‘നെയ്‌മറെ പറ്റില്ല’ ; ബാഴ്‌സയുടെ സാമ്പത്തികനില മോശമെന്ന്‌ ബർതോമ്യു



 - നൗകാമ്പ്‌ ബാഴ്‌സലോണയിലേക്കുള്ള നെയ്‌മറുടെ തിരിച്ചുവരവ്‌ സാധ്യത മങ്ങുന്നു. നെയ്‌മറെ വൻതുക മുടക്കി കൊണ്ടുവരാനുള്ള സാമ്പത്തികസ്ഥിതി ക്ലബ്ബിനില്ലെന്ന്‌ ബാഴ്‌സ പ്രസിഡന്റ്‌ ജോസെപ്‌ മരിയ ബർതോമ്യു പറഞ്ഞു. ഇന്റർ മിലാൻ സ്‌ട്രൈക്കർ ലൗതാരോ മാർട്ടിനെസും ഈ സീസണിൽ ബാഴ്‌സയിലേക്കുണ്ടാകില്ല. ലോകത്തെ സാമ്പത്തികസ്ഥിതി കോവിഡ്‌ കാരണം തകർന്നിരിക്കുകയാണ്‌. ഫുട്‌ബോളിൽ എല്ലാ വമ്പൻ ക്ലബ്ബുകളെയും ഇത്‌ ബാധിച്ചു. ചെറിയ കാലത്തേക്കല്ല, മൂന്നോ നാലോ വർഷങ്ങൾവരെ പ്രതിസന്ധി നീണ്ടേക്കും–- ബർതോമ്യു ഒരു സ്‌പാനിഷ്‌ പത്രവുമായുള്ള അഭിമുഖത്തിനിടെ പറഞ്ഞു. മാർച്ചിനും ജൂണിനും ഇടയിൽ ബാഴ്‌സയ്‌ക്ക്‌ ഏകദേശം 1700 കോടി രൂപയുടെ നഷ്ടമുണ്ടായതാണ്‌ വിലയിരുത്തൽ. 2017ലാണ്‌ നെയ്‌മർ ബാഴ്‌സ വിട്ട്‌ വൻതുകയ്‌ക്ക്‌ ഫ്രഞ്ച്‌ ക്ലബ് പിഎസ്‌ജിയിലേക്ക്‌ കൂടുമാറിയത്‌. എന്നാൽ കഴിഞ്ഞ രണ്ട്‌ വർഷമായി നെയ്‌മറെ തിരിച്ചുവരുത്താനുള്ള ശ്രമത്തിലായിരുന്നു ബാഴ്‌സ. നെയ്‌മർക്കും മടങ്ങാൻ താൽപ്പര്യമുണ്ടായി. എന്നാൽ പിഎസ്‌ജി ആവശ്യപ്പെടുന്ന തുക മുടക്കാൻ ബാഴ്‌സ വിസമ്മതിച്ചു. ഈ സാഹചര്യത്തിൽ നെയ്‌മറെ പിഎസ്‌ജി വിൽക്കുമെന്ന്‌ കരുതുന്നില്ലെന്നും ബർതോമ്യു പ്രതികരിച്ചു. മാർട്ടിനെസിനുവേണ്ടി ഇന്ററുമായി ചർച്ച നടത്തിയിരുന്നു. എന്നാൽ കോവിഡ്‌ പടർന്നതോടെ ചർച്ച അവസാനിപ്പിച്ചു. ചാമ്പ്യൻസ്‌ ലീഗ്‌ കളിക്കാൻ വിസമ്മതിച്ച ആർതറിനെതിരെ അച്ചടക്കനടപടിയുണ്ടാകുമെന്ന്‌ ബാഴ്‌സ പ്രസിഡന്റ്‌ വ്യക്തമാക്കി. യുവന്റസിലേക്ക്‌ ചേക്കേറുന്ന ആർതർ ബാഴ്‌സയ്‌ക്കായി ചാമ്പ്യൻസ്‌ ലീഗിൽ കളിക്കില്ലെന്ന്‌ അറിയിച്ചിരുന്നു. ആർതർ ടീമിനൊപ്പമില്ല. അതിനിടെ ബർതോമ്യുവിനെതിരെ കളിക്കാർക്കിടയിൽ അസ്വാരസ്യമുണ്ട്‌. ഈ സീസണിൽ ഇതുവരെ ഒരു കിരീടവും ക്ലബ്ബിന്‌ കിട്ടിയില്ല. ചാമ്പ്യൻസ്‌ ലീഗിലാണ്‌ ഇനി പ്രതീക്ഷ. രണ്ടാംപാദ പ്രീ ക്വാർട്ടറിൽ ഏഴിന്‌ നാപോളിയെ നേരിടും.‌ Read on deshabhimani.com

Related News