തോൽവിയിലും പോളിഷ്‌ ചിരി; ജയത്തിലും കണ്ണീരായി മെക്‌സിക്കോ



ദോഹ സ്‌റ്റേഡിയം 974ൽ അർജന്റീന–-പോളണ്ട്‌ പോരാട്ടം. കളി അവസാന മിനിറ്റിലേക്ക്‌. അർജന്റീനക്കാരാൽ തിങ്ങിനിറഞ്ഞ ഗ്യാലറിയിൽ എണ്ണത്തിൽ കുറവായ പോളിഷ്‌ ആരാധകരുമുണ്ടായിരുന്നു. അവരാരും മൈതാനത്തെ സ്വന്തംടീമിന്റെ കളി കാണുകയായിരുന്നില്ല. തലുകുനിച്ച്‌, ആകാംക്ഷയോടെ മെക്‌സിക്കോ–-സൗദി അറേബ്യ മത്സരം എന്തായി എന്ന്‌ പരിശോധിക്കുന്ന തിരക്കിലായിരുന്നു. സ്‌റ്റേഡിയം 974ൽനിന്ന്‌ 29 കിലോമീറ്റർ അപ്പുറും ലുസെയ്‌ൽ സ്‌റ്റേഡിയത്തിലായിരുന്നു ഗ്രൂപ്പ്‌ സിയിലെ മറ്റൊരു നിർണായക പോരാട്ടം. ഇരുമത്സരവും ഒരേസമയം. അർജന്റീനയ്‌ക്ക്‌ പിറകിൽ രണ്ടാംസ്ഥാനക്കാരായി മുന്നേറാൻ പോളണ്ടും മെക്‌സിക്കോയും. രണ്ടാംപകുതിയായിരുന്നു ആവേശവും നാടകീയതയും നിറഞ്ഞ നിമിഷങ്ങൾ. ലോകകപ്പ്‌ ചരിത്രത്തിൽത്തന്നെ ഒരു ഗ്രൂപ്പ്‌ മത്സരവും ഇങ്ങനെ കടന്നുപോയിട്ടില്ല. കളിക്കുമുമ്പുള്ള കണക്കുകൾ ഇങ്ങനെയായിരുന്നു. ഒന്നാംസ്ഥാനത്തുണ്ടായിരുന്ന പോളണ്ടിന്‌ ജയമോ സമനിലയോ മതി. അർജന്റീനയ്‌ക്ക്‌ ജയിച്ചാൽ കടക്കാം. സമനിലയായാൽ മെക്‌സിക്കോ–-സൗദി ഫലത്തെ ആശ്രയിക്കണം. സൗദിക്ക്‌ ജയിച്ചാൽ ഉറപ്പിക്കാം. മെക്‌സിക്കോയ്‌ക്ക്‌ ജയിച്ചാലും മറ്റ്‌ ഫലങ്ങളെ ആശ്രയിക്കണം. ഗോളില്ലാത്ത ആദ്യപകുതിയിൽ എല്ലാം പഴയതുപോലെയായിരുന്നു. പോളണ്ടും അർജന്റീനയും കടക്കും എന്നായി. ഇടവേള കഴിഞ്ഞ്‌ കളിക്ക്‌ ചൂടുപിടിച്ചു. 46–-ാംമിനിറ്റിൽ അലെക്‌സിസ്‌ മക്‌ അല്ലിസ്റ്റർ അർജന്റീനയെ മുന്നിലെത്തിച്ചു. ഇതോടെ അർജന്റീന ഗ്രൂപ്പിൽ ഒന്നാംസ്ഥാനത്തേക്ക്‌ കയറി. സൗദിക്കെതിരെ നാല്‌ ഗോളിന്‌ ജയിച്ചാൽ മെക്‌സിക്കോയ്‌ക്ക്‌ സാധ്യതയായി. ഹെൻറി മാർട്ടിനിലൂടെയും ലൂയിസ്‌ ഷാവേസിലൂടെയും മെക്‌സിക്കോ 52 മിനിറ്റിനുള്ളിൽ രണ്ട്‌ ഗോളിന്‌ മുന്നിലെത്തി. ഇതിനിടെ ജൂലിയൻ അൽവാരസ്‌ അർജീന്റനയുടെ രണ്ടാംഗോൾ കുറിച്ചിരുന്നു. രണ്ട്‌ ഗോൾകൂടി നേടിയാൽ മെക്‌സിക്കോ മുന്നേറുമെന്നായി. പക്ഷേ, സൗദി പ്രതിരോധം കടക്കാൻ അവർക്കായില്ല. പരിക്കുസമയം സലേം അൽ ദോസരി സൗദിക്കായി ഒരെണ്ണം തിരിച്ചടിച്ചതോടെ മെക്‌സിക്കോ പ്രതീക്ഷ കൈവിട്ടു. സൗദി തിരിച്ചടിച്ചില്ലായിരുന്നെങ്കിൽ പോളണ്ടിനും മെക്‌സിക്കോയ്‌ക്കും പോയിന്റും ഗോൾവ്യത്യാസവും ഒരുപോലെയാകുമായിരുന്നു. എങ്കിലും പോളണ്ടാകുമായിരുന്നു പ്രീ ക്വാർട്ടർ കാണുക. മഞ്ഞ കാർഡ്‌ കുറവ്‌ വാങ്ങിയ കണക്കായിരുന്നു പിന്നീടുള്ള മാനദണ്ഡം. ഇതിലും പോളിഷുകാർക്കായിരുന്നു ആധിപത്യം. Read on deshabhimani.com

Related News