ള അവസരം റയലിനുണ്ടായി. 79–-ാംമിനിറ്റിൽ ക്യാപ്‌റ്റൻ കരീം ബെൻസെമ പെനൽറ്റി തുലച്ചു. സീസണിൽ ആദ്യമായാണ്‌ റയൽ ജയമില്ലാതെ മടങ്ങുന്നത്‌. റയൽ കുരുങ്ങിയതോടെ മയ്യോർക്കയെ ഒരു ഗോളിന്‌ തോൽപ്പിച്ച ബാഴ്‌സലോണ പട്ടികയിൽ ഒന്നാമതെത്തി. ഇരുടീമുകൾക്കും ഏഴ്‌ കളിയിൽ 19 പോയിന്റാണ്‌. എന്നാൽ, ഗോൾശരാശരി ബാഴ്‌സയ്‌ക്ക്‌ തുണയായി. ഒക്‌ടോബർ 16നാണ്‌ ആദ്യ എൽ ക്ലാസികോ. പത്തുപേരുമായാണ്‌ ഒസാസുന കളി അവസാനിപ്പിച്ചത്‌. വിനീഷ്യസ്‌ ജൂനിയറിന്റെ ഗോളിൽ റയലാണ്‌ ലീഡ്‌ എടുത്തത്‌. എന്നാൽ, രണ്ടാംപകുതിയുടെ തുടക്കം കികെ ഗാർഷ്യ ഒസാസുനയെ ഒപ്പമെത്തിച്ചു. ബെൻസെമയെ വീഴ്‌ത്തിയതിന്‌ ഡേവിഡ്‌ ഗാർഷ്യ ചുവപ്പ്‌ കാർഡ്‌ കണ്ട്‌ പുറത്തായതോടെയാണ്‌ റയലിന്‌ പെനൽറ്റി ലഭിച്ചത്‌. പക്ഷേ, പരിക്കുമാറി കളത്തിൽ എത്തിയ വിശ്വസ്തനായ ബെൻസെമയ്‌ക്ക്‌ ഉന്നംതെറ്റി. റോബർട്ട്‌ ലെവൻഡോവ്‌സ്‌കിയുടെ ഗോളിലാണ്‌ ബാഴ്‌സ മയ്യോർക്കയെ മറികടന്നത്‌. Read on deshabhimani.com

Related News