റയൽ അപകടത്തിൽ ; നോക്കൗട്ട്‌ പ്രതീക്ഷകൾക്കുമേൽ കരിനിഴൽ



മാഡ്രിഡ്‌ ചാമ്പ്യൻസ്‌ ലീഗ്‌ ഫുട്‌ബോളിൽ റയൽ മാഡ്രിഡ്‌ അപകടമുഖത്ത്‌. ഗ്രൂപ്പ്‌ ബിയിൽ ഷക്താർ ഡൊണെസ്‌തക്കിനോട്‌ രണ്ടാംതവണയും തോറ്റതോടെ മുൻ ചാമ്പ്യൻമാരുടെ നോക്കൗട്ട്‌ പ്രതീക്ഷകൾക്കുമേൽ കരിനിഴൽ വീണു. ഒരുകളി ശേഷിക്കെ ഗ്രൂപ്പിൽ മൂന്നാമതാണ്‌ റയൽ. അടുത്തകളിയിൽ ഒന്നാമതുള്ള ബൊറൂസിയ മോൺചെൻഗ്ലാദ്‌ബായുമായാണ്‌ കളി. ജയം മാത്രമേ റയലിനെ രക്ഷിക്കുകയുള്ളൂ. മോൺചെൻഗ്ലാദ്‌ബായെ 3–-2ന്‌ തോൽപ്പിച്ച്‌ ഇന്റർ മിലാനും നോക്കൗട്ട്‌ സാധ്യത സജീവമാക്കി. ഗ്രൂപ്പ്‌ ബിയിൽ ഗ്ലാദ്‌ബാ (8), ഷക്താർ (7), റയൽ (7), ഇന്റർ (5) ടീമുകൾക്ക്‌ തുല്യസാധ്യതയാണുള്ളത്‌. അവസാന റൗണ്ടിൽ റയൽ ഗ്ലാദ്‌ബായെ നേരിടുമ്പോൾ ഇന്ററും ഷക്താറും തമ്മിൽ കളിക്കും. റയലിനെതിരെ ഷക്താറിനായി ഡെൻടിന്യോ, മനോർ സോളമൊൻ എന്നിവർ ഗോളടിച്ചു. ഗ്രൂപ്പ്‌ എയിൽ അത്‌ലറ്റികോ മാഡ്രിഡ്‌–-ബയേൺ മ്യൂണിക്ക്‌ മത്സരം 1–-1ന്‌ അവസാനിച്ചു. ഗ്രൂപ്പ്‌ സിയിൽ മാഞ്ചസ്‌റ്റർ സിറ്റി–-എഫ്‌സി പോർട്ടോ മത്സരം ഗോളില്ലാതെയാണ്‌ അവസാനിച്ചത്‌. ഗ്രൂപ്പ്‌ ഡിയിൽ അയാക്‌സിനെ ഒരു ഗോളിന്‌ തോൽപ്പിച്ച്‌ ലിവർപൂൾ പ്രീ ക്വാർട്ടറിൽ എത്തി. Read on deshabhimani.com

Related News