സുവർണനിരയ്ക്ക്‌ മടങ്ങാം ; ബൽജിയം പുറത്ത്‌ ; ഗ്രൂപ്പ്‌ ചാമ്പ്യൻമാരായി 
മൊറോക്കോ പ്രീക്വാർട്ടറിൽ

image credit FIFA WORLD CUP twitter


എല്ലാ വിശേഷണങ്ങളും അവസാനിപ്പിച്ച്‌ ബൽജിയത്തിന്റെ സുവർണനിരയ്ക്ക്‌ മടങ്ങാം. റൊമേലു ലുക്കാക്കു, ഏദെൻ ഹസാർഡ്‌, കെവിൻ ഡി ബ്രയ്‌ൻ എന്നിവർ ഉൾപ്പെട്ട സുവർണനിര ലോകകപ്പ്‌ നേടാതെ ബൂട്ടഴിച്ചുവെന്ന്‌ ചരിത്രം രേഖപ്പെടുത്തും. കഴിഞ്ഞതവണ റഷ്യയിൽ മൂന്നാംസ്ഥാനമായിരുന്നു. പലതവണ ഗോളിന്‌ അരികിലെത്തിയെങ്കിലും റണ്ണറപ്പായ ക്രൊയേഷ്യയെ നിർണായക കളിയിൽ മറികടക്കാനായില്ല. മത്സരം ഗോളില്ലാ സമനില. ക്രൊയേഷ്യക്ക്‌ റഫറി പെനൽറ്റി അനുവദിച്ചെങ്കിലും വീഡിയോ പരിശോധനയിൽ ഓഫ്‌സൈഡെന്ന്‌ വ്യക്തമായി. മുപ്പത്താറ്‌ വർഷത്തിനുശേഷം ലോകകപ്പിനെത്തിയ ക്യാനഡയെ ഒന്നിനെതിരെ രണ്ട്‌ ഗോളിന്‌ കീഴടക്കി ആഫ്രിക്കൻ മേൽവിലാസമുള്ള മൊറോക്കോ ഗ്രൂപ്പ്‌ എഫിൽ ഏഴ്‌ പോയിന്റോടെ ഒന്നാമതായി പ്രീക്വാർട്ടറിലെത്തി. 1986ന്‌ ശേഷം ആദ്യമായാണ്‌ അവസാന പതിനാറിലെത്തുന്നത്‌. ഹക്കീം സിയെച്ചും യൂസഫ്‌ എൻ നെസ്‌രിയും ഗോളടിച്ചു. ക്യാനഡയ്ക്ക്‌ മൊറോക്കോയുടെ ദാനമായിരുന്നു ആശ്വാസഗോൾ. മൊറോക്കോ പ്രതിരോധക്കാരൻ നയീഫ്‌ അഗുയേർദിന്റെ കാലിൽതട്ടി പന്ത്‌ വലയിൽകയറി. മൂന്നും തോറ്റാണ്‌ ക്യാനഡ മടങ്ങുന്നത്‌. ക്രൊയേഷ്യ അഞ്ച്‌ പോയിന്റോടെ ഗ്രൂപ്പിൽ രണ്ടാമതായി. ബൽജിയത്തിന്‌ നാല്‌ പോയിന്റ്‌. ഗ്രൂപ്പ്‌ മത്സരങ്ങൾ ഇന്ന്‌ അവസാനിക്കും. പ്രീക്വാർട്ടർ നാളെ തുടങ്ങും. Read on deshabhimani.com

Related News